സീറോ മലബാർ സഭയിലെ നവീകരിച്ച വിശുദ്ധ കുർബാനക്രമവും അതിൻ്റെ ഏകീകൃത അർപ്പണരീതിയിൽ നിന്നുളള വിടുതലും ഒരു കാനോനിക അപഗ്രഥനം.
“Ecclesia semper reformanda est” – “സഭ എന്നും നവീകരിക്കപ്പെടേണ്ടവളാണ്” എന്ന തത്ത്വത്തെ പിൻതുടർന്നുകൊണ്ട് ഒരു സഭയെ യഥാർത്ഥ സഭയാക്കി മാറ്റുന്നതിൽ ഏറ്റവും പ്രധാനമായ പങ്കു വഹിക്കുന്ന, അതിൻ്റെ ആരാധനക്രമത്തിന്റെ മകുടമായ, വിശുദ്ധ കുർബാനയുടെ തക്സയുടേയും അർപ്പണ രീതിയുടേയും പരിഷ്കരണം പൂർത്തിയാക്കി 2021 നവംബർ 28-ാം തീയതി അത് സീറോ-മലബാർ സഭയിൽ നടപ്പിൽ വരുത്തിയപ്പോൾ, അതേ സഭയിലെ ചില രൂപതകൾ വ്യത്യസ്തങ്ങളായ തീരുമാനങ്ങൾ കൈക്കൊള്ളുകയും നിഷ്കർഷിതമായ അർപ്പണരീതിയിൽ നിന്ന് വിടുതൽ രൂപത മുഴുവൻ നല്കുകയും തുടർന്ന് അങ്ങനെ വിടുതൽ നല്കുവാൻ ഒരു രൂപതാദ്ധ്യക്ഷനും സാദ്ധ്യമല്ല എന്ന് 2021 ഡിസംബർ 9-ാം തീയതി പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ ലെയനാർഡോ സാന്ദ്രി നല്കിയ വിശദീകരണവുമാണ് ഈ ലേഖനത്തിൻ്റെ പശ്ചാത്തലം.
ചരിത്രപരമോ, താത്വികമോ, ദൈവശാസ്ത്രപരമോ ആയ ഒരു വിശകലനത്തിനുപരി, കത്തോലിക്കാസഭയുടെ കാനോനിക നിയമസംഹിതകളേയും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധനക്രമത്തെപ്പറ്റിയുള്ള ഡിക്രിയുടെയും വെളിച്ചത്തിലുള്ള ഒരു അപഗ്രഥനമാണ് ഇവിടെ വിവക്ഷിക്കുന്നത്.കത്തോലിക്കാതിരുസഭ പരസ്യദൈവാരാധന എന്നതുകൊണ്ട് എന്താണ് വിവക്ഷിക്കുന്നതെന്ന് പൗരസ്ത്യസഭകൾക്കായുള്ള കാനോനിക സംഹിത (CCEO) യിലെ 668-ാം കാനോനയിൽ ഇങ്ങനെ വിശദമാക്കുന്നു: “നിയമാനുസൃതം നിയുക്തരായ വ്യക്തികളാലും സഭാധികാരത്താൽ അംഗീകരിക്കപ്പെട്ട കർമ്മങ്ങളാലും സഭയുടെ നാമത്തിൽ നടത്തുന്ന ദൈവാരാധനയെ പരസ്യദൈവാരാധനയെന്നും അപ്രകാരമല്ലാത്തവയെ സ്വകാര്യദൈവാരാധനയെന്നും വിളിക്കു ന്നു (CCEO C.668, §1, CIC c.834 §2).
നമുക്കറിയാവുന്നതുപോലെ വിശുദ്ധ കുർബാന, സഭ യുടെ പരസ്യദൈവാരാധന (public divine worship)യുടെ ഏറ്റവും മഹനീയമായ രൂപമാണ്. അങ്ങനെയെങ്കിൽ അത് അർപ്പിക്കേണ്ടത് “സഭാധികാരത്താൽ അംഗീകരിക്കപ്പെട്ട കർമ്മങ്ങളാലുമാണ്. സഭ അംഗീകരിച്ചിട്ടുള്ള കർമ്മങ്ങൾ എന്തൊക്കെയാണ് എന്നറിയുവാൻ നാം നോക്കേണ്ടത് കാനോനിക നിയമസംഹിതയിലല്ല, പ്രത്യുത ആരാധനക്രമ പുസ്തകങ്ങളിലാണ് എന്ന് പൗരസ്ത്യസഭകൾക്കായുള്ള കാനോനിക നിയമസംഹിതയിലെ മൂന്നാം കാനോന വ്യക്ത മാക്കുന്നു: “ഈ നിയമസംഹിത പലപ്പോഴും ആരാധനക്രമപുസ്തകങ്ങളിലെ നിബന്ധനകൾ പരാമർശിക്കുന്നുണ്ടെങ്കിലും ആരാധനക്രമപരമായ കാര്യങ്ങളെപ്പറ്റി കൂടുതലായും നിയമ നിർമ്മാണം നടത്തുന്നില്ല.
