News Social Media

വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തങ്ങൾ

വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഉണ്ടാകുന്ന നല്ല ഫലങ്ങളില്‍ നിന്ന് അവിടെ പരിശുദ്ധാത്മാവിന്റെ സ്ഥായിയായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് മനസിലാക്കാമെന്ന് വത്തിക്കാന്‍.

വത്തിക്കാന്റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് നിയുക്ത തഞ്ചാവൂര്‍ ബിഷപ് സാഗ്യരാജ് തമ്പുരാജിനയച്ച കത്തിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്.

ഈ തീര്‍ത്ഥാടനകേന്ദ്രത്തോടുള്ള മാര്‍പാപ്പയുടെ പ്രത്യേക അഭിനന്ദനവും കര്‍ദിനാള്‍ കത്തിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായാണ് വത്തിക്കാന്റെ കത്ത്.

വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്ന ക്രൈസ്തവേതര മതങ്ങളിലുള്ള നിരവധിയാളുകള്‍ക്ക് മാതാവിന്റെ മാധ്യസ്ഥത്തിലൂടെ നിരവധി അനുഗ്രഹങ്ങള്‍ ലഭിക്കുന്ന കാര്യവും കര്‍ദിനാള്‍ കത്തില്‍ പരാമര്‍ശിച്ചു.

വിവിധ മതങ്ങള്‍ തമ്മിലുള്ള ലയനമല്ല ഇത് സൂചിപ്പിക്കുന്നതെന്നും മറിച്ച് മറിയത്തിന്റെ മധ്യസ്ഥത്തിലൂടെ പ്രകടമാകുന്ന കത്തോലിക്ക സഭയില്‍ അംഗമല്ലാത്തവരോടു പോലുമുള്ള ദൈവസ്‌നേഹത്തിന്റെ അടയാളമാണിതെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

സഭയുടെ കൂദാശകള്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും പരിശുദ്ധ മറിയം തന്റെ ആശ്വാസം നിഷേധിക്കുന്നില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു. 16 ാം നൂറ്റാണ്ടിലാണ് കയ്യില്‍ ഉണ്ണിയേശുവുമായി മാതാവ് വേളാങ്കണ്ണിയില്‍ പ്രത്യക്ഷപ്പെട്ടത്. 2002-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആഗോള രോഗീദിനാചരണത്തിന്റെ വേദിയായി വേളാങ്കണ്ണി തിരഞ്ഞെടുത്തിരുന്നു