Daily Saints

വിശുദ്ധ കൊച്ചുത്രേസ്യ; ഒക്ടോബർ 1

സെലി മാർട്ടിന്റെയും ലൂയിസ് മാർട്ടിന്റെയും അഞ്ചുമക്കളിൽ ഏറ്റവും ഇളയ മകളായി 1873 ജനുവരി രണ്ടാം തീയതിയാണ് ലിസ്യൂവിലെ തെരേസ (കൊച്ചുത്രേസ്യ) ജനിച്ചത്. ആ ദമ്പതികൾക്ക് ഒൻപതു മക്കൾ പിറന്നിരുന്നെങ്കിലും രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ശൈശവത്തിൽ മരിച്ചതിനാൽ അഞ്ചു പെൺകുട്ടികൾ മാത്രം അവശേഷിച്ചിരുന്നു.

അച്ഛൻ ലൂയിസ് മാർട്ടിൻ ഒരു വാച്ച് നിർമ്മാതാവായിരുന്നു. വൈദികൻ ആകാൻ വളരെ ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന് ലത്തീൻ ഭാഷ അറിയാത്തതിനാൽ അതിനു കഴിഞ്ഞില്ല. തൂവാല (ലൈസ്) നിർമ്മാണം ആയിരുന്നു സെലിയുടെ മുഖ്യ വരുമാന മാർഗം. സെലി മാർട്ടിന് രോഗികളെ പരിചരിക്കാൻ വളരെ താത്പര്യം ആയിരുന്നു. ഇവർ ഇരുവരും തെരേസയുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തി. കൊച്ചുത്രേസ്യയ്ക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.

15 വയസ്സുള്ളപ്പോൾ, “എനിക്കൊരു വിശുദ്ധയാകണം” എന്ന് കൊച്ചുത്രേസ്യ എഴുതി. സഹോദരിമാർക്കൊപ്പം കടൽത്തീരത്ത് വിനോദയാത്രകൾക്കു പോയ അവൾ ചെമ്മീൻ പിടുത്തവും കഴുതപ്പുറത്തുള്ള സവാരിയും ആസ്വദിച്ചു.

പട്ടുനൂൽപ്പുഴുക്കളേയും, മുയലുകളേയും, പ്രാവുകളേയും ഒരു വായാടിപ്പക്ഷി, സ്വർണ്ണമത്സ്യം, ടോം എന്നു പേരുള്ള ഒരു നായ് എന്നിവയേയും അവൾ വളർത്തിയിരുന്നു. മറ്റുള്ളവരെ അനുകരിക്കുന്നതിൽ വലിയ സാമർത്ഥ്യം കാട്ടിയ കൊച്ചുത്രേസ്യ, പരിചയക്കാരുടെ ഹാസ്യാനുകരണം വഴി കുടുംബാംഗങ്ങളെ രസിപ്പിച്ചു.

1887-ൽ ലിസിയുവിലെ കാർമലൈറ്റ് സന്ന്യാസിനീ മഠത്തിൽ പ്രവേശനത്തിനായി തെരേസ അപേക്ഷിച്ചെങ്കിലും, പ്രായക്കുറവുമൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. തെരേസയുടെ മൂത്ത സഹോദരിമാരിൽ രണ്ടുപേർ ഈ മഠത്തിലെ അംഗങ്ങളായിരുന്നു. 1888-ൽ പിതാവിനോടും സഹോദരിയോടുമൊപ്പം റോമിലേക്കു തീർഥയാത്ര നടത്തിയശേഷം തെരേസയ്ക്ക് സന്യാസിനീ മഠത്തിൽ പ്രവേശനം ലഭിച്ചു.

കാർമലൈറ്റ് നിഷ്ഠയുടെ കർശന നിയമങ്ങൾ മുടക്കം കൂടാതെ പാലിച്ച തെരേസ തന്റെ എളിയ മാർഗം പുതിയതായി മഠത്തിൽ ചേരുന്നവരെ അഭ്യസിപ്പിക്കുവാൻ ശുഷ്കാന്തി കാണിച്ചു. ദൈവവുമായുള്ള തെരേസയുടെ ബന്ധം കുട്ടിത്തം നിറഞ്ഞതായിരുന്നു.

വിയറ്റ്നാമിലെ ഹാനോയിയിലെ കാർമലൈറ്റ് മിഷണറി പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുവാൻ തെരേസ താത്പര്യപ്പെട്ടിരുന്നുവെങ്കിലും അനാരോഗ്യംമൂലം സാധ്യമായില്ല. ക്ഷയരോഗംമൂലം വളരെയധികം യാതന അനുഭവിച്ചെങ്കിലും സഹനശക്തിയുടെ ഉജ്ജ്വല ദൃഷ്ടാന്തമായി തെരേസ നിലകൊണ്ടു. 1897 സെപ്റ്റംബർ 30-ന് തെരേസ നിര്യാതയായി. 1925 മേയ് 17-ന് തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.