അതിനാൽ പ്രസ്തുത നിബന്ധനകൾ ഈ നിയമസംഹിതയിലെ കാനോനകൾക്ക് വിരുദ്ധമല്ലാത്തപക്ഷം ശ്രദ്ധാപൂർവം പാലിക്കപ്പെടേണ്ടതാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ ആരാധനക്രമസംബന്ധമായ നിയമങ്ങൾ (Liturgical Laws) കാണപ്പെടുന്നത് ആരാ ധനക്രമപുസ്കങ്ങളിലാണ് (Liturgical Books). അവ കാനോനിക നിയമസംഹിത അനുസരി ക്കുന്നതുപോലെ തന്നെ അനുസരിക്കുവാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്.ഇത്തരുണത്തിൽ വിശകലനം ആവശ്യമായ ഒരു കാര്യം, പരിഷ്കരിച്ച് തക്സ 2021 നവംബർ 28-ാം തീയതി നിലവിൽ വന്നപ്പോൾ ചില രൂപതാദ്ധ്യക്ഷന്മാരും വൈദികരും സ്വീകരിച്ച ഒരു നിലപാടാണ്.
അവരുടെ വാദമനുസരിച്ച് അവർ പുതിയ തക്സ സ്വീകരിച്ചിരിക്കുന്നു. അതിലെ പ്രാർത്ഥനകളാണ് അവർ ചൊല്ലുന്നത്. അതിൽ നിഷ്കർഷിച്ചിരിക്കുന്ന ചില അനു ഷ്ഠാനവിധികൾ (rubrics) മാത്രമേ അവർ പാലിക്കാതിരിക്കുന്നുള്ളൂ എന്നതാണ്. അതിനു കാര ണമായി അവർ പറയുന്നത് അൻപതിൽപരം വർഷങ്ങളായി അവർ തുടരുന്ന പാരമ്പര്യങ്ങളും. ഈ വാദം രണ്ട് കാരണങ്ങളാൽ സ്വീകാര്യമല്ല.ഒന്നാമതായി, വിശുദ്ധ കുർബാനയുടെ തക്സാ സ്വീകരിക്കുകയെന്നു പറഞ്ഞാൽ അതിലെ പ്രാർത്ഥനകളും കർമ്മങ്ങളും സ്വീകരിക്കുക എന്നതാണ്. അതിലെ പ്രാർത്ഥനകൾ അതിലെ നിർദ്ദേശങ്ങൾ അനുസരിച്ചുകൊണ്ട് ചൊല്ലി പരികർമ്മം ചെയ്യുമ്പോഴാണ് അത് നിയമാനുസൃ തമായ പരസ്യദൈവാരാധനയായി മാറുന്നത്.
രണ്ടാമതായി, തങ്ങളുടെ പാരമ്പര്യം ജനാഭിമുഖ മായ ബലിയർപ്പണമാണെന്നുള്ള വാദത്തിന്റെ നിയമപരമായ സാധുതയാണ്. പൗരസ്ത്യസഭകളുടെ കാനോനിക നിയമസംഹിതയിൽ 1506 മുതൽ 1509 വരെയുള്ള കാനോനകളിലാണ് പാര്യമ്പര്യം അഥവാ ആചാരങ്ങളെപ്പറ്റി പ്രതിപാദിക്കുന്നത്. അതിൽ 1507 -ാം കാനോന ഇങ്ങനെ വിശദീകരിക്കുന്നു: “യുക്തിസഹമായതും, നിയമം സ്വീകരിക്കാനെങ്കിലും പ്രാപ്തമായ ഒരു സമുഹത്തിൽ ആരംഭിച്ചതും തുടർച്ചയായും അവിതർക്കിതമായും നിയമത്താൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലാവധിയോളം അനുഷ്ഠിച്ചു പോന്നിട്ടുള്ളതുമായ ഒരു ആചാരത്തിനുമാത്രമേ നിയമ പ്രാബല്യം ലഭിക്കുകയുള്ളൂ.
