സ്വയം ചെറുതാകലിൽ ഉള്ള വലുതാകൽ….

നാമും നമ്മുടെ മനോഭാവങ്ങളും
ലൂക്കാ 14 : 7 – 14

വിരുന്നിലെ മര്യാദയുടെ പാഠങ്ങളാണ് അവൻ ഇവിടെ വിവരിക്കുന്നത്. നമ്മിലെ സ്ഥാനവും മാനവും നാമല്ലാ തീരുമാനിക്കേണ്ടത്. നാം എത്രമാത്രം യോഗ്യരാണെന്ന്‌ മറ്റുള്ളവരാണ് വിലയിരുത്തേണ്ടത്. സ്വയം എളിമപ്പെടുത്തുകയും വിനീതനാവുകയും ചെയ്യേണ്ടതിന്റെ ആവശ്യകത, തിരുവചനങ്ങളിലൂടെ ഇതിനുമുമ്പും അവൻ നമുക്ക് വ്യക്തമാക്കിതന്നിട്ടുള്ളതാണ്.

സ്വയം ചെറുതാകലിൽ ഉള്ള വലുതാകൽ, നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്ഥാനമാനങ്ങൾ സ്വയം തിരഞ്ഞെടുക്കേണ്ടവയല്ല, മറിച്ച് സമൂഹം നമ്മെ അറിഞ്ഞു നമുക്ക് നല്കുന്നവയാണ്. രണ്ടാംഭാഗം ആതിഥേയനുള്ള ഉപദേശമാണ്. പകരം വിരുന്ന് നല്കാനാകാത്തവരെ ക്ഷണിക്കുക എന്നതാണ്, അവന്റെ ഉപദേശം.

നാം മാറ്റിയെടുക്കേണ്ട നമ്മിലെ മനോഭാവമാണിത്. പലവിരുന്നിലും നാം ക്ഷണിക്കപ്പെട്ടിട്ടുണ്ട്, സമ്മാനങ്ങളും നൽകിയിട്ടുണ്ട്, അവയെല്ലാം തിരിച്ചുകിട്ടണം എന്നുള്ള മനോഭാവത്തോടെ, നാം അവരെ പകരമായി, നമ്മുടെ വിരുന്നിലും ക്ഷണിക്കാറുണ്ട്, പകരത്തിനു പകരം എന്ന ചിന്തയോടെ, സമ്മാനപ്പൊതികളിൽ കണ്ണുംനട്ട്. എന്നാൽ, നിനക്ക് തുല്യരെയല്ല, തീർത്തും പാവപ്പെട്ടവരെ ക്ഷണിക്കാനാണ് അവൻ ആവശ്യപ്പെടുന്നത്.

അവരിൽനിന്നും നമുക്ക് ഒന്നും തിരികെകിട്ടില്ലെങ്കിലും, അവരുടെ ഉള്ള് നിറഞ്ഞുള്ള ഒരു പുഞ്ചിരിപോലും നമുക്കുള്ള പ്രതിഫലമാണ്, നാം പകരമായി എത്ര വിരുന്നുണ്ടാലും കിട്ടാത്ത സംതൃപ്തി അതിലുണ്ട്.

നാം അതിഥിയാകുമ്പോൾ എളിമയുടെ മനോഭാവവും, ആതിഥേയനാകുമ്പോൾ ദൈവസ്നേഹത്തിന്റെ ആർദ്രമനോഭാവവും പുലർത്തണമെന്ന്, ഈശോ നമ്മെ ഈ വചനഭാഗത്തിലൂടെ പഠിപ്പിക്കുന്നു.

പ്രതിഫലം, വരും ലോകത്തിലാണെന്നു അവൻ നമ്മെ ഓർമ്മിപ്പിക്കുന്നു. വചനാനുസൃതം നമ്മുടെ ജീവിതത്തെ മാറ്റാൻ, ഈശോയോട് പ്രാർത്ഥിക്കാം.

error: Content is protected !!