ലൂക്കാ 23 : 33 – 43
ആശ്രയിക്കുക…രക്ഷ നേടുക…
യേശുവിന്റെ മരണവും, അതിനെത്തുടർന്നുള്ള പ്രതികരണങ്ങളുമാണ് വചനഭാഗം.
ഇവ ഓരോന്നും യേശുവിന്റെ വെളിപ്പെടുത്തലുകൾ സ്ഥിരീകരിക്കുന്നവയാണ്. നിരപരാധിയും നീതിമാനുമായ യേശു അന്യായമായി സഹിക്കുമ്പോഴും, ജീവൻ ബലിയായി പിതാവിന് സമർപ്പിക്കുമ്പോഴും, പ്രവചനങ്ങളുടെ പൂർത്തീകരണവും സ്ഥിരീകരണവുമാണ് നടക്കുന്നത്.
ഈ വേദനകൾക്ക് നടുവിലും അവൻ രക്ഷ ദാനമായി നൽകുന്നു. സ്വന്തരക്തത്താൽ അവൻ മനുഷ്യകുലത്തെ മുഴുവനായും വീണ്ടെടുത്തു. അവനോടുകൂടെ ക്രൂശിക്കപ്പെട്ട കുറ്റവാളികളിൽ, വലത്തെ കള്ളൻ, സ്വയം ആത്മശോധനയ്ക്ക് വിധേയപ്പെട്ടു രക്ഷനേടുന്നു.
ദൈവത്തെ ഭയപ്പെടാനും ശാരീരികമായ രക്ഷയേക്കാൾ ആത്മീയരക്ഷ അവൻ കാംക്ഷിക്കുന്നു. അവൻ ആത്മശോധനയ്ക്കും മാനസാന്തരത്തിനും ദൈവാശ്രയത്തിനും തയ്യാറായി, അപരനെക്കൂടി അതിനായി പ്രേരിപ്പിക്കുന്നു.
നമുക്കും ജീവിതത്തിലെ അനിവാര്യത എന്തെന്നാൽ, ദൈവത്തിൽ ആശ്രയിക്കുക, പ്രാർത്ഥനയോടെ അവനോട് ചേർന്ന് നിൽക്കുക എന്നതുമാത്രം. ഇത് രക്ഷയുടെ കാലമാണ്. അത് കരഗതമാക്കണമെങ്കിൽ നാമും അവനിൽ ആശ്രയിച്ചേ മതിയാകൂ.