Meditations Reader's Blog

അടയാളങ്ങൾ ആവശ്യപ്പെടാതെ, മാനസാന്തരത്തിലൂടെ ക്രിസ്തുവിൽ അഭയംതേടാം..

മത്തായി 12 : 38 – 42
വിശ്വസിക്കാൻ എന്തടയാളം?

ഏറെ സ്വീകാര്യവും വിശ്വാസയോഗ്യവുമായ യോനായുടെ കഥ അവൻ അവരുടെ മുമ്പിൽ വയ്ക്കുന്നു. വരാനിരിക്കുന്ന വലിയ ഒരു അടയാളം അവൻ ഇവിടെ അനാവരണം ചെയ്യുകയാണ്, തന്റെ മരണവും ഉത്ഥാനവും.

എന്നാൽ അവിശ്വാസത്തിന്റെയും അജ്ഞതയുടെയും മൂടുപടമണിഞ്ഞവർക്ക് ഇതു അഗ്രാഹ്യമായ ഒരു അടയാളമായി മാറി. അവന്റെ കൂടെനടന്ന് എല്ലാം കണ്ടും കേട്ടും അനുഭവിച്ചും വളർന്ന ശിഷ്യർക്കോ, അവന്റെ ഈ വാക്കുകൾ, ഉത്ഥാനശേഷം വലിയ വിശ്വാസത്തിന്റെ അടയാളവുമായി മാറി.

യോനായുടെ ജീവിതവുമായി ഒരുപാട് സാമ്യമുണ്ട് ഈശോയുടെ ജീവിതത്തിനും. യോനായുടെ വാക്കുകൾക്ക് നിനിവേ നിവാസികളിൽ മാറ്റം ജനിപ്പിക്കാൻ കഴിഞ്ഞു. അവർക്ക് അവന്റെ വാക്കുകളേക്കാൾ വലിയ ഒരു അടയാളവും ആവശ്യമായി വന്നില്ല. അവർ ദൈവശിക്ഷയിൽനിന്നും ഒഴിവാക്കപ്പെട്ടു.

എന്നാൽ യേശു ഇവിടെ സ്വയം വെളിപ്പെടുത്തുമ്പോഴും, ഒരുപാട് അത്ഭുതങ്ങളും രോഗശാന്തിയും കണ്മുമ്പിൽ കാണുമ്പോഴും, അടയാളങ്ങൾ ആവശ്യപ്പെടുന്ന ജനത, അവിശ്വാസത്തിന്റെ പ്രതീകമായി ശിക്ഷ ഏറ്റുവാങ്ങും എന്നതിൽ തർക്കമില്ല.

അവന്റെ പ്രബോധനം സോളമനേക്കാൾ എത്രയോ ശ്രേഷ്ഠമായിരുന്നു. യേശുവിന്റെ ജീവിതത്തിലുടനീളം, അവന്റെ ജനനം മുതൽക്കെ തന്നെ, അടയാളങ്ങൾ സ്പഷ്ടമായിരുന്നു.

എന്നാൽ ഇവയൊക്കെ അറിഞ്ഞിട്ടും, തിരിച്ചറിവോടെ മാനസാന്തരഫലം പുറപ്പെടുവിക്കാൻ നിയമജ്ഞരും ഫരിസേയറും തയ്യാറാകുന്നില്ല എന്നത് അവരുടെ ചോദ്യത്തിൽ നിന്നും വ്യക്തം.

ഇതു നമുക്കുള്ള ഒരു താക്കീതുകൂടിയാണ്. കാരണം തിരുവചനവും പാരമ്പര്യങ്ങളും അവനേക്കുറിച്ചു വ്യക്തമായി നമ്മുടെ മുമ്പിൽ വരച്ചുകാട്ടുമ്പോൾ, സംശയത്തിനിടം നല്കാതെ, അടയാളങ്ങൾ ആവശ്യപ്പെടാതെ, മാനസാന്തരത്തിലൂടെ അവനിൽ അഭയംതേടാൻ നമുക്കാവേണ്ടതല്ലേ?

അങ്ങനെ കഴിഞ്ഞാൽ, നമ്മുടെ ഈ തലമുറയും വരും തലമുറകളും അനുഗ്രഹീതമായിത്തീരും, തീർച്ച. വിശ്വാസത്തോടെ അവനെ ഏറ്റുപറഞ്ഞു ഹൃദയത്തിൽ സ്വീകരിക്കാൻ നമുക്കാവട്ടെ.