നിയമത്തിൽ വ്യക്തമായി നിരാകരിക്കപ്പെട്ട ഒരു ആചാരം യുക്തി സഹമല്ല,മേൽപ്പറഞ്ഞ കാനോനയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുമ്പോൾ ജനാഭിമുഖ ബലി യർപ്പണം സീറോ മലബാർ സഭയിൽ ഒരിക്കലും ഒരു സാധുവായ പാരമ്പര്യം ആയി നിയമാനു സൃതം അംഗീകരിക്കാനാവില്ല എന്നത് വ്യക്തം. കാരണം അത് എല്ലാക്കാലത്തും നിയമത്തിൽ വ്യക്തമായി നിരാകരിക്കപ്പെട്ട ഒന്നായിരുന്നു. അതുപോലെ തന്നെ അത് അവിതർക്കിതം (undisputed) അല്ലായിരുന്നു. പ്രത്യുത തർക്കിതവുമായിരുന്നു.
മൂന്നാമതായി, പല തവണ ജനാ ഭിമുഖ ബലിയർപ്പണം തെറ്റാണെന്ന് പൗരസ്ത്യ തിരുസംഘം വ്യക്തമായി സീറോ മലബാർ മെത്രാന്മാരെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. നാലാമതായി, അത് പൗരസ്ത്യസഭകളുടെ പാരമ്പര്യത്തിൽ ഇല്ലാത്തതുമാണ്. കൂടാതെ, അത് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പഠ നങ്ങൾക്ക് വിരുദ്ധവുമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകളിൽ ജനാഭി മുഖ ബലിയർപ്പണത്തെപ്പറ്റി ഒന്നും തന്നെ പറയുന്നില്ല എന്നതാണ് വസ്തുത. ലത്തീൻ സഭയിലും പൗരസ്ത്യസഭകളിലുമെല്ലാം കാർമ്മികരും ജനങ്ങളുമെല്ലാം ദൈവോന്മുഖമായി ഒരേ ദിശയി ലേക്ക് തിരിഞ്ഞ് ഒരു ദൈവജനമായി അൾത്താരാഭിമുഖമായി ദൈവത്തിനു ബലിയർപ്പിക്കുന്ന രീതിയായിരുന്നു അതുവരെയും ഉണ്ടായിരുന്നത്.
ഈ രീതിയിലായിരുന്നു ഇഗ്നേഷ്യസ് ലയോള, ഫ്രാൻസിസ് സേവ്യർ, വിശുദ്ധ ഡൊമിനിക്, പാദുവായിലെ വിശുദ്ധ അന്തോനീസ് തുടങ്ങി കത്തോലിക്കാസഭിലെ രണ്ടാം വത്തിക്കാൻ കൗൺസിലിനുമുമ്പ് ജീവിച്ച് കടന്നുപോയ വിശു ദ്ധരായ സകല വൈദികരും മെത്രാന്മാരും ബലിയർപ്പിച്ചിരുന്നത്. അവരാരും ദൈവജനത്തിന്റെ കണ്ണുകളിലേക്ക് നോക്കി ബലിയർപ്പിക്കുവാൻ സാധിക്കാതിരുന്നത് ഒരു കുറവായി കണ്ടില്ല. അവരുടെ ദിവ്യബലികളൊന്നും ഫലപ്രദമല്ലായിരുന്നുവെന്ന് ഒരു വിശ്വാസിയും കരുതിയതുമില്ല.
ലത്തീൻസഭയിൽ, രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം നടന്ന ആരാധനക്രമനവീക രണത്തിൽ പ്രൊട്ടസ്റ്റന്റ് സഭകളുടെ ആരാധനക്രമത്തിന്റെ സ്വാധീനഫലമായാണ് ജനാഭിമുഖ ബലിയർപ്പണരീതി നടപ്പിൽ വരികയുണ്ടായതെന്നാണ് വസ്തുത. ഇക്കാര്യം കൗൺസിലിൽ പങ്കെടുത്ത ബെനഡിക്ട് പതിനാറാമൻ മാർപാപ്പാ തന്റെ Spirit of the Liturgy എന്ന പുസ്ത കത്തിൽ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ലത്തീൻ സഭയിൽ കാണുന്നതെല്ലാം അതേപടി അനുകരിക്കുകയല്ല പൗരസ്ത്യസഭകൾ ചെയ്യേണ്ടതെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ അതിന്റെ പൗരസ്ത്യസഭകളെപ്പറ്റിയുള്ള ഡിക്രിയിൽ ഇങ്ങനെ പ്രതിപാദിക്കുന്നു: “നിയമാനു സൃതമായ ആരാധനക്രമങ്ങളും ശി ക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യസഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജീവാത്മകമായ വളർച്ചയ്ക്ക വേണ്ടി മാത്രമല്ലാതെ യാതൊരു മാറ്റവും അവയിൽ വരുത്താവുന്നതല്ല.
