ഫാ. വർഗീസ് വള്ളിക്കാട്ട്
ഒഹായോയിലെ ക്ലീവ്‌ലാൻഡിലുള്ള പാർക്ക്‌സൈഡ് പള്ളിയിലെ സീനിയർ പാസ്റ്ററും, ബൈബിൾ അധ്യാപകനും എഴുത്തുകാരനുമാണ് അലിസ്റ്റർ ബെഗ്.
സുവിശേഷ സന്ദേശത്തിന്റെ ലാളിത്യം വ്യക്തമാക്കുന്ന അലിസ്റ്റർ ബെഗിന്റെ “ദി മാൻ ഓൺ ദി മിഡിൽ ക്രോസ്” എന്ന പരാമർശം പ്രശസ്തമാണ്.
ഒരു പ്രസംഗമദ്ധ്യേ അദ്ദേഹം പറഞ്ഞ സുവിശേഷ കഥയിലെ ഒരു പരാമർശമാണ്
“ദി മാൻ ഓൺ ദി മിഡിൽ ക്രോസ്” എന്നത്.
കഥ ഇങ്ങനെയാണ്: പറുദീസയുടെ കവാടത്തിൽ ഒരു കള്ളനും ഒരു മാലാഖയും തമ്മിൽ കണ്ടുമുട്ടി. മാലാഖ കള്ളനോട് ചോദിച്ചു: “നിങ്ങൾക്കിവിടെ എന്താണ് കാര്യം? നിങ്ങളെ എന്തുകൊണ്ട് പറദീസയിൽ പ്രവേശിപ്പിക്കണം? ഇവിടെ വരാൻ എന്താണ് നിങ്ങളുടെ യോഗ്യത?
കള്ളന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “മധ്യ കുരിശിലെ മനുഷ്യൻ പറഞ്ഞു എനിക്ക് ഇവിടെ വരാൻ കഴിയുമെന്ന്!” താനുൾപ്പെടെ മൂന്നുപേർ കുരിശിൽ തൂക്കപ്പെട്ടതിൽ, നടുവിലെ കുരിശിൽ കിടന്ന മനുഷ്യൻ പറഞ്ഞു പോലും, തനിക്കു പറുദീസയിൽ ഇടം ലഭിക്കുമെന്ന്! അവന്റെ വാക്കിൽ വിശ്വസിച്ചാണ് താൻ വന്നിരിക്കുന്നത് എന്നാണ് കള്ളൻ പറയുന്നത്!
ക്രിസ്ത്യൻ പാരമ്പര്യം അവനെ വലതു ഭാഗത്തെ കള്ളൻ എന്നാണ് പറയുന്നത്. ക്രിസ്തുവിനോടൊപ്പം കുരിശിൽ തറയ്ക്കപ്പെട്ട കുറ്റവാളികളായ മറ്റു രണ്ടു പേരെക്കുറിച്ചു സുവിശേഷം രേഖപ്പെടുത്തിയിട്ടുണ്ട്.
അതിൽ ഒരാൾ ക്രിസ്തുവിനെ ശകാരിക്കുകയും നിന്ദിക്കുകയും ചെയ്യുമ്പോൾ മറ്റെയാൾ ക്രിസ്തുവിനോട്, “യേശുവേ നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ” എന്നപേക്ഷിക്കുന്നു!
യേശു മറുപടിയായി അവനോടു പറഞ്ഞു: “സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും!”
മനുഷ്യനു മാറാൻ കഴിയുമോ? നൊടിയിടയിൽ ഒരു കള്ളനു പറുദീസയുടെ പുത്രനാകാൻ കഴിയുമോ?
വാക്കിനു മനുഷ്യ ഹൃദയങ്ങളിൽ മാറ്റമുണ്ടാക്കാൻ കഴിയുമോ?
“കഴിയും” എന്നാണുത്തരം.
പ്രത്യാശ പകരുന്ന വചനത്തിനു “സു-വിശേഷ”മാകാൻ കഴിയും!
പ്രകാശം പരത്തുന്ന സത്യത്തിനു
പുതു ജീവൻ പകരാൻ കഴിയും!
“മനുഷ്യനു മാറാൻ കഴിയില്ല”
എന്ന പുരാതനമായ കാഴ്ചപ്പാട് ആധുനിക മനുഷ്യനു സ്വീകാര്യമല്ല. അത്തരം അന്ധവിശ്വാസങ്ങൾ നിയമം മൂലം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ആധുനിക ഇന്ത്യയിലെ മത സ്വാതന്ത്ര്യ (നിരോധന) നിയമങ്ങൾ, ഏതോ പ്രാചീന യുക്തിയുടെ ആവിഷ്കാരമാണ് എന്നു പറയാതിരിക്കാനാവില്ല.
ഒരാൾ ആരെന്നും എന്തെന്നും
അവന്റെ ‘ജന്മം’ തീരുമാനിച്ചു കഴിഞ്ഞു, ഇനി അതിൽ മാറ്റം വരുത്താൻ ദൈവത്തിനു പോലും കഴിയില്ല എന്ന “നിസ്സഹായാവസ്ഥ” മനുഷ്യരുടെമേൽ അടിച്ചേൽപ്പിക്കാൻ മതത്തെയോ, നിയമത്തെയോ, ആൾക്കൂട്ട നീതിയേയോ, സംഘടിത ശക്തിയേയോ ഭരണകൂടത്തെത്തന്നെയോ കൂട്ടു പിടിച്ചാലും, മനുഷ്യന്റെ സ്വതന്ത്ര മനസ്സും മനസ്സാക്ഷിയും ഇച്ഛാശക്തിയും അത് അംഗീകരിക്കുകയില്ല.
മാറ്റത്തിനെതിരെ മലപോലെ നിലകൊണ്ടാലും, കാലം എല്ലാറ്റിനെയും മറ്റും എന്നതു പ്രകൃതി നിയമമാണ് എന്നതിനുദാഹരണമാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന മത സ്വാതന്ത്ര്യ (നിരോധന) നിയമങ്ങൾ തുറന്നു പരിശോധിക്കപ്പെടേണ്ടതാണ് എന്ന സുപ്രീം കോടതിയുടെ നിലപാടിലൂടെ വ്യക്തമാകുന്നത്.