കൊടുങ്കാറ്റിൽ അകപ്പെട്ടു പോയ ശിഷ്യന്മാർ അനുഭവിച്ച ഭയം ഇന്ന് മനുഷ്യരാശി ഒന്നടങ്കം അനുഭവിക്കുകയാണെന്ന വാക്കുകളോടെയാണ്, കാസൽ ഗന്ധോൽഫോയിലെ ബോർഗോ ലൗദാത്തോ സി പ്രദേശത്തു ലിയോ പതിനാലാമൻ മാർപാപ്പാ, ഇന്ന് അർപ്പിച്ച വിശുദ്ധ ബലി മദ്ധ്യേ നൽകിയ വചനസന്ദേശം ആരംഭിച്ചത്.
ആഗോളതാപനവും സായുധ സംഘട്ടനങ്ങളും നിരവധി ദുരിതങ്ങൾ വിതയ്ക്കുന്ന ഈ ലോകത്തിൽ, എന്നാൽ യേശുവുമായുള്ള കണ്ടുമുട്ടൽ നമുക്ക് ആശ്വാസവും, പ്രത്യാശയും പകരുന്നുവെന്ന യാഥാർഥ്യവും മാർപാപ്പാ പങ്കുവച്ചു.
പരമാധികാരത്തോടെ, കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന യേശുവിന്റെ ശക്തിക്കുമുൻപിൽ നാം ചോദിക്കുന്ന ചോദ്യവും പാപ്പാ എടുത്തു പറഞ്ഞു: “കാറ്റും കടലും പോലും അവനെ അനുസരിക്കുവാൻ തക്കവണ്ണം അവൻ ആരാണ്?” (മത്തായി 8:27). ഈ ചോദ്യം പ്രകടിപ്പിക്കുന്ന ആശ്ചര്യം നമ്മെ ഭയത്തിൽ നിന്ന് കരകയറ്റുന്ന ആദ്യപടിയാണെന്ന് മാർപാപ്പാ പറഞ്ഞു.
ഗലീലക്കടലിനു സമീപത്തുവച്ചുള്ള യേശുവിന്റെ വിവിധ പ്രവൃത്തികൾ, ആ ദേശവുമായും, ആ ജലവുമായും ഋതുക്കളുടെ താളത്തോടും ജീവജാലങ്ങളുടെ ജീവിതത്തോടും ഉള്ള അഗാധമായ ബന്ധം വെളിപ്പെടുത്തുന്നുവെന്നു പറഞ്ഞ പാപ്പാ, ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനത്തിലെ പ്രസക്തഭാഗങ്ങളും ഉദ്ധരിച്ചു.
സുവിശേഷകനായ മത്തായി കൊടുങ്കാറ്റിനെ “ഭൂമിയുടെ പ്രക്ഷോഭം” (ഭൂകമ്പം) എന്ന് വിശേഷിപ്പിക്കുന്നതിലെ സാംഗത്യം പാപ്പാ തുടർന്ന് വിശദീകരിച്ചു. യേശുവിന്റെ മരണസമയത്തും പുനരുത്ഥാനത്തിന്റെ പ്രഭാതത്തിലും ഇതേ ഭൂകമ്പം ഭയപ്പെടുത്തിയപ്പോൾ, അതിനുമുകളിൽ യേശു പ്രകടമാക്കിയ ശക്തി ജീവന്റെയും, രക്ഷയുടെയും കൃപ നൽകുന്നതെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.
“കാറ്റും കടലും പോലും അവനെ അനുസരിക്കുവാൻ തക്കവണ്ണം അവൻ ആരാണ്?” എന്നുള്ള ചോദ്യത്തിന് മറുപടി പൗലോസ് ശ്ലീഹായുടെ ലേഖനത്തിൽ നിന്നും പാപ്പാ ഉദ്ധരിച്ചു. “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപമാണ്, സകല സൃഷ്ടികളുടെയും ആദ്യജാതൻ, അവനിൽ എല്ലാം സ്വർഗ്ഗത്തിലും ഭൂമിയിലും സൃഷ്ടിക്കപ്പെട്ടു” (കൊളോ, 1:15-16). ഈ വിശ്വാസം ഇന്ന് നമ്മുടെ ജീവിതത്തതിൽ തുടരേണ്ടതിന്റെ ആവശ്യകതയും മാർപാപ്പാ ചൂണ്ടിക്കാട്ടി.
സൃഷ്ടിയെ പരിപാലിക്കുക, അതിൽ സമാധാനവും അനുരഞ്ജനവും കൊണ്ടുവരിക എന്ന നമ്മുടെ ദൗത്യം കർത്താവ് നൽകുന്നതാണെന്നും, ഭൂമിയുടെയും ദരിദ്രരുടെയും നിലവിളി ദൈവത്തിന്റെ ഹൃദയത്തിൽ എത്തിയിരിക്കുന്നുവെന്നുള്ള സത്യം നാം തിരിച്ചറിയണമെന്നും മാർപാപ്പാ പറഞ്ഞു.
അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് സൃഷ്ടികളെ സഹോദരൻ, സഹോദരി, അമ്മ എന്നൊക്കെ വിളിക്കുന്നതിൽ അടങ്ങിയിരിക്കുന്ന ആന്തരികാർത്ഥവും പാപ്പാ ഓർമ്മപ്പെടുത്തി. ഒരു ധ്യാനാത്മക നോട്ടത്തിന് മാത്രമേ സൃഷ്ടിക്കപ്പെട്ട വസ്തുക്കളുമായുള്ള നമ്മുടെ ബന്ധത്തെ ഊട്ടിയുറപ്പിക്കുവാനും പാരിസ്ഥിതിക പ്രതിസന്ധിയിൽ നിന്നും നമ്മെ രക്ഷിക്കുവാനും സാധിക്കുകയുള്ളൂവെന്നും പാപ്പാ എടുത്തു പറഞ്ഞു.