അതിനാൽ ഏറ്റവും വിശ്വസ്തതയോടെ ഇവയെല്ലാം പൗരസ്ത്യർ തന്നെ അനുസരിക്കണം” (OE, 6). ഇതിൽ നിന്നും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനത്തോട് ചേർന്നുപോകുന്നതല്ല ജനാഭിമുഖ കുർബാന സീറോ മലബാർ സഭയിൽ എന്നത് വ്യക്തം.അതുപോലെതന്നെ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധനക്രമത്തെപ്പറ്റിയുള്ള കോൺസ്റ്റിറ്റ്യൂഷന്റെ 22-ാം ഖണ്ഡികയിൽ ഇങ്ങനെ നാം കാണുന്നു:
1. “ആരാധനക്രമത്തിന്റെ നിയന്ത്രണം തിരുസ്സഭാധികാരികളെ, അതായത്, പരിശുദ്ധ സിംഹാസനത്തേയും നിയമം അനുവദിക്കുന്നെങ്കിൽ മെത്രാനേയും ആശ്രയിച്ചിരിക്കുന്നു.
2. നിയമദത്തമായ അംഗീകാരമുപയോഗിച്ച് നിശ്ചിത പരിധിക്കുള്ളിൽ നിയമാനുസാരം സ്ഥാപിതമായ മെത്രാന്മാരുടെ പ്രാദേശികസംഘങ്ങൾക്കും ആരാധനക്രമസംബന്ധമായ നിയമനിർമ്മാണം നടത്താവുന്നതാണ്.
3. തന്മൂലം മറ്റാർക്കും ഒരു വൈദികനുപോലും സ്വാധികാരത്താൽ ആരാധനക്രമത്തിൽ എന്തെങ്കിലും കൂട്ടു കയോ കുറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതല്ല” (SC, 22).
ഈ മേലുദ്ധരിച്ച കൗൺസിൽ ഡിക്രിയിൽനിന്ന് വ്യക്തമാണ് ആരാധനക്രമത്തിൽ ഒരു മെത്രാനും അനിയന്ത്രിതമായ അധികാരങ്ങളോ അവകാശങ്ങളോ ഇല്ല എന്നത്. “നിയമം അനുവദിക്കുന്നെങ്കിൽ” എന്നാണ് മെത്രാന്റെ അവകാശത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്. അതിനാൽ തന്നെ, നിയമത്തിൽ എന്തു പറഞ്ഞിരിക്കുന്നു എന്ന്പരിശോധിക്കേണ്ടിയിരിക്കുന്നു. പൗരസ്ത്യസഭകൾക്കായുള്ള നിയമസംഹിതയിൽ 674-ാം കാനോനയുടെ ഒന്നാം ഖണ്ഡിക ഇങ്ങനെ നിർദ്ദേശിക്കുന്നു. “കൂദാശകൾ പരികർമ്മം ചെയ്യുമ്പോൾ ആരാധനക്രമപുസ്തകങ്ങ ളിലുള്ള കാര്യങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.
രണ്ടാം ഖണ്ഡികയിൽ തുടർന്ന് ഇങ്ങനെ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു: “നിയമം മറിച്ച് അനുശാസിക്കുകയോ ശ്ലൈഹിക സിംഹാസന ത്തിൽനിന്ന് പ്രത്യേക അധികാരം ലഭിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ കാർമ്മികൻ തന്റെ സ്വയാധികാര സഭയിലെ ആരാധനക്രമവിധികൾ അനുസരിച്ച് കൂദാശകൾ പരികർമ്മം ചെയ്യേണ്ടതാ ണ്. അതുപോലെ തന്നെ, CCEO 657-ാം കാനോന ഇങ്ങനെ നിർദ്ദേശിക്കുന്നു; “ശ്ലൈഹിക സിംഹാസനത്തിന്റെ മുൻകൂട്ടിയുള്ള പരിശോധനയ്ക്കുശേഷം ആരാധനക്രമപുസ്തകങ്ങൾ അംഗീകരിക്കുവാനുള്ള അവകാശം പാത്രിയാർക്കൽ സഭകളിൽ മെത്രാന്മാരുടെ സിനഡിന്റെ സമ്മതത്തോടുകൂടി പാത്രിയാർക്കീസിനുള്ളതും, മെത്രാപ്പോലീത്തൻ സ്വയാധികാരസഭകളിൽ മേലദ്ധ്യക്ഷന്മാരുടെ സമിതിയുടെ സമ്മതത്തോടുകൂടി മെത്രാപ്പോലീത്തായ്ക്കുള്ളതുമാണ്.
