പൂഞ്ഞാർ സെൻറ് മേരീസ് പള്ളിപ്പരിസരത്ത് ഒരുസംഘം ആളുകൾ അതിക്രമിച്ചു കയറുകയും ആരാധനയ്ക്കു തടസം സൃഷ്ടിക്കുകയും വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം കേരളത്തിൻറെ സാമൂഹിക ഐക്യത്തിനും മതസൗഹാർദത്തിനും ഏറ്റ ദൗർഭാഗ്യകരമായ ഒരു പ്രഹരമാണ്. ഈ സംഭവം വെളിപ്പെടുത്തുന്ന ചില വസ്തുതകൾ നാം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.
ആദരവിൻറെ സംസ്കാരം ഇല്ലാതായിക്കൊണ്ടിരിക്കുന്നു
ഏതു മതത്തിൽ വിശ്വസിച്ചാലും ഇതര മതസ്ഥരെയും അവരുടെ ആരാധനാലയങ്ങളെയും പുരോഹിതരെയും ആദരവോടെ സമീപിക്കുന്ന മഹത്തായ സംസ്കാരമാണ് നമുക്കുണ്ടായിരുന്നത്.
ഇതരമതവിദ്വേഷവും വർഗീയതയും വളർത്തുന്ന ശ്രമങ്ങളെ തിരുത്താനും തള്ളിപ്പറയാനും എന്നും ആത്മീയ ആചാര്യന്മാരും നേതാക്കന്മാരും സവിശേഷ ശ്രദ്ധ ചെലുത്തിയിരുന്നു.
എന്നാൽ ആ മഹത്തായ സംസ്കാരം ഈ നാട്ടിൽനിന്ന് അപ്രത്യക്ഷമാകുന്നു എന്ന ദുഃഖകരമായ വസ്തുത പൂഞ്ഞാർ അതിക്രമങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ആദരവിൻറെ സംസ്കാരം നമ്മുടെ നാട്ടിൽനിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന സത്യം പൊതുസമൂഹം തിരിച്ചറിയുകയും ഉത്തരവാദിത്വപൂർവം പ്രതികരിക്കുകയും വേണം.
തീവ്രവാദികൾ സമുദായങ്ങളിൽ പിടിമുറുക്കുന്നു
ആക്രമിക്കപ്പെട്ടത് ഒരു ക്രൈസ്തവ പുരോഹിതനാണ്. ആക്രമിച്ചതിൻറെ പേരിൽ ഇതുവരെ അറസ്റ്റിലായ പ്രതികളെല്ലാവരും മറ്റൊരു സമുദായത്തിൽപ്പെട്ടവരും. എന്നിട്ടും പ്രതികളുടെ സമുദായ ആചാര്യന്മാരോ, നേതാക്കന്മാരോ ഈ സംഭവത്തെ ശക്തമായി അപലപിക്കാനോ ഇത്തരം തീവ്രവാദപരമായ നീക്കങ്ങളെയും അതിനു നേതൃത്വം നല്കുന്ന പ്രസ്ഥാനങ്ങളോ വ്യക്തികളോ ഉണ്ടെങ്കിൽ അവരെയും തള്ളിപ്പറയാനോ ഇനിയും ശ്രമിച്ചിട്ടില്ല എന്നത് ഭീതികരമാണ്.
മാത്രവുമല്ല, 17, 18 വയസ് പ്രായമുള്ളവർ ഉൾപ്പെട്ട ഒരു സംഘത്തിൻറെ ഗൗരവതരമായ കുറ്റകൃത്യങ്ങളെ നിസാരവത്കരിക്കാനും രഹസ്യമാക്കി വയ്ക്കാനും കുറ്റവാളികളെ ന്യായീകരിക്കാനും പ്രതിഷേധിച്ചവരെ കേസിൽപ്പെടുത്താനുമാണ് പലരും തിരക്കു കൂട്ടിയത്.
മതത്തിൻറെ പേരിൽ പ്രവർത്തിക്കുന്ന നിരോധിത ഭീകരസംഘടനകളുടെ പ്രവർത്തനം ഇവിടെ കണ്ടെത്തിയപ്പോഴും തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പലരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടും അവർ അംഗമായിരിക്കുന്ന മതത്തിൻറെയും സമുദായ സംഘടനകളുടെയും നിശബ്ദത പൊതുസമൂഹത്തിനു മുമ്പിൽ വാചാലമായി ഒട്ടേറെ കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.
2019 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിൽ 253 പേർ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങൾക്കു നേതൃത്വം നല്കിയവരുമായി നേരിട്ട് ബന്ധമുണ്ടെന്നു കണ്ടെത്തിയ, കേരളത്തിൽ ചാവേർ ആക്രമണങ്ങൾക്ക് പദ്ധതിയിട്ട മലയാളിയായ റിയാസ് അബൂബക്കറിന് എൻഐഎ കോടതി പത്തു വർഷത്തെ തടവു ശിക്ഷ വിധിച്ചത് ഈ മാസത്തിലാണ്.
