സി. റെറ്റി FCC
പരിശുദ്ധ അമ്മ വഴി ദൈവത്തോടുള്ള നമ്മുടെ പ്രാര്‍ത്ഥനയാണ് ജപമാലയര്‍പ്പണം. അവിടുത്തെ രക്ഷാകരകര്‍മ്മത്തിന്റെ യോഗ്യത പരി. അമ്മയുടെ മാദ്ധ്യസ്ഥം വഴി നാം സ്വീകരിക്കുന്നു.
ഇന്ന് നാം പ്രാര്‍ത്ഥനയായി ഉരുവിട്ടുകൊണ്ടിരിക്കുന്ന ജപമാലയുടെ ചരിത്രം ആരംഭിക്കുന്നത് ഡൊമിനിക്കന്‍ സന്ന്യാസ സ്ഥാപകനായ വി. ഡൊമിനിക്കിലാണ്. വളരെ വിപല്‍ക്കരമായ ആല്‍ബി ജെല്‍സിയന്‍ പാഷണ്ഡതയെ പരാജയപ്പെടുത്താന്‍ തന്റെ പ്രസംഗങ്ങളെക്കാള്‍ ഭേദം ജപമാലയായിരിക്കുമെന്ന് വി. ഡൊമിനിക്കിന് വ്യക്തമായി. പരി. ദൈവമാതാവ് തന്നെയാണ് പാപത്തിനും ദൈവദൂഷണത്തിനും എതിരെയുള്ള മറുപടിയായിട്ട് ഈ ജപമാല ഉപദേശിച്ചത്.
1571 ഒക്ടോബറില്‍ ലെപ്പാന്റോ കടലിടുക്കില്‍ നടന്ന യുദ്ധത്തില്‍ ഓസ്ത്രിയായിലെ ഡോം ജൂവാന്‍ തുര്‍ക്കികളുടെ നാവികപ്പടയുമായി ഏറ്റുമുട്ടിയപ്പോള്‍ വി. പീയൂസ് പഞ്ചമനും ഭക്തജനങ്ങളും ജപമാല ചൊല്ലിക്കൊണ്ടിരുന്നു. അവസാനം ക്രിസ്ത്യന്‍ സൈന്യം തുര്‍ക്കികളെ തോല്പിക്കുകയും സഹസ്രക്കണക്കിനു ക്രിസ്ത്യാനികളെ മോചിപ്പിക്കുകയും ചെയ്തു.
ഈ വിജയത്തിന്റെ വാര്‍ഷികം വിജയമാതാവിന്റെ തിരുനാളായി കൊണ്ടാടണമെന്നു നിശ്ചയിച്ചു. 13-ാം ഗ്രിഗോരിയോസ് മാര്‍പാപ്പ ആ തിരുനാളിനെ ജപമാലത്തിരുനാള്‍ എന്നു നാമകരണം ചെയ്തു. 1716-ല്‍ ഹങ്കറിയിലെ എവുജീന്‍ രാജകുമാരന് വീണ്ടും തുര്‍ക്കികളെ പരാജയപ്പെടുത്തിയപ്പോള്‍ ജപമാലത്തിരുനാള്‍ സാര്‍വ്വത്രിക സഭയില്‍ കൊണ്ടാടാന്‍ നിശ്ചയിച്ചു. പതിമൂന്നാം ലെയോണ്‍ മാര്‍പാപ്പാ ഒക്ടോബര്‍ മാസം ജപമാല മാസമായി പ്രഖ്യാപിച്ചു.
പരിശുദ്ധ അമ്മയോടുള്ള പ്രത്യേക ബഹുമാനം പ്രകടമാക്കുന്ന ഒരു ഭക്ത അഭ്യാസമാണ് ജപമാല. ഒറ്റച്ചരടിലെ സുവിശേഷം എന്നാണ് വിശുദ്ധ പാദ്രേ പിയോ ജപമാലയെ വിശേഷിപ്പിക്കുക. ഈശോയുടെ മനുഷ്യാവതാരം പീഡസഹനം മഹത്തീകരണം എന്നിവ ഉൾക്കൊള്ളുന്നതാണിത്. പരിശുദ്ധ അമ്മ തന്റെ മക്കൾക്ക് നൽകിയിട്ടുള്ള മൂന്ന് സമ്മാനങ്ങൾ ആണ് ജപമാല, ഉത്തരിയം, അത്ഭുതമെഡൽ എന്നിവ.
