പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിൽ അപൂലിയായിലെ കുപ്പർറ്റീനോയിലാണ് ജോസഫ് ജനിച്ചത്. ഇറ്റലിയുടെ പാദരക്ഷ” എന്നറിയപ്പെടുന്ന തെക്കൻ പ്രദേശത്തെ പഴയ നേപ്പിൾസ് രാജ്യത്തിലായിരുന്നു കുപ്പർറ്റീനോ. കോട്ടകെട്ടി ഭദ്രമാക്കിയ നഗരമായിരുന്നു അത്. ജോസെഫിന്റെ പിതാവ് ഫെലിസ് ദേസ അവിടെ ഒരു ആശാരിയായിരുന്നു.
പരോപകാരിയായി അറിയപ്പെട്ടിരുന്ന അദ്ദേഹം പാവപ്പെട്ട അയൽക്കാരുടെ കടങ്ങൾക്ക് ജാമ്യം നിന്നിരുന്നതിനാൽ ഒടുവിൽ സ്വയം കടക്കാരനായി. ജോസഫിന്റെ ജനനത്തിനു മുൻപ് മരിച്ച പിതാവ്, അദ്ദേഹത്തിന്റെ അമ്മ ഫ്രാൻസിസ്കാ പനാരയെ ഗർഭിണിയും നിരാലംബയുമായി വിട്ടുപോയി.
ഭർത്താവ് വീട്ടാതിരുന്ന കടങ്ങളുടെ പേരിൽ ഉത്തമർണ്ണന്മാർ വീടു കൈയ്യടക്കിയതിനെ തുടർന്ന് വഴിയാധാരമായ അവർ മകനെ പ്രസവിച്ചത് ഒരു കാലിത്തൊഴുത്തിലാണ്.
ശിശുപ്രായത്തിൽ ജോസഫ് തീരെ ബുദ്ധികുറഞ്ഞവനായിരുന്നു. ശൂന്യതയിലേക്ക് തുടർച്ചയായി തുറിച്ചുനോക്കിയിരിക്കുന്ന ശീലം മൂലം ചെറുപ്പത്തിൽ അദ്ദേഹത്തെ ഇറ്റാലിയൻ ഭാഷയിൽ ‘വാപൊളിയൻ’ എന്നർത്ഥമുള്ള “Bocca Aperta” എന്നു ആളുകൾ കളിയാക്കി വിളിക്കുക പതിവായിരുന്നു.
17-ആമത്തെ വയസ്സിൽ ജോസഫ്, ഫ്രാൻസിസ്കൻ ചെറിയ സഹോദരന്മാരുടെ സമൂഹത്തിൽ ചേരാൻ ശ്രമിച്ചെങ്കിലും വിദ്യാഭ്യാസയോഗ്യതയുടെ കുറവുമൂലം പ്രവേശനം ലഭിച്ചില്ല. ഏറെ വൈകാതെ കപ്പൂച്ചിൻ സന്യാസസഭയിൽ ചേർന്നെങ്കിലും വെളിപാടുകൾ മൂലം ഉണ്ടായിരുന്ന വിഭ്രാന്താവസ്ഥ മൂലം സ്ഥിരതയില്ലാത്തവനായി കണക്കാക്കി അദ്ദേഹത്തെ പുറത്താക്കി.
ഒടുവിൽ ഇരുപതു വയസ്സുകഴിഞ്ഞപ്പോൾ, കൂപ്പർറ്റീനോയ്ക്കടുത്തുള്ള ഗ്രോട്ടെല്ലായിലെ ഫ്രാൻസിസ്കൻ ആശ്രമത്തിൽ വേലക്കാരൻ എന്ന നിലയിലാണെങ്കിലും പ്രവേശനം കിട്ടി.
എഴുത്തും വായനയും മറ്റും കഷ്ടിച്ചു മാത്രം വശമുണ്ടായിരുന്നെ ജോസഫ് അവിടെ വിശുദ്ധിയിലും ജ്ഞാനത്തിലും വളർന്ന് ദാരിദ്ര്യനിഷ്ഠയിൽ പ്രാർത്ഥനാനിരതനായി ജീവിച്ചു.
