മത്തായി 18 : 15 – 20
സഹോദര തെറ്റുകൾ തിരുത്തേണ്ടവിധം.
സഹോദര തെറ്റുകൾ തിരുത്തുക, പശ്ചാത്തപിച്ചാൽ അവനോട് ക്ഷമിക്കുക. അത് ഓരോ ക്രൈസ്തവന്റേയും കടമയാണ്. എന്നാൽ അത് നാം വിവേകപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ, ഫലത്തേക്കാൾ അത് ദോഷം ചെയ്യും. ഒരുപക്ഷേ, തെറ്റുചെയ്തവൻ അത് തെറ്റാണെന്ന് അംഗീകരിക്കാനും, അത് തിരുത്താനും വിമുഖത കാണിച്ചേക്കാം.
എങ്കിലും, ആരും നശിച്ചുപോകരുത്, അതിന് നാം ഇടയാകരുത് എന്ന യേശുവിന്റെ ഉപദേശം കണക്കിലെടുത്ത് നാം പരിശ്രമിച്ചേ മതിയാകൂ. എന്നാൽ അതിൽ ഏറെ കരുതൽ വേണം താനും. മറ്റാരും അറിയാതെ വളരെ രഹസ്യമായി അവനെ തിരുത്തുക. അത് ഫലം കാണുന്നില്ലായെങ്കിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ തിരുത്താം.
തെറ്റ് അവന് ബോധ്യപ്പെടുത്താൻ രണ്ടോ മൂന്നോ സാക്ഷികൾ വേണമെന്നാണ് യഹൂദ നിയമം. എന്നിട്ടും തിരുത്താൻ തയ്യാറാകുന്നില്ലെങ്കിൽ സഭാസമൂഹത്തിന് വിട്ടുകൊടുക്കുക. അതിനും അവൻ വഴങ്ങുന്നില്ലെങ്കിൽ അവൻ സഭയിൽനിന്നും പുറത്താകും.
ഈ രീതി, പണ്ടുകാലം മുതൽക്കേ സഭയിൽ നിലനിന്നു പോന്നിരുന്നു. അതിനുള്ള അധികാരം സഭയ്ക്കുണ്ട്. ഒരു വ്യക്തിയെ ബഹിഷ്ക്കരിക്കാനും തിരിച്ചെടുക്കാനും സഭയ്ക്ക് അധികാരമുണ്ട് അന്നും ഇന്നും എന്നു സാരം.
പക്ഷെ, ഇന്ന് ഇത് സ്വീകാര്യമാണോ? ബലഹീനതയുടെയും സഹതാപത്തിന്റേയും പേരിൽ, പലതും കണ്ണടയ്ക്കുന്നു. സഭാധികാരികൾക്ക് എന്തേ തങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്ന “അധികാരം” പ്രായോഗികമാക്കാൻ കഴിയാതെ പോകുന്നു? ഇത് സഭയുടെ ബലഹീനതയോ?, സഭാധികാരികളുടെ ബലഹീനതയോ? ഉത്തരം കണ്ടെത്തി സ്വയം തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
സഭയുടെ ശക്തി പ്രാർത്ഥനയാണ്. ദൈവസാന്നിധ്യമാണ് പ്രാർത്ഥനാബലം. സമൂഹപ്രാർത്ഥനയാണ്, ആ കൂട്ടായ്മയാണ് ബലം. അതിന്റെ തുടർച്ചയെന്നോണം കുടുംബപ്രാർത്ഥനയും, വ്യക്തിപരമായ പ്രാർത്ഥനകളും നിലകൊള്ളുന്നു.
ഈ പ്രാർത്ഥനാ കൂട്ടായ്മ മുറിയുന്നിടത്തെല്ലാം വിഘടനത്തിന്റെ ശബ്ദമുയരും. നമുക്കും പ്രാർത്ഥനാകൂട്ടായ്മയിൽ സഭയോട് ചേർന്ന് ജീവിക്കാം. തിരുത്തലുകൾ സുമനസ്സോടെ സ്വീകരിക്കാം. അധികാരികൾക്കും സമൂഹനന്മയുടെ നിയമങ്ങൾക്കും സ്വയം വിധേയപ്പെടാം.