CCEO യിലെ 152-ാം കാനോനയനുസരിച്ച് മുകളിൽ പറഞ്ഞ അധികാരം സീറോ മലബാർ സഭയിൽ സിനഡിന്റെ സമ്മതത്തോടുകൂടി മേജർ ആർച്ചുബിഷപ്പിൽ നിക്ഷിപ്തമായിരിക്കുന്നു. ഈ നിയമാനുസൃതം പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തിനുശേഷം സീറോ മല ബാർ സിനഡിന്റെ സമ്മതത്തോടുകൂടി സഭയുടെ തലവൻ വിളംബരം ചെയ്ത് നടപ്പിൽ വരു ത്തിയതാണ് സീറോ മലബാർ സഭയുടെ പുതിയ കുർബാനക്രമവും അതിനോട് ബന്ധപ്പെട്ട ദൈവാരാധന സംബന്ധിയായ നിയമങ്ങളും (liturgical laws).
ഈ നിയമങ്ങൾ സഭയുടെ ഏറ്റവും ഉന്നതമായിട്ടുള്ള അധികാരകേന്ദ്രത്തിൽനിന്ന് വന്നിട്ടുള്ളതായതിനാൽ, അതിന് താഴെയുള്ള ഏത് അധികാരിയും അതിനെതിരായി നിയമമോ കൽപ്പനയോ പുറപ്പെടുവിച്ചാൽ അത് അസാ ധുവായിരിക്കും: “മേലധികാരിയുടെ നിയമത്തിനു വിരുദ്ധമായ ഒരു നിയമം സാധുവായി നടപ്പിലാക്കുവാൻ താഴ്ന്ന നിയമദാതാവിനു സാദ്ധ്യമല്ല” (CCEO, c.985, para 2). ഇതിൽനിന്നുതന്നെ സീറോ മലബാർ സഭയിലെ യാതൊരു മെത്രാനും സഭയുടെ ആരാധനക്രമസംബന്ധിയായ നിയമങ്ങൾക്കെതിരായി സ്വന്തം രൂപതയിൽ നിയമനിർമ്മാണം സാധുവായി നടത്തുവാൻ സാധിക്കുകയില്ല എന്ന് വ്യക്തം.
അതിനാൽത്തന്നെ, ഏതെങ്കിലും രൂപതാ മെത്രാൻ തന്റെ രൂപത യിൽ, സിനഡിന്റെ അംഗീകാരത്തോടുകൂടി മേജർ ആർച്ചുബിഷപ്പ് വിളംബരം നടത്തി നടപ്പി ലാക്കിയ ആരാധനക്രമനിയമങ്ങൾക്ക് വിരുദ്ധമായി നിയമങ്ങളോ കല്പനകളോ പുറപ്പെടുവി ച്ചിട്ടുണ്ടെങ്കിൽ അവ തികച്ചും അസാധുവാണെന്ന് വേണം കണക്കാക്കാൻ.ഇത്തരുണത്തിൽ CCEO യിലെ 199-ാം കാനോന കൂടി നാം കൂട്ടി വായിക്കേണ്ടതാണ്. “തനിക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന രൂപതയിലെ ആരാധനജീവിതം മുഴുവന്റേയും നിയന്താവും പ്രോത്സാഹകനും സംരക്ഷകനും എന്ന നിലയിൽ അതിനെ പരമാവധി പരിപോഷിപ്പിക്കുവാനും സ്വയാധികാരസഭയുടെ നിയമാനുസൃതമായ ആചാരങ്ങളും നിബന്ധനകളും അനുസരിച്ച് ക്രമീ കരിക്കുവാനും രൂപതാ മെത്രാൻ ശ്രദ്ധാലുവായിരിക്കണം” (CCEO, c.119, para 1), സ്വന്തം ബോദ്ധ്യങ്ങൾക്കനുസരിച്ചല്ല, പ്രത്യുത “സ്വയാധികാരസഭയുടെ നിയമാനുസൃതമായ ആചാര ങ്ങളും നിബന്ധനകളും അനുസരിച്ചാണ് രൂപതാമെത്രാൻ തനിക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന രൂപതയിലെ ആരാധനജീവിതം ക്രമീകരിക്കേണ്ടതെന്ന് കാനൻ നിയമം അർത്ഥശങ്കയ്ക്കിടയി ല്ലാത്തവിധം ഇവിടെ പ്രഖ്യാപിക്കുന്നു.
