News Social Media

വയനാടിന് പുതുജീവന്‍ പകരാന്‍ സാഹിത്യോത്സവം; വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബറില്‍…

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന്‍ ഈ വരുന്ന 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും.

ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറിലെ അവസാന ആഴ്ചയില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തിലും അനുബന്ധപരിപാടികളിലും ഈ വര്‍ഷം ഇന്ത്യയിലും വിദേശത്തുമുള്ള 250 ഓളം എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവം ഒരു സമാശ്വോത്സവമായിട്ടാവും നടത്തുക.

2022-ല്‍ വിജയകരമായി നടത്തി സാഹിത്യാസ്വാദകരുടെയും നിരൂപകരുടെയും പൊതുജനങ്ങളുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പില്‍ സാഹിത്യ-സാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിക്കുന്ന നൂറിലധികം പേര്‍ പാനലിസ്റ്റുകളായി പങ്കെടുത്തിരുന്നു.

ആയിരത്തോളം ഡെലിഗേറ്റുകളും ഇരുപതിനായിരത്തോളം പ്രേക്ഷകരും അന്ന് സാഹിത്യോത്സവത്തിന്റെ ഭാഗമായി. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്നും സമീപജില്ലകളില്‍നിന്നും ഒഴുകിയെത്തിയ നിരവധി വിനോദസഞ്ചാരികളും ആ വര്‍ഷാവസാന വാരാന്ത്യത്തില്‍ നടന്ന ഡബ്ല്യു.എല്‍.എഫിന്റെ ഭാഗമായി.

2022 ഡിസംബറില്‍ നടന്ന സാഹിത്യോത്സവം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. വയനാട് പാര്‍ലമെന്റ് അംഗം ശ്രീ. രാഹുല്‍ ഗാന്ധിയും ബഹു. ടൂറിസം വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസും സാഹിത്യോത്സവത്തിന് സന്ദേശം നല്‍കിയിരുന്നു.

സംവാദങ്ങള്‍, സംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍, കഥയരങ്ങ്, കവിയരങ്ങ് എന്നീ വിവിധ പരിപാടികളിലായി അരുന്ധതി റോയ്, മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ഭരണഘടനാവിദഗ്ധനും സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനുമായ ശ്യാം ദിവാന്‍, സഞ്ജയ് കാക്, സാറാ ജോസഫ്,

എന്‍.എസ്. മാധവന്‍, കെ. സച്ചിദാനന്ദന്‍, എം. മുകുന്ദന്‍, സി.വി. ബാലകൃഷ്ണന്‍, സക്കറിയ, കല്‍പ്പറ്റ നാരായണന്‍, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, കെ.ആര്‍. മീര, പ്രഭാവര്‍മ്മ, സന്തോഷ് ജോര്‍ജ് കുളങ്ങര, സുനില്‍ പി. ഇളയിടം,

പി.കെ. പാറക്കടവ്, സണ്ണി എം കപിക്കാട്, വീരാന്‍കുട്ടി, മനോജ് ജാതവേദര്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, വി.എസ്. അനില്‍കുമാര്‍, ബീനാപോള്‍, മധുപാല്‍, ഷീലാ ടോമി, ശീതള്‍ ശ്യാം, സുകുമാരന്‍ ചാലിഗദ്ദ എന്നിവര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കും.

വിപുലമായ അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സും ഇത്തവണത്തെ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സാഹിത്യരംഗത്തും അക്കാദമികരംഗത്തും ആഗോളപ്രശസ്തരായ നിരവധി പേര്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി വയനാട്ടില്‍ എത്തിച്ചേരും.

ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതിജാഗ്രത, കര്‍ഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങള്‍ എന്നിവ മുഖ്യവിഷയമായി അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. ഇന്ത്യയെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള, ലണ്ടനിലെ കിംഗ്സ് കോളേജിലെ പ്രൊഫ. ക്രിസ്റ്റോഫ് ജഫ്രലോട്ട് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ ജോണ്‍ കീ, നോവലിസ്റ്റും ന്യൂയോര്‍ക് വാസ്സര്‍ കോളേജ് പ്രൊഫസ്സറുമായ അമിതാവ കുമാര്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ കരോലിന്‍ ബക്കി എന്നിവരും അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

കാരവന്‍ മാഗസിന്റെ മുന്‍ എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഡോ. വിനോദ് കെ. ജോസാണ് വയനാട് സാഹിത്യോല്‍സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ. ജോസഫ് കെ. കെ. ജോബ്, പ്രമുഖ പത്രപ്രവര്‍ത്തക ലീന ഗീതാ രഘുനാഥ്, എഴുത്തുകാരന്‍ വി.എച്ച്. നിഷാദ് എന്നിവര്‍ ക്യുറേറ്റര്‍മാരാണ്.