Meditations Reader's Blog

ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ

ലൂക്കാ 14 : 25 – 33
ശൂന്യവൽക്കരണം.

ശിഷ്യത്വം ഉപേക്ഷിക്കലിന്റെ ജീവിതമാണെന്നവൻ പഠിപ്പിക്കുമ്പോൾ, നിനക്ക് ഏറെ പ്രിയപ്പെട്ടവരേയും നിന്നെത്തന്നെയും ഉപേക്ഷിക്കണമെന്ന് അവൻ ആവശ്യപ്പെടുന്നു. ഇതു ശൂന്യവൽക്കരണത്തിന്റെ പരമകോടിയാണ്. എന്നാൽ ഇതു ഉപേക്ഷിക്കൽ മാത്രമല്ല വഹിക്കൽക്കൂടിയാണെന്ന് അവൻ പറയുന്നു- സഹനങ്ങളുടെ കുരിശ് വഹിക്കൽ.

എന്നാൽ തുടർന്ന് ഈശോ നമ്മോട് ചോദിക്കുന്ന ഒരു പ്രധാനചോദ്യമിതാണ്. ഉപേക്ഷിക്കലും വഹിക്കലും നിനകാവുമെങ്കിലും, ഈ ശിഷ്യത്വത്തിൽ നിലനിൽക്കാൻ നിനക്കാവുമോ??? അതിനുള്ള കരുത്ത് നിനക്കുണ്ടോ??? നിലനിൽപ്പിന്റെ വരം നൽകാൻ,സഹനപുത്രനും ക്രൂശിതനും ഉത്ഥിതനുമായവനേ കഴിയൂ.

അവന്റെ ജീവിതം മാതൃകയാക്കിയേ മതിയാവൂ.അതാണ് ശിഷ്യത്വത്തിലേക്കുള്ള നമ്മുടെ വെല്ലുവിളിയും. വചനത്തിന്റെ അവസാനഭാഗത്ത് ശിഷ്യത്വത്തിൽ നിലനിൽക്കാനുള്ള മാർഗ്ഗം അവൻ പറഞ്ഞുതരുന്നുണ്ട്. ഈ ലോകത്തിൽ നാം ഉപ്പിനേപ്പോലെ വർത്തിക്കാൻ അവൻ ആവശ്യപ്പെടുന്നു.

കാരണം ഒരേസമയം വിപരീതകർമ്മങ്ങളിൽ പങ്കാളിയാകാൻ ഉപ്പിന് കഴിയും. സൗഖ്യദാതാവ്, അഴുകാതെ കാക്കുന്നവൻ, രുചിയേകുന്നവൻ, വളമാകുന്നവൻ, അങ്ങനെ ഒട്ടേറെ സവിശേഷതകൾ. എന്നാൽ അവൻ ഈ കർമ്മങ്ങൾ ചെയ്യുമ്പോഴെല്ലാം സ്വയം ഇല്ലാതാവുകയാണ്, കാണപ്പെടാതെ പോവുകയാണ്. ഇതിൽക്കൂടിയ എന്തു ഉദാഹരണമാണ് അവൻ നമ്മുക്ക് നൽകേണ്ടത്?