എന്നാൽ രൂപതാദ്ധ്യക്ഷന്മാരായ മെത്രാന്മാർക്ക് തങ്ങളുടെ രൂപതയിൽപ്പെട്ട വിശ്വാസികളെ, അവരുടെ ആത്മീയ നന്മകൾക്കുപകരിക്കുന്ന പ്രത്യേക അവസരങ്ങളിൽ പൊതു നിയമ ത്തിൽനിന്നും പ്രത്യേക നിയമത്തിൽ നിന്നും വിടുതൽ നല്കുവാൻ സാധിക്കും എന്ന് 1538-ാം കാനോനയുടെ ഒന്നാം ഖണ്ഡികയിൽ പ്രതിപാദിക്കുന്നു: “നിയമങ്ങൾ നല്കിയിരിക്കുന്ന അധികാരി ഒഴിവു നല്കൽ തനിക്കായി സംവരണം ചെയ്തിട്ടില്ലാത്തപക്ഷം, നിയമാനുസൃതം തനിക്കു വിധേയരായ ക്രൈസ്തവവിശ്വാസികളുടെ ആദ്ധ്യാത്മിക നന്മയ്ക്കുപകരിക്കുമെന്ന് വിചാരിക്കുമ്പോഴൊക്കെയും രൂപതാദ്ധ്യക്ഷന് ഒരു പ്രത്യേക കാര്യത്തിൽ പൊതുനിയമ ത്തിൽനിന്നും തന്റെ സ്വയാധികാര സഭയുടെ പ്രത്യേക നിയമത്തിൽ നിന്നും അവർക്ക് ഒഴിവു നല്കാവുന്നവയാണ്.
ഈ നിയമം ഉപയോഗിച്ച് നിയമാനുസരണത്തിൽനിന്ന് ഒഴിവു നല്കുവാൻ ചില നിബന്ധനകൾ ഈ കാനോന തന്നെ നല്കുന്നുണ്ട്. ഒന്നാമതായി, നിയമങ്ങൾ നല്കി യിരിക്കുന്ന അധികാരി ഒഴിവു നല്കുവാനുള്ള അധികാരം തനിക്കായി സംവരണം ചെയ്താൽ പിന്നെ ഒരു മെത്രാനും ആ നിയമത്തിൽ നിന്ന് ഒഴിവു നല്കാൻ സാദ്ധ്യമല്ല. അതായത്, സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മെത്രാൻ സിനഡിന്റെ സമ്മതത്തോടുകൂടി, അൾത്താരാഭിമുഖമായ കുർബാനയിൽ നിന്നും ആർക്കും ഒഴിവു കൊടുക്കുവാൻ ഒരു മെത്രാനും അധി കാരമില്ല എന്ന് വിളംബരം ചെയ്താൽ പിന്നെ അങ്ങനെ ഏതെങ്കിലും രൂപതാമെത്രാൻ ഒഴിവു നല്കിയാൽ അത് അസാധുവായിരിക്കും.
അതിലുപരി അത് അനുസരണക്കേടും അധികാര ദുർവിനിയോഗവുമായി മാറും. മനഃപൂർവമായ അനുസരണക്കേടും അധികാര ദുർവിനിയോഗവും കാനൻ നിയമമനുസരിച്ച് ശിക്ഷാർഹവുമാണ് (CCEO, c.1464,1446,1447). എന്നാൽ മെത്രാ ന്മാരെ ശിക്ഷിക്കുവാനുള്ള അധികാരം മാർപാപ്പായിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത് (CCEO, c. 1060, 1°).രണ്ടാമതായി, നിയമാനുസരണത്തിൽ നിന്ന് പൊതുവായ വിടുതൽ കൊടുക്കുവാൻ ഒരു രൂപതാ മെത്രാനും അവകാശമില്ല എന്ന കാര്യവും 1538-ാം കാനോനയിൽ നിന്ന് വ്യക്തമാണ്.“ഒരു പ്രത്യേക കാര്യത്തിൽ” (in special cases) എന്ന് ഇവിടെ പ്രത്യേകം പ്രതിപാദിക്കുന്നു ണ്ട്. ഈ കാനോന് ശരിക്കും മനസ്സിലാകണമെങ്കിൽ നിയമാനുസരണത്തിൽ നിന്നുള്ള ഒഴിവ് എന്നതുകൊണ്ട് എന്താണ് വിവക്ഷിക്കുന്നതെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.