സന്യാസവസ്ത്രം ധരിച്ച് പൊതുഇടങ്ങളിൽ സഞ്ചരിക്കാൻ പോലും സാധിക്കാത്ത അവസ്ഥ ഇന്ത്യയിൽ പലയിടങ്ങളിലും സംജാതമാകുന്നതും ഇത്തരം തീവ്ര വർഗീയ നിലപാടുകൾ ഉള്ളവരുടെ, മത തീവ്രവാദികളുടെ ആസൂത്രിതമായ വ്യാജ പ്രചാരണങ്ങൾ മൂലമാണ്.
മിതവാദികൾ നിശബ്ദരാകാൻ നിർബന്ധിക്കപ്പെടുകയും തീവ്രവാദികൾ പിടിമുറുക്കുകയും ചെയ്യുന്ന സാഹചര്യങ്ങളെ അതീവ ഗൗരവത്തോടെ ഓരോ മതവും സമുദായ സംഘടനകളും പരിഗണിക്കേണ്ടതുണ്ട്, അത്തരം നീക്കങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്.
ഉറക്കെ ശബ്ദിക്കേണ്ടവർ ഉറക്കം നടിക്കുന്നു
സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ നായകന്മാരൊക്കെ ഇത്തരം സംഭവങ്ങളിൽ പുലർത്തുന്ന നിശബ്ദത അവരുടെ സെലക്ടീവ് പ്രതികരണങ്ങളുടെ ഉദാഹരണമായി മാത്രമേ കരുതാനാകൂ.
കേരളത്തിനു പുറത്ത് പ്രത്യേകിച്ച്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവപീഡനങ്ങൾ പുറത്തുകൊണ്ടുവരികയും വാർത്തയാക്കുകയും ചെയ്യുന്ന മാധ്യമ ധർമമൊന്നും കേരളത്തിൽ നടക്കുന്ന അതിക്രമങ്ങളിൽ കാണിക്കാത്തത്തിൻറെ രാഷ്ട്രീയമൊക്കെ പൊതുജനത്തിന് പെട്ടെന്നു മനസിലാകും.
ഉറക്കെ ശബ്ദിക്കേണ്ടിടത്ത് ഉറക്കം നടിക്കുന്ന പ്രവണത കാപട്യത്തിൻറേതാണ്. സമൂഹത്തോടും രാഷ്ട്രത്തോടും സ്നേഹവും സാമൂഹിക ഐക്യത്തോടും ബഹുസ്വരതയോടും ആദരവും പുലർത്തുന്നവരാണെങ്കിൽ ഇത്തരം ധ്രുവീകരണ ശ്രമങ്ങളെ കണ്ടില്ല എന്ന് നമുക്കു നടിക്കാനാവില്ല.
ഇത്തരം അക്രമിസംഘങ്ങൾക്കു പിൻബലം നൽകുന്നത് ആരായാലും – ലഹരി മാഫിയയോ മതതീവ്രവാദ സംഘടനകളോ മറ്റേതെങ്കിലും ദേശവിരുദ്ധ ശക്തികളോ ആണെങ്കിലും – രാഷ്ട്രീയ, മത വ്യത്യാസം കൂടാതെ ഒറ്റക്കെട്ടായി ഇത്തരം സാമൂഹിക വിപത്തുകൾക്കെതിരേ പൊതുസമൂഹം ജാഗ്രതയോടെ നിലകൊള്ളേണ്ടിയിരിക്കുന്നു.
കെസിബിസി മുമ്പ് പലപ്പോഴായി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതുപോലെ, സത്യസന്ധവും ഗൗരവപൂർണമായ സമീപനം ഇത്തരം വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുകയും ഈ നാട്ടിലെ സാമൂഹിക ഐക്യവും മതസൗഹാർദവും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധത പുലർത്തുകയും വേണം.
വിഭാഗീയതയും വർഗീയതയും അനൈക്യവും സംഘർഷവും സൃഷ്ടിക്കുകയും വളർത്തുകയും ചെയ്യുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളെയും വിധ്വംസക പ്രവർത്തനങ്ങളെയും നമ്മുടെ പൊതുസമൂഹം നിതാന്ത ജാഗ്രതയോടെ ചെറുത്തു തോൽപിക്കണം. അത്തരം നിലപാടുകളിലേക്ക് പൊതുസമൂഹത്തെ നയിക്കാനും പ്രചോദിപ്പിക്കാനുമുള്ള ഉത്തരവാദിത്വം ആത്മീയ, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ നായകർ ആത്മാർഥമായും സത്യസന്ധമായും നിറവേറ്റണം.