ജൂൺ 22 ഞായറാഴ്ച ഡമാസ്കസിലെ മാർ ഏലിയാസിന്റെ നാമധേയത്തിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പശ്ചിമേഷ്യൻ ക്രൈസ്തവർക്ക് തന്റെയും മുഴുവൻ സഭയുടെയും സാമീപ്യം ഉറപ്പുനൽകി ലിയോ പതിനാലാമൻ പാപ്പാ.
ഇന്നലെ (ജൂൺ 25) വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവെയാണ് മധ്യപൂർവ്വദേശങ്ങളിൽ നടന്നുവരുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട ഗുരുതരപ്രശ്നങ്ങളെ പാപ്പാ പരാമർശിച്ചത്.
സിറിയയുടെ തലസ്ഥാനത്തെ ഈ ഓർത്തഡോക്സ് ദേവാലയത്തിലുണ്ടായ തീവ്രവാദ ആക്രമണത്തിൽ മരണമടഞ്ഞവരെ കർത്താവിന്റെ കരുണയ്ക്ക് സമർപ്പിക്കാമെന്ന് പറഞ്ഞ പാപ്പാ, അപകടത്തിൽ പരിക്കേറ്റവർക്കും ഇരകളുടെ കുടുംബാംഗങ്ങൾക്കും വേണ്ടി നമുക്കേവർക്കും പ്രാർത്ഥിക്കാമെന്ന് ആഹ്വാനം ചെയ്തു.
മധ്യപൂർവ്വദേശങ്ങളിലെ ക്രൈസ്തവരോട്, താൻ അവർക്കൊപ്പമുണ്ടെന്നും, മുഴുവൻ സഭയും നിങ്ങൾക്ക് സമീപസ്ഥയാണെന്നും പൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്ത് വിവിധ ഭാഷക്കാരായ ആളുകളെ അഭിവാദ്യം ചെയ്യുന്ന അവസരത്തിൽ പാപ്പാ പ്രസ്താവിച്ചു.
വർഷങ്ങളായി സിറിയയിൽ തുടരുന്ന സംഘർഷങ്ങളെയും, അവിടുത്തെ അസ്ഥിരതയെയും കുറിച്ചാണ് ഡമാസ്കസിൽ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, അതുകൊണ്ടുതന്നെ, അന്താരാഷ്ട്രസമൂഹം ഈ രാജ്യത്തിൽനിന്ന് മുഖം തിരിക്കരുതെന്നും, സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള പരിശ്രമങ്ങൾ നടത്തുകയും, സിറിയക്ക് ഐക്യദാർഢ്യത്തിന്റെതായ സഹായസഹകരണങ്ങൾ നൽകുകയും ചെയ്യേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു.
ഇറാൻ, ഇസ്രായേൽ, പാലസ്തീന എന്നിവിടങ്ങളിലെ സംഘർഷമേഖലകളിൽ നടന്നുവരുന്ന പുരോഗതികൾ ശ്രദ്ധയോടെയും പ്രത്യാശയുടെയും നമുക്ക് നോക്കിക്കാണാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
“രാജ്യം രാജ്യത്തിനെതിരെ വാളുയർത്തുകയില്ല. അവർ ഇനിമേൽ യുദ്ധപരിശീലനം നടത്തുകയില്ല” (ഏശയ്യാ 2, 4) എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ, ഇന്ന് മുൻപെന്നത്തേക്കാളും ഈ വാക്കുകൾക്ക് പ്രാധാന്യമുണ്ടെന്ന് ഓർമ്മിപ്പിച്ചു.
പ്രവാചകന്റെ വാക്കുകളിലൂടെ വരുന്ന അത്യുന്നതന്റെ സ്വരം ശ്രദ്ധിക്കാൻ ആഹ്വാനം ചെയ്ത പാപ്പാ, കഴിഞ്ഞ ദിവസങ്ങളിലെ രക്തരൂക്ഷിതമായ പ്രവർത്തനങ്ങൾ മൂലമുണ്ടായ മുറിവുകൾ ഉണങ്ങട്ടെയെന്നും, അഹന്തയുടെയും പ്രതികാരത്തിന്റേതുമായ യുക്തികൾ നിരാകരിക്കപ്പെടട്ടെയെന്നും, കൂടുതൽ ദൃഢനിശ്ചയത്തോടെ ചർച്ചകളുടെയും നയതന്ത്രത്തിന്റെയും സമാധാനത്തിന്റെയും പാതകൾ തിരഞ്ഞെടുക്കപ്പെടട്ടെയെന്നും ആശംസിച്ചു.