ആശ്രമത്തിൽ, ഉദ്യാനപാലനം, വളർത്തുമൃഗങ്ങളെ നോക്കൽ, തൊഴുത്തു വൃത്തിയാക്കൽ, അടുക്കളപ്പണി തുടങ്ങിയ വിനീതകർമ്മങ്ങളിലും അദ്ദേഹം പങ്കെടുത്തു. പലപ്പോഴും നിർവൃതിയിൽ താനറിയാതെ ആശ്രമത്തിൽ ചുറ്റിനടന്ന് അദ്ദേഹം വല്ലയിടത്തുമൊക്കെ എത്തി. 1628-ൽ അദ്ദേഹം പുരോഹിതനായി.
1630 ഒക്ടോബർ 4-ന് കൂപ്പർറ്റീനോ നഗരത്തിൽ അസ്സീസിയിൽ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാളിനോടനുബന്ധിച്ചു നടന്ന ഒരു പ്രദക്ഷിണത്തിനിടെ, അതിൽ സഹായിച്ചുകൊണ്ടിരുന്ന ജോസഫ് താനറിയാതെ പെട്ടെന്ന് അന്തരീക്ഷത്തിലേക്കുയർന്നെന്നും ജനക്കൂട്ടത്തിനു മുകളിൽ അവിടെ നിലകൊണ്ടെന്നും പറയപ്പെടുന്നു.
താഴെ തിരികെ വന്ന ശേഷം തനിക്കു സംഭവിച്ചതെന്തെന്ന് മനസ്സിലാക്കിയ അദ്ദേഹം ലജ്ജിതനായി സ്വന്തം അമ്മയുടെ വീട്ടിൽ ഒളിച്ചിരുന്നു. തുടർന്നുണ്ടായ ഇത്തരം ഒട്ടേറെ അനുഭവങ്ങളിൽ ആദ്യത്തേതു മാത്രമായിരുന്നു ഇത്. താമസിയാതെ അദ്ദേഹത്തിന് “പറക്കും പുണ്യവാളൻ” എന്ന പേരു ചാർത്തിക്കിട്ടി.
ജോസഫിന്റെ സഹസന്യാസികളിൽ പലരും അദ്ദേഹത്തിന്റെ രീതികൾ ഇഷ്ടപ്പെടാത്തവരായിരുന്നു. അത്ഭുതകരമായി രോഗമുക്തരായ ധനാഢ്യരും മറ്റും തരുന്ന പണവും സമ്മാനങ്ങളും അദ്ദേഹം നിരസിച്ചത് മേലധികാരികളിൽ ചിലർക്കിഷ്ടപ്പെട്ടില്ല.
ആശ്രമത്തിനു വെളിയിലുള്ളവർ അദ്ദേഹത്തിന്റെ വസ്ത്രഭാഗങ്ങൾ തിരുശേഷിപ്പുകളായി മുറിച്ചെടുത്തതു മൂലം, പലപ്പോഴും കീറിയ വസ്ത്രവുമായി ജോസഫ് ആശ്രമത്തിൽ മടങ്ങിയെത്തിയിരുന്നതും പ്രശ്നമായി.
ജോസഫ് നേരിട്ട ഏറ്റവും വലിയ എതിർപ്പ് നേപ്പിൾസിന്റെ മതദ്രോഹവിചാരകർ അദ്ദേഹത്തെ അന്വേഷണവിധേയനാക്കിയതാണ്. 1638 ഒക്ടോബർ 21-ന് ഉത്തരവനുസരിച്ച്, അദ്ദേഹം മതദ്രോഹവിചാരണക്കോടതിയിൽ ഹാജരായി. അവിടെ അദ്ദേഹത്തിന് ആഴ്ചകളോളം കാത്തുകിടക്കേണ്ടി വന്നു. ഒടുവിൽ ജോസഫിന്റെ നിരപരാധിത്വം ബോധ്യമായ വിചാരകർ അദ്ദേഹത്തെ വെറുതേവിട്ടു.