തന്റെ മക്കളെ തിരിച്ചറിയാനുള്ള അടയാളവും കൂടിയാണിത്. എല്ലാ നാരകീയ ശക്തികൾക്കും എതിരായി പരിശുദ്ധ കന്യക നമുക്ക് നൽകിയിരിക്കുന്ന ദിവ്യ ആയുധമാണ് ജപമാല. ജപമാലയിലൂടെ പരിശുദ്ധ കന്യക വഴി ഈശോ നമ്മിൽ ജീവിക്കുന്നു. മറിയം വഴി ത്രിത്വത്തോടുള്ള സംഭാഷണമാണ് ജപമാല.
കൽക്കത്തയിലെ വിശുദ്ധ മദർ തെരേസ പറയുന്നു, ദിവസവും ഉള്ള ദിവ്യകാരുണ്യ സ്വീകരണവും പരിശുദ്ധ കന്യകാ മാതാവിനോടുള്ള ജപമാല പ്രാർത്ഥനയും ആണ് എന്റെ പ്രവർത്തന വേദിയിലെ ശക്തിയെന്ന്. ജപമാല എന്ന വാക്ക് Rosssrium എന്നാൽ ലാറ്റിൻ വാക്കിൽ നിന്ന് ഉണ്ടായതാണ് റോസാപ്പൂക്കളുടെ തോട്ടം എന്നാണ് ഇതിനർത്ഥം.
ഓരോ തവണയും ഭക്തിയോടെ ജപമാല ചെല്ലുമ്പോൾ 203 വെളുത്ത റോസപ്പൂക്കളും 21 ചുവന്ന റൂസപ്പൂക്കളം കൊണ്ടുള്ള കിരീടം യേശുവിന്റെയും മറിയത്തിന്റെയും ശിരസ്സിൽ വയ്ക്കുകയാണ് ചെയ്യുന്നത്. ഈ റോസപുഷ്പങ്ങൾ സ്വർഗ്ഗീയ പുഷ്പങ്ങൾ ആയിരിക്കുന്നതുകൊണ്ട് ഒരിക്കലും അവയുടെ നിറം വാങ്ങുകയോ അനുപമ സൗന്ദര്യം നഷ്ടപ്പെടുകയോ ചെയ്യുന്നില്ല.
പ്രസിദ്ധനായിരുന്ന ബ്രദർ അൽഫോൺസ് റോഡ്രിഗസ് വളരെയേറെ ഭക്തിയോടു കൂടെയാണ് ജപമാല ചൊല്ലിയിരുന്നത്. ജപമാലയിലെ സ്വർഗ്ഗസ്ഥനായ പിതാവേ ചെല്ലുമ്പോൾ എല്ലാം ഒരു ചുവന്ന റോസാപ്പൂവും നന്മ നിറഞ്ഞ മറിയമേ ചെല്ലുമ്പോൾ ഒരു വെളുത്ത റോസാപ്പൂവും തന്റെ വായിൽ നിന്നും നിർഗമിക്കുന്നതായി അദ്ദേഹം പലപ്പോഴും ദർശിച്ചിരുന്നു. സൗന്ദര്യത്തിലും സുഗന്ധത്തിലും ഒരുപോലെ ആയിരുന്നു അവ. നന്മ നിറഞ്ഞ മറിയമാണ് മറിയത്തിന് കൊടുക്കുവാൻ നമുക്ക് കഴിയുന്ന ഏറ്റവും വലിയ അഭിനന്ദനം. മറിയത്തെ സ്തുതിക്കുന്ന ഒരു കീർത്തനമാണിത്.
നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന. പിശാചിനെ പലായനം ചെയ്യിക്കുന്നതും സ്നേഹത്തിൻ്റെ ആയുധവും ആത്മാവിന്റെ വിശുദ്ധിയും മാലാഖമാരുടെ സന്തോഷവും മറിയത്തിന്റെ ആനന്ദവും ആണെന്ന് വിശുദ്ധർ അഭിപ്രായപ്പെടുന്നു ആത്മാവിനെ ഫലപുഷ്ടം ആക്കാൻ സ്വർഗ്ഗത്തിൽ നിന്ന് പെയ്യുന്ന മഞ്ഞുതുള്ളിയാണ് നന്മ നിറഞ്ഞ മറിയം.
നാം അവൾക്ക് സമ്മാനിക്കുന്ന റോസ പുഷ്പം ആണത്. ഈശോയുടെ അധരങ്ങളിൽ നിന്ന് പുറപ്പെട്ട ആരാധനയുടെയും സ്തോത്രത്തിന്റെയും യാചനയുടെയും മനോജ്ഞമായ പ്രകടനമാണ് കർത്തൃ പ്രാർത്ഥനയിൽ ഉള്ളത്. ഇത് ജപമാലയുടെ കാതലും ജീവനും ആകുന്നു. ഇക്കാരണത്താൽ ഏത് ക്രിസ്തീയ പ്രാർത്ഥനയുടെയും അടിസ്ഥാനമായി നിലകൊള്ളുകയും ആ പ്രാർത്ഥനകളെ സമ്പൂജ്യമാക്കുകയും ചെയ്യുന്നവെന്ന് ആറാം പൗലോസ് മാർപാപ്പ പ്രസ്താവിക്കുന്നു.
ഒരിക്കൽ യാദൃശ്ചികമായി ഒരു വീട്ടിൽ പ്രവേശിക്കുവാൻ ഇടയായി. അപ്പോൾ ആ വീട്ടിലെ കുടുംബനാഥൻ പറഞ്ഞു. ജനിച്ചപ്പോൾ മുതൽ വാടകവീട്ടിലാണ് താമസിച്ചത് എന്ന്. ഒരു പുതിയ വീട് പണിയുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. 50 ദിവസം കൊണ്ട് ഒരു ലക്ഷം നന്മ നിറഞ്ഞ മറിയമേ അദ്ദേഹം ചൊല്ലിയത് മൂലം മനോഹരമായ ഒരു വീട് അദ്ദേഹത്തിന് ലഭിച്ചു. പരിശുദ്ധ അമ്മ തന്ന വീടാണ് ഇത് എന്ന് വളരെ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു.
ഈശോയുടെ രക്ഷാകര രഹസ്യങ്ങളെ ധ്യാനിക്കുന്നതിനോടൊപ്പം അതിലൂടെ രക്ഷയുടെ അനുഭവം സ്വായത്തമാക്കുന്ന പ്രാർത്ഥനാ രീതിയാണിത്. ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ ജപമാല പ്രാർത്ഥനയെപ്പറ്റി ഇപ്രകാരം പറയുന്നു: “സ്വർഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ഒരു വലിയ ചങ്ങലയാണ് പരിശുദ്ധ ജപമാല. അതിന്റെ ഒരു വശത്തു നമ്മുടെ കരങ്ങളും മറുവശത്തു പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങളും, ജപമാല പ്രാർത്ഥന പരിമിള ധൂപം പോലെ അത്യുന്നതന്റെ പാദാന്തികത്തിലേക്കു പറന്നുയരുന്നു.”
“യഥാര്‍ത്ഥ ക്രിസ്തീയ പരിപൂര്‍ണ്ണതയുടെ ഒരു വിദ്യാലയമാണ് ജപമാല പ്രാര്‍ത്ഥന” എന്നു വിശേഷിപ്പിച്ച വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ മാതൃക പിൻതുടർന്ന് നമുക്കു ജപമാല ഭക്തിയിലൂടെ ക്രിസ്തീയ പൂർണ്ണതയിലേക്കു വളരാം.