News Reader's Blog

സഭാശുശ്രൂഷകളുടെ ഫലപ്രദമായ നിർവഹണത്തിന് ഏകോപനം അനിവാര്യം: മാർ റാഫേൽ തട്ടിൽ

കാക്കനാട്: സീറോമലബാർസഭയിലെ വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെയും മറ്റു ഓഫീസുകളുടെ ഭാരവാഹികളുടെയും സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവച്ചു ജൂലൈ 16 ബുധനാഴ്ച്ച നടന്നു.

മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിച്ചു. കൂട്ടായ്മയും, ശുശ്രൂഷകളുട തുടർച്ചയും, പൊതുവായ ലക്ഷ്യത്തിലേക്കു ഒരുമിച്ചു അധ്വാനിക്കാനുള്ള സന്നദ്ധതയുമാണ് വ്യത്യസ്തമായ കമ്മീഷനുകളുടെ പ്രവർത്തനത്തിൽ ഉണ്ടാകേണ്ടതെന്നു തന്റെ സന്ദേശത്തിൽ മേജർ ആർച്ച്ബിഷപ് പറഞ്ഞു.

ഒറ്റപ്പെട്ട ലക്ഷ്യങ്ങളും പ്രവർത്തനശൈലിയുമായി മുന്നോട്ടുപോയാൽ ദൈവരാജ്യ സoസ്ഥാപനം എന്ന സഭയുടെ ദൗത്യം നിറവേറ്റുന്നതിൽ നാം പരാജയപ്പെടുമെന്നും അതിനാൽ സംഘാതാല്മകതയും സഹകരണവും കമ്മീഷനുകളുടെ പ്രവർത്തനത്തിന്റെ മുഖമുദ്രയായിമാറണമെന്നും മേജർ ആർച്ച്ബിഷപ് ഓർമ്മിപ്പിച്ചു.

കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ സ്വാഗതവും ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ നന്ദിയും പറഞ്ഞു. സീറോമലബാർസഭയിലെ 28 – ഇൽപരം കമ്മീഷനുകളാണ് വ്യത്യസ്തമായ സഭാശുശ്രൂഷകളെ ആഗോളതലത്തിൽ ഏകോപിപ്പിച്ചുകൊണ്ടു പ്രവർത്തിക്കുന്നത്.

സമ്മേളനത്തിൽ പ്രസ്തുത കമ്മീഷനുകളുടെ പ്രതിനിധികൾ വാർഷിക രൂപരേഖ അവതരിപ്പിക്കുകയും മുൻവർഷത്തെ പ്രവർത്തനറിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.