1581-ൽ ജീൻ ഡി പോളിന്റെയും ബെട്രാന്റ് ഡി പോളിന്റെയും മൂന്നാമത്തെ മകനായി വിൻസെന്റ് ഡി പോൾ പാരീസിൽ ജനിച്ചു. പാരീസിലെ തന്നെ ടുളുസിൽ ദേവശാസ്ത്ര പഠനത്തിനായി ചേർന്നു. 1600 സെപ്റ്റംബർ 25-ന് വിൻസെന്റ് പൗരോഹിത്യം സ്വീകരിച്ചു.
1605-ൽ വിൻസെന്റ് ഫ്രാൻസിൽ നിന്നും മാർസെയിലേക്കുള്ള കപ്പൽ യാത്രയിൽ കടൽക്കൊള്ളക്കാരാൽ ബന്ധനസ്ഥനായി. രണ്ടു വർഷക്കാലം അദ്ദേഹം ട്യൂണിസിൽ ജീവിക്കേണ്ടി വന്നതിനാൽ അവിടെ ജാലവിദ്യ അഭ്യസിച്ചു.
അവിടെ നിന്നും മോചിപ്പിക്കപ്പെട്ട വിൻസെന്റ് റോമിലെ കർദ്ദിനാൾമാരുടെ മുൻപിൽ താൻ അഭ്യസിച്ച ജാല വിദ്യകൾ അവതരിപ്പിച്ചു. തുടർന്ന് വിൻസെന്റിനു വലോയി രാജ്ഞിയുടെ ചാപ്ലയിനായി നിയമിക്കപ്പെട്ടു.
പിന്നീട് 1617 ജൂലൈയിൽ വിൻസെന്റ് ഷാറ്റിലോൺ ഡോംസ് എന്ന ഇടവകയുടെ വികാരിയായി ചുമതല ഏറ്റു. തുടർന്ന് 1625 ഏപ്രിൽ 17-ന് വെദികർക്കായി കോൺഗ്രിഗേഷൻ ഓഫ് മിഷൻ എന്ന സന്യാസി സമൂഹം സ്ഥാപിച്ചു.
ശിശുക്കൾക്കായി 1639-ൽ ഒരു പരിചരണ കേന്ദ്രം സ്ഥാപിച്ചു. 1649-ൽ ആരംഭിച്ച ഫ്രാൻസ് ആഭ്യന്തര യുദ്ധ കാലത്ത് ആതുര സേവനവുമായി പ്രവർത്തിച്ചു. യുദ്ധത്താൽ നിർദ്ധനരാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്തു.
1660 സെപ്റ്റംബർ 27-ന് വിൻസെന്റ് ഡി പോൾ അന്തരിച്ചു. 1712-ൽ കർദ്ദിനാൾ നോയിലസിന്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ കബറിടം തുറന്നപ്പോൾ മൃതശരീരം അഴുകാതെയും ധരിപ്പിച്ചിരുന്ന ലിനൻ വസ്ത്രം നശിക്കാതെയും കാണപ്പെട്ടു. നാമകരണ കോടതിയിൽ ഈ സംഭവം ഒരു അത്ഭുതമായി രേഖപ്പെടുത്തിയിരുന്നു.
1729 ഓഗസ്റ്റ് 13-ന് ബെനഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പ വിൻസെന്റ് ഡി പോളിനെ വാഴ്ത്തപ്പെട്ടവനായും ക്ലെമന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ 1737 ജൂൺ 13-ന് വിശുദ്ധനായും പ്രഖ്യാപിച്ചു. 1883-ൽ ലിയോ പതിമൂന്നാമൻ മാർപ്പാപ്പ വിൻസെന്റ് ഡി പോളിനെ പരസ്നേഹ പ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥനായി പ്രഖ്യാപനം നടത്തി.