News Reader's Blog Social Media

വഖഫിൽ കേന്ദ്ര നടപടിയെ സ്വാഗതം ചെയ്യുന്നു, രാഷ്ട്രീയ പിന്തുണയായി കണക്കാക്കേണ്ട: സിറോ മലബാർ സഭ

കൊച്ചി: വഖഫ് ഭേദഗതി ബിൽ പാസാക്കിയ കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ഇത് ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്കോ മുന്നണിക്കോ ഉള്ള പിന്തുണയായി കണക്കാക്കേണ്ടതില്ലെന്നും സിറോ മലബാർ സഭ. മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്ന കാര്യമാണ് ബിൽ പാസായതെന്നും സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര വ്യക്തമാക്കി.

‘‘സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ നിലപാടാണു സ്വീകരിച്ചത്. ഏതെങ്കിലും മതവിഭാഗത്തിന്റെ നിയമങ്ങൾ ഭരണഘടനയ്ക്ക് എതിരായാൽ അത് ഭേദഗതി ചെയ്യപ്പെടണം.

ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ഒരു സർക്കാർ ആ നിയമം ഭേദഗതി ചെയ്തു. അത് ജനങ്ങളുടെ വേദന മനസിലാക്കിക്കൊണ്ടാണ്. അതിനെ അനുകൂലിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

അതിനെ പക്ഷേ ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ക്കോ മുന്നണികൾക്കോ ഉള്ള തുറന്ന പിന്തുണയായി വ്യാഖ്യാനിക്കേണ്ടതില്ല. സഭ മുസ്‍ലിം സമുദായത്തിനോ സ്വത്ത് വഖഫ് ചെയ്യുന്നതിനോ എതിരല്ല.

ഭൂമി വഖഫ് ചെയ്യുന്ന കാര്യങ്ങൾ ആ മതവിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അതിനെ ചോദ്യം ചെയ്യാൻ ഞങ്ങളില്ല. ഭരണഘടനയ്ക്ക് എതിരെയുള്ള നിയമങ്ങൾക്ക് മാത്രമാണ് എതിര്’’ – അദ്ദേഹം പറഞ്ഞു.