ദൈവ പരിപാലനയിൽ ആശ്രയിക്കുന്നവരാകാം

യഥാർത്ഥ ഓഹരി
ലൂക്കാ 18 : 18 – 30

“നല്ലവനായ ഗുരോ” നന്മയെന്നത് ദൈവസ്വഭാവമാണ്. ഈ ദൈവീക നന്മയാണ് സൃഷ്ടിയുടെ ആരംഭം മുതലേ, സകല സൃഷ്ടികളിലും പ്രതിധ്വനിക്കുന്നത്. കാരണം, അവന്റെ സൃഷ്ടിയെല്ലാം നല്ലതായിരുന്നു എന്നവൻ കണ്ടു.

ഈ ഭൂമിയിലെ, ധനത്തിനോ അധികാരങ്ങൾക്കോ നൽകാൻ കഴിയാത്ത ഒന്നാണ്, നിത്യജീവൻ. എന്നാൽ, നമുക്ക് ആശ്രയിക്കാവുന്ന ഒന്നുണ്ട് – ദൈവം. നിത്യരക്ഷയും നിത്യജീവനും നൽകാൻ കഴിയുന്നത് അവന് മാത്രമാണ്. അത് ഈ ലോകജീവിതത്തിന്റെ തുടർച്ചയാണ്.

എന്നാൽ അത് നേടിയെടുക്കാനുള്ള മാർഗ്ഗമോ, ഈ ലോകത്തിലുള്ള സകലതും ഉപേക്ഷിച്ചു, നിത്യജീവന്റെ ദാതാവിനെ അനുഗമിക്കുക എന്നതും. അതിനായി, ദൈവപ്രമാണങ്ങൾ അനുസരിക്കുക മാത്രമല്ലാ ചെയ്യേണ്ടത്, അവ നൽകിയ ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുക കൂടിവേണം.

അധികാരവും സ്വത്തും നിയമപാലനവുമല്ലാ വേണ്ടത്, നശ്വരങ്ങളായ അവയേക്കാളുപരി, ദൈവത്തിൽ ആശ്രയിക്കുക. ഈ ആശ്രയം എന്നത്, ശിഷ്യത്വത്തിലേക്കുള്ള ആദ്യ പടിയാണ്. ഉപേക്ഷിക്കലും അനുഗമിക്കലുമാണ് അവനിലേക്കുള്ള ശിഷ്യത്വം. ഏറ്റവും പരമപ്രധാനമായ ജീവിതമൂല്യം ദൈവം തന്നെയാണ്. സമ്പത്തല്ല, ദൈവമാണ് എന്റെ ഓഹരി.

പലപ്പോഴും ദൈവമെന്ന ഓഹരി സ്വന്തമാക്കാൻ നമുക്ക് തടസ്സമായി നിൽക്കുന്നതും, നമ്മുടെ അധികാരവും സമ്പത്തുമാണ്. അതിനെ ഉപേക്ഷിക്കൽ അസാധ്യമായ കാര്യമായതിനാൽ, അസാധ്യതകളുടെ ഉദാഹരണങ്ങൾ നിരത്തി, അവൻ അതിനർത്ഥം അവർക്ക് വ്യക്തമാക്കിക്കൊടുക്കുന്നു.

എങ്കിലും, അസാധ്യതകളെ സാധ്യതകളാക്കുന്ന ദൈവത്തെ, അവൻ ഓർമ്മിപ്പിക്കുന്നു. കാരണം, രക്ഷ നാം നേടിയെടുക്കുന്നതല്ല, അത് ദൈവത്തിന്റെ ഔദാര്യമാണ്. യഥാർത്ഥ ശിഷ്യത്തിലൂടെ, എല്ലാം ഉപേക്ഷിച്ചു, അവനെ അനുഗമിച്ചെങ്കിലെ, അത് കരഗതമാക്കുവാൻ നമുക്ക് കഴിയൂ.

ദൈവവുമായുള്ള നമ്മുടെ സമ്പൂർണ്ണ ഐക്യത്തിന്, ഉപേക്ഷിക്കലിന്റെ പാഠമല്ലാതെ മറ്റൊന്നില്ല. നിത്യജീവനിലേക്കുള്ള നമ്മുടെ ചവിട്ടുപടികളിൽ, ദൈവമായിരിക്കട്ടെ നമ്മുടെ ഓഹരി.

error: Content is protected !!