യോഹന്നാൻ 13:1-15
സ്വയം ശൂന്യത.
ഈശോയുടെ ഈ ലോകം വിട്ടുള്ള (പെസഹാ) കടന്നുപോകലിലൂടെ മനുഷ്യ കുലത്തെ മുഴുവൻ പിതാവിങ്കലേയ്ക്ക് കൊണ്ടുവരാൻ അവന് കഴിയുന്നു. അവൻ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നത് കടന്നുപോകലിനെ സൂചിപ്പിക്കുന്നു.
ഈ ഒരു അവബോധമാണവനെ സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും എളിമയുടെയും മാതൃക കാണിച്ചു കൊടുക്കാനും പാദങ്ങൾ കഴുകാനും പ്രേരിതനാക്കുന്നത്.
നോക്കുക, ഈ കടന്നു പോകലിനെ അവൻ ‘പെസഹ ‘ എന്നല്ല, മഹത്വീകരണമെന്നാണ് വിളിക്കുക. പഴയ നിയമകാലങ്ങളിലും കുഞ്ഞാടിനെ ബലിയർപ്പിച്ച് പെസഹാ ആചരണമുണ്ടായിരുന്നു. അത് കടന്നു പോകലായിരുന്നുവെങ്കിൽ, ഇവിടെ പെസഹാ മഹത്വീകരണമായി മാറുന്നു.
കാരണം, മരപ്പണിക്കാരനേശുവിനെ സംബന്ധിച്ചിടത്തോളം ഇത് പീഢാനുഭവ, മരണ, ഉത്ഥാനത്തിലൂടെ തൻ്റെ ദൗത്യം പൂർത്തീകരിച്ച് ദൈവത്തിങ്കലേയ്ക്കുള്ള മടങ്ങിപ്പോകലായിരുന്നു. കൂടാതെ, യേശുവിൻ്റെ വരവിലൂടെ പിതാവായ ദൈവത്തിൻ്റെ കവിഞ്ഞൊഴുകുന്ന സ്നേഹ ഭാവമാണിവിടെ പ്രത്യക്ഷമാകുന്നത്.
ഒരു പിതാവിന് നമുക്കായി നൽകാൻ സാധിക്കുന്ന ഏറ്റം വിലയേറിയ, മഹത്വമേറിയ സമ്മാനമാണ് ഈശോ. സ്വപുത്രനെ ബലിയാടാക്കുന്ന പിതാവ്. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുമ്പോൾ തടസ്സം പിടിയ്ക്കുന്ന പത്രോസിനെ നോക്കി അവൻ പറയുന്നത്, ഞാൻ നിൻ്റെ പാദങ്ങൾ കഴുകുന്നില്ലായെങ്കിൽ നിനക്കെന്നോടുകൂടെ പങ്കില്ല എന്നാണ്.
നിത്യജീവനിലുള്ള പങ്കാളിത്തത്തെയാണവൻ ഇവിടെ സൂചിപ്പിച്ചത്. കടന്നുപോകലുകളും പാദം കഴുകലും നമ്മുടെ ജീവിതത്തിലും അനിവാര്യമാണ്. ചെറുതാകുന്ന പാദം കഴുകലും, മുറിയ്ക്കപ്പെടുന്ന പെസഹായും നമ്മെയും മഹത്വീകരണത്തിലേയ്ക്കു നയിക്കും.