നിരപരാധിത്വം തെളിയക്കപ്പെട്ടതിനു ശേഷം ജോസഫിനെ അസീസിയിലെ സാക്രോ കോൺവെന്റോയിലേക്കയച്ചു. ഇന്നെസെന്റ് മാർപ്പാപ്പയുടെ മരണത്തെ തുടർന്ന് ഫ്രാൻസിസ്കൻ സമൂഹം, അടുത്ത മാർപ്പാപ്പ ആയ അലക്സാണ്ടർ എട്ടാമനോട് ജോസഫിനെ ഫോസോംബ്രോണിൽ നിന്നു മോചിപ്പിച്ച് അസീസിയിലേക്കയക്കാൻ അപേക്ഷിച്ചു.
അവിടേയും അദ്ദേഹം പലതരം വിലക്കുകളിൽ ആയിരുന്നു. മെത്രാൻ, സഹസന്യാസികൾ, ആവശ്യം വന്നാൽ വൈദ്യൻ എന്നിവരൊഴിച്ചുള്ളവരുമായി സംസാരിക്കുന്നതിൽ നിന്ന് അദ്ദേഹം വിലക്കപ്പെട്ടിരുന്നു.
ഈ വിലക്കിനെ അദ്ദേഹം ക്ഷമാപൂർവം സഹിച്ചു. മുറിയിൽ ഭക്ഷണം എത്തിക്കാൻ ചുമതലയുള്ള സന്യാസസഹോദരൻ രണ്ടു ദിവസത്തേയ്ക്ക് അക്കാര്യത്തിൽ ഉപേക്ഷ വരുത്തിയപ്പോൾ പോലും അദ്ദേഹം പരാതിപ്പെട്ടില്ലെന്നു പറയപ്പെടുന്നു.
1663 ആഗസ്റ്റ് 10ന് ജോസഫ് പനിപിടിച്ച് ശയ്യാവലംബിയായി. രോഗാവസ്ഥ അദ്ദേഹത്തെ സന്തുഷ്ടനാക്കുകയാണുണ്ടായത്. സ്വന്തം രോഗശാന്തിക്കു വേണ്ടി പ്രാർത്ഥിക്കാൻ ഉപദേശിച്ചവരോട്, “വേണ്ട, ദൈവം അതിനിടവരുത്താതിരിക്കട്ടെ” എന്നു പറയുകയാണ് അദ്ദേഹം ചെയ്തത്. മാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാളിൽ ചൊല്ലിയ അവസാനത്തെ കുർബ്ബാനക്കിടെ അദ്ദേഹത്തിന് ദൈവികസാന്ത്വനങ്ങളും ദർശനങ്ങളും ലഭിച്ചു.
സെപ്തംബർ തുടക്കത്തിൽ തന്റെ മരണം അടുത്തു എന്നു ബോദ്ധ്യമായ അദ്ദേഹം, “കഴുത മല കയറാൻ തുടങ്ങിയിരിക്കുന്നു” എന്നു മന്ത്രിക്കാൻ തുടങ്ങി. കഴുത എന്ന് അദ്ദേഹം വിളിച്ചത് തന്റെ ശരീരത്തെ ആയിരുന്നു. 1663 സെപ്തംബർ 18-ന് കൂപ്പർറ്റീനോയിലെ ജോസഫ് പുണ്യവാളൻ മരിച്ചു.
രണ്ടു ദിവസത്തിനു ശേഷം അദ്ദേഹത്തെ, അമലോത്ഭവത്തിന്റെ പള്ളിയിൽ വലിയ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. ഒരു നൂറ്റാണ്ടിനു ശേഷം, 1767 ജൂലൈ 16-ന് ക്ലെമന്റ് 13-ആമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.