Daily Prayers Reader's Blog

സഭയോട് ചേർന്ന് വിശ്വാസത്തിൽ വളരാം ….

യോഹന്നാൻ 9 : 35 – 41
ശാരീരികവും ആത്മീയവുമായ അന്ധത.

ജീവിതസഹനങ്ങൾ പാപത്തിന്റെ ഫലമല്ല, അത് ദൈവമഹത്വീകൃതയിടമാണ്. നിഷ്കളങ്കരുടെ സഹനം, മാനവരാശിയിൽ ആദിമുതലേ ഉള്ളതാണ്, അതോടൊപ്പം അത് ഏറെ രഹസ്യാത്മകവുമാണ്. ജോബിന്റെ പുസ്തകം, ഒരു പരിധിവരെ നമുക്ക് ഇത് വ്യക്തമാക്കിത്തരുന്നുണ്ട്.

എല്ലാ സഹനങ്ങൾക്കും പിന്നിൽ ദൈവപരിപാലന കണ്ടെത്താൻ കഴിഞ്ഞാൽ, നമ്മുടെ സഹനങ്ങൾക്ക് ഉത്തരമായി. പലപ്പോഴും നമ്മുടെ സഹങ്ങളിലൂടെ മറ്റുള്ളവർ ദൈവമഹത്വം ദർശിക്കാൻ ഇടവന്നേക്കാം. നാമറിയാതെപോലും നാം അവന് സാക്ഷികളായി മാറുന്നു.

നമ്മുടെ വിശ്വാസപ്രവേശനജീവിതം, മാമ്മോദീസായിലൂടെയാണ് ആരംഭിക്കുന്നത്. കാലക്രമേണ അതിന് വളർച്ചയുണ്ടാകുന്നു. എളിമയും തുറവിയും സത്യസന്ധതയും നമ്മിലെ മനോഭാവങ്ങളായി മാറുമ്പോൾ, നാം അനുദിനം വിശ്വാസത്തിൽ വളരുകയാണ്. നാം അവന്റെ വെളിച്ചമായി മാറുകയാണ്.

നമ്മുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ ദൈവീക ഇടപെടലുകളേയും വിശ്വാസത്തിന്റെ കണ്ണുകളാൽ കാണുകയും, വിശ്വസ്തതയോടും സത്യസന്ധതയോടും കൂടി അവ സാക്ഷ്യപ്പെടുത്തുകയും ചെയ്യുമ്പോൾ, നാം വിശ്വാസവളർച്ചയിലും, അവന്റെ പ്രകാശത്തിലേക്കും പൂർണ്ണതപ്രാപിച്ചു വരികയാണ് ചെയ്യുന്നത്.

വിശ്വാസം എന്നത് ഒരു വ്യക്തിയുടെ നേട്ടമല്ല. തനിയെ വിശ്വാസത്തിൽ വളരാനും ഒരുവന് കഴിയില്ല. സഭയിൽനിന്നും വേറിട്ട് ഒരു വിശ്വാസവുമില്ല. ആയതിനാൽ, സഭയോട് ചേർന്ന്, വിശ്വാസികളുടെ സമൂഹത്തിൽ പങ്കുചേർന്ന്, അനുദിനം നമുക്ക് വളരാം…അവന് യഥാർത്ഥ സാക്ഷികളായി മാറാം.