CCEO യിലെ 1536-ാം കാനോന ഒഴിവിനെ ഇങ്ങനെ നിർവചിച്ചിരിക്കുന്നു: “ഒരു പ്രത്യേക കാര്യത്തിൽ കേവലം സഭാപരമായ നിയമങ്ങളിൽ നിന്നും ഇളവു നല്കിക്കൊണ്ടുള്ള ഒഴിവാക്കൽ (dispensation), ന്യായവും യുക്തവുമായ കാരണങ്ങൾ ഉള്ളപ്പോൾ മാത്രം, വിഷയത്തിന്റെ സാഹചര്യങ്ങളും ഒഴിവു നല്കപ്പെടേണ്ട നിയമത്തിന്റെ ഗൗരവവും കണക്കിലെടുത്തുകൊണ്ട് നല്കപ്പെടാവുന്ന താണ്; മറിച്ചാണെങ്കിൽ ഒഴിവു നല്കൽ നിയമവിരുദ്ധവും, നിയമദാതാവോ അയാളുടെ മേലധികാരിയോ അല്ല നല്കുന്നതെങ്കിൽ അസാധുവുമായിരിക്കും. നിയമം പൊതുനന്മയ്ക്കുവേ ണ്ടിയുള്ളതാണ്. എന്നാൽ പൊതുനന്മയ്ക്കുതകുന്ന ഒരു നിയമം ഒരു വ്യക്തിക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ പാലിക്കുവാൻ സാധിക്കാതെ വരുമ്പോൾ ആ വ്യക്തിയുടെ ആദ്ധ്യാത്മിക നന്മയെ ലക്ഷ്യമാക്കി, ആ കാരണം നീണ്ടുനില്ക്കുന്നിടത്തോളം കാലം രൂപതാമെത്രാൻ നല്കുന്നതാണ് നിയമാനുസരണത്തിൽനിന്നുള്ള ഒഴിവ് അഥവാ ഡിസ്പെൻസേഷൻ.
ഇത് ഒരു പ്രത്യേക വ്യക്തിക്ക് നല്കുന്നതാണ്, അതും ഒരു പ്രത്യേകകാലയളവിലേക്ക്. ഉദാഹരണത്തിന്, കാലൊടിഞ്ഞ ഒരു വൈദികന് കാൽ സുഖപ്പെടുന്നതുവരെ നിന്നുകൊണ്ട് ബലി അർപ്പിക്കുന്ന നിയമത്തിൽ നിന്ന് ഒഴിവു നല്കുവാൻ രൂപതാ മെത്രാന് കഴിയും. 2020 നവംബർ 9-ാം തീയതി പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം വ്യക്തമായി ഇക്കാര്യത്തെപ്പറ്റി ഇങ്ങനെ നിർദ്ദേശിക്കുന്നുണ്ട്; അതായത്, 1538-ാം കാനോനയുടെ ഒന്നാം ഖണ്ഡിക അനുസരിച്ച് ഒരു രൂപതാമെത്രാൻ ഒഴിവ് നല്കുന്നത് പ്രത്യേക കാരണങ്ങളുടെ അടിസ്ഥാനത്തിലും പ്രത്യേക കേസുകളിലും കൃത്യമായി നിർണ്ണയിച്ചിട്ടുള്ള സമയപരിധിയിലേയ്ക്കും മാത്രമായിരിക്കണം എന്ന്. ഇത് പുതിയ ഒരു നിയമമോ ഒരു കല്പനയോ പുതിയ ഒരു വ്യാഖ്യാനവുമല്ല, പ്രത്യുത, ആ കാനോനയുടെ ആധികാരികമായ വിശദീകരണം മാത്രമാണ്.
2021 നവംബർ 26-ാം തീയതി പൗരസ്ത്യ തിരുസംഘം മാർ ആൻ്റെണി കരിയിൽ പിതാവിനു നല്കിയ കത്തിൽ, എറണാകുളം -അങ്കമാലി അതിരൂപതയുടെ മെട്രോപൊളിറ്റൻ വികാരി എന്ന നിലയിൽ 1538-ാം കാനോന അനു സരിച്ചുള്ള ഒഴിവു നല്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട് എന്നു മാത്രമാണ് വ്യക്തമാക്കിയത്. അല്ലാതെ, പൊതുനിയമത്തിനെതിരായി നിയമം നിർമ്മിക്കുവാനോ കല്പനകളിറക്കുവാനോ ഉള്ള അധികാരം ഉണ്ട് എന്നല്ല. 1538-ാം കാനോനയിൽ പറഞ്ഞിരിക്കുന്ന ഒഴിവ് നൈയാമികഭാഷയിൽ പറഞ്ഞാൽ “സിംഹാസനകല്പനകൾ’ അഥവാ Rescript എന്ന ഭരണപരമായ നടപടിക്രമത്തിലാണ് വരിക. രൂപതാമെത്രാൻ നല്കുന്ന ഒഴിവുകൾ ഇങ്ങനെയുള്ള സിംഹാസനകല്പനകളുടെ രൂപത്തിലാണ് വേണ്ടത്.
