2024 -25 അക്കാദമിക് കലണ്ടർ പുറത്തിറക്കി

അധ്യാപക സംഘടനകളുടെ കടുത്ത എതിർപ്പ് അവഗണിച്ച് സംസ്ഥാനത്തെ 10–ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയനവർഷം പ്രവൃത്തിദിനങ്ങൾ 220 ആക്കി. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണിത്.

ഇതനുസരിച്ചുള്ള പുതിയ അക്കാദമിക് കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. കഴിഞ്ഞവർഷം 204 പ്രവൃത്തി ദിവസമായിരുന്നു. പ്രവൃത്തിസമയം കൂടുതലുള്ള ഹയർ സെക്കൻഡറിയിലും വൊക്കേഷനൽ ഹയർ സെക്കൻഡറിയിലും പ്രവൃത്തിദിവസങ്ങൾ 195 ആയി തുടരും.

പുതിയ കലണ്ടർ അനുസരിച്ച് 1 മുതൽ 10 വരെ ക്ലാസുകളിൽ 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും. ഇതിൽ 16 എണ്ണം തുടർച്ചയായ 6 പ്രവൃത്തിദിനം വരുന്ന ആഴ്ചകളിലാണ്.

കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ഒരു അധ്യയന വർഷം 220 പ്രവൃത്തി ദിനങ്ങളാണു വേണ്ടത്. പ്രത്യേക സാഹചര്യത്തിൽ ഇതിൽ 20 ദിവസം വരെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഇളവു നൽകാം. പക്ഷേ കഴിഞ്ഞതിനു മുൻപത്തെ വർഷം വരെ എല്ലാ ക്ലാസിലും 195 പ്രവൃത്തി ദിവസങ്ങളായിരുന്നു.

കഴിഞ്ഞവർഷം മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരം 204 ദിവസമാക്കി ഉയർത്തി. ഇത്തവണ 210 ദിവസമാക്കാൻ മന്ത്രി നിർദേശിച്ചെങ്കിലും 204 ദിവസങ്ങൾ തന്നെ മതിയെന്നായിരുന്നു ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മേൽനോട്ട സമിതി ശുപാർശ.

എന്നാൽ, പഠന നിലവാരത്തെ ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ചട്ടപ്രകാരമുള്ള അധ്യയന ദിനങ്ങൾ കുറയ്ക്കുന്നതിനെതിരെ മൂവാറ്റുപുഴ എബനേസർ സ്കൂൾ മാനേജർ സി.കെ.ഷാജിയും പിടിഎയും ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി നിർദേശം അനുസരിച്ച് ഹർജിക്കാരുമായി സർക്കാർ ഹിയറിങ് നടത്തിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഇതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സർക്കാർ നടപടി.

സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നു കോൺഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ അറിയിച്ചു. സംഘടനകളുമായി ചർച്ച ചെയ്താകണം അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ഉദ്യോഗസ്ഥരുടെ കുതന്ത്രങ്ങൾ അംഗീകരിക്കില്ലെന്നും സിപിഐ അനുകൂല അധ്യാപക സംഘടനയായ എകെഎസ്ടിയു പ്രതികരിച്ചു. സിപിഎം അനുകൂല സംഘടനയായ കെഎസ്ടിഎയും വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ എതിർപ്പ് ഉയർത്തിയിരുന്നു.

error: Content is protected !!