Meditations

ദൈവവചനം അനുസരിച്ച് ജീവിക്കാം

യോഹന്നാൻ 8 : 37 – 47
ദൈവമക്കളുടെ പ്രവൃത്തികൾ.

ഒരു വ്യക്തിയുടെ ഉറവിടത്തേയും സ്വഭാവത്തേയും വെളിപ്പെടുത്തുന്നത് അയാളുടെ പ്രവൃത്തികളാണ്. സന്തതി പരമ്പരയുടെ ചരിത്രം പറഞ്ഞു അഭിമാനം കൊള്ളാൻ നമുക്കാവില്ല എന്നുസാരം. കാരണം, നമ്മുടെ പ്രവൃത്തികൾ എപ്രകാരമാണോ, അതിലൂടെ മാത്രമേ നാം സ്വീകാര്യരാകുന്നുള്ളൂ.

നല്ലവരെന്നു സ്വയം നടിക്കാനും, എന്നാൽ ജീവിതത്തിൽ ആ വക മൂല്യങ്ങൾ ഒന്നും പുറപ്പെടുവിക്കാനും നമുക്കായില്ലെങ്കിൽ, മറ്റുള്ളവരുടെ മുമ്പിൽ വെറുതെ വിലയില്ലാത്തവരായി മാറാനെ നമുക്കാവൂ. ഈ വചനഭാഗത്തിലൂടെ ഈശോ സ്വയം വെളിപ്പെടുത്തുന്നു.

അവൻ സത്യത്തിന് സാക്ഷ്യം വഹിച്ചു, യഥാർത്ഥ ജീവൻ നല്കുന്നവനായി, താൻ ദൈവപുത്രനാണെന്നു തെളിയിച്ചു. എന്നാൽ, അത് ഗ്രഹിക്കാത്തവർ, അവനെ തിരസ്ക്കരിക്കാനും കൊല്ലാനും ശ്രമിക്കുന്നു. അവർ നുണയനും കൊലപാതകിയും പാപത്തിന്റെ അടിമയുമായ പിശാചിന്റെ സന്തതികളാണ്. ശാരീരിക പാരമ്പര്യങ്ങളുടെ കഥ പറഞ്ഞു ആർക്കും ദൈവരാജ്യം സ്വന്തമാക്കാൻ കഴിയില്ല.

പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാണ്. എന്നാൽ വചനമാകുന്ന ഈശോയ്ക്കു മാത്രമേ, ഒരുവനെ പാപത്തിൽനിന്നും സ്വതന്ത്രനാക്കാൻ കഴിയൂ. അതിനായി നാം അവിടുന്നിൽ വിശ്വസിക്കുകയും, അവിടുത്തെ വചനത്തിൽ നിലനിൽക്കുക കൂടി ചെയ്യണം. കാരണം, വചനം സത്യമാണ്, ഈ സത്യമാണ് നമ്മെ സ്വതന്ത്രരാക്കുന്നത്.

വചനം എന്നാൽ അത് ദൈവഹിതമാണ്. വചനം നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിൽ, അത് നമ്മുടെ വ്യക്തിത്വത്തിലൂടെ പ്രകടമാകും. അങ്ങനെ നാം അവിടുത്തെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട യഥാർത്ഥ ദൈവപുത്രരാണെന്നു വെളിവാക്കപ്പെടും. അതായിരിക്കണം ഒരു യഥാർത്ഥ വിശ്വാസിയുടെ വ്യക്തിത്വം.

കാരണം, ദൈവികവെളിപാടുകൾ സത്യവും, ആ സത്യം അവിടുത്തെ വചനവുമാകുന്നു. നമുക്കും യഥാർത്ഥ ദൈവമക്കളാകാം. അതിനായി അവിടുത്തെ വചനം ഉള്ളിൽ വഹിക്കാം. അവ നമ്മുടെ പ്രവൃത്തികളിൽ പ്രകടമാക്കാം. അങ്ങനെ സത്യം നമ്മെ സ്വതന്ത്രരാക്കട്ടെ.