അതിനു പകരം Precept അഥവാ വ്യക്തിഗതപ്രമാണങ്ങൾ എന്ന വിഭാഗത്തിൽപ്പെട്ട കല്പനകളായി അവ നല്കുവാൻ പാടുള്ളതല്ല. എന്നാൽ 1538-ാം കാനോനയുടെ അടിസ്ഥാന ത്തിൽ ഒഴിവു നല്കലെന്ന വ്യാജേന, പ്രീസെപ്റ്റുകൾ അഥവാ വ്യക്തിഗതപ്രമാണങ്ങളും കല്പ്പ നകളും പുറപ്പെടുവിച്ച നടപടി തികച്ചും നിയമവിരുദ്ധം തന്നെ. അതു മാത്രമല്ല, അത് വിശ്വാസി കളുടെ അവകാശത്തിന്റെ ലംഘനവുമാണ്: “തങ്ങളുടെ സ്വയാധികാര സഭയുടെ നിബന്ധന കൾക്കനുസരിച്ച് ദൈവാരാധന നടത്തുന്നതിനും സഭയുടെ പ്രബോധനങ്ങൾക്കനുസൃതമായി തങ്ങളുടെ ആദ്ധ്യാത്മിക ജീവിതരീതി പിഞ്ചെല്ലുന്നതിനും ക്രൈസ്തവവിശ്വാസികൾക്ക് അവ കാശമുണ്ട്” (CCEO, c.17), നിയമം അനുസരിക്കുവാനുള്ള ഓരോ ക്രൈസ്തവവിശ്വാസിയു ടെയും അവകാശം യാതൊരു രൂപതാമെത്രാനും കല്പനയാൽ നിഷേധിക്കാനാവില്ല എന്ന് വ്യക്തം.
എന്നാൽ, പ്രത്യേക സാഹചര്യത്തിൽ പൊതുനിയമം, അത് ദൈവാരാധനയുടെ അനുഷ്ഠാനവുമായി ബന്ധപ്പെട്ടതാണെങ്കിൽ പോലും, അനുസരിക്കുവാനുള്ള ഗൗരവമായ ബുദ്ധിമുട്ടുള്ള വ്യക്തികൾക്ക്, അത് നൈയാമിക വ്യക്തിയാണെങ്കിൽ പോലും, ആ ബുദ്ധിമുട്ട് നിലനി ല്ക്കുന്നിടത്തോളം കാലം, രൂപതാദ്ധ്യക്ഷൻ ഒഴിവു നല്കുന്നത് നൈയാമികമായി നിലനില്ക്കും. എന്നാൽ, അനുസരിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കുവാൻ സാധിക്കുമായിട്ടും അതിനായി പരിശ്രമിക്കാതിരിക്കുന്നത് കാനൻ നിയമത്തിലെ 1464-ാം കാനോനയുടെ രണ്ടാം ഖണ്ഡികയിൽ പറയുന്ന കുറ്റകരമായ അനാസ്ഥയുടെ വകുപ്പിൽ ശിക്ഷാർഹമാകുവാനുള്ള സാദ്ധ്യതയും തള്ളിക്കളയാവുന്നതല്ല.
നിയമാനുസരണത്തിൽനിന്ന് ഒഴിവു നല്കാനുള്ള അധികാരം പൊതുനിയമമനുസരിച്ച് രൂപതാദ്ധ്യക്ഷന് മാത്രമുള്ളതാണ്. എന്നാൽ അതേ അധികാരം മാർ കരിയിലിന് പ്രത്യേകമായി നല്കപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രധാനപ്പെട്ട കാര്യങ്ങളിലെല്ലാം അദ്ദേഹം മേജർ ആർച്ചുബിഷപ്പിൻ്റെ അഭിപ്രായമാരായാൻ കടപ്പെട്ടിരിക്കുന്നു. CCEO യിലെ 934 ൻ്റെ രണ്ടാം ഖണ്ഡികപ്രകാരം “ആലോചനയാണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിൽ, അധികാരി പ്രസ്തുത വ്യക്തികളുമായി ആലോചിക്കുന്നില്ലാത്ത സാഹചര്യത്തിൽ നൈയാമിക പ്രവൃത്തി അസാധുവായിരിക്കും” എന്ന കാര്യവും ഇവിടെ ഓർക്കേണ്ടതാണ്. ചുരുക്കിപ്പറഞ്ഞാൽ, പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാനൻ നിയമസംഹിത വിഭാവനം ചെയ്തിരിക്കുന്ന രീതിയിലായിരുന്നില്ല നിയമാനുസരണത്തിൽ നിന്നുള്ള വിടുതൽ പൊതുവായി നല്കിക്കൊണ്ടുള്ള ചില രൂപതാ ഭരണാധികാരികളുടെ കല്പനകൾ എന്ന് വ്യക്തം.
By, റവ. ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.