അമേരിക്കയിൽ നിന്ന് ആദ്യമായി വിശുദ്ധയെന്ന് നാമകരണം ചെയ്യപ്പെട്ട വിശുദ്ധയാണ് റോസ. പെറു തലസ്ഥാനമായ ലീമായിൽ സ്പാനിഷ് മാതാപിതാക്കന്മാരിൽ നിന്ന് ജനിച്ചു. ജ്ഞാനസ്നാന നാമം ഇസബെല്ല എന്നായിരുന്നു.
ബാല്യംമുതൽ അവൾ പ്രർശിപ്പിച്ചിരുന്ന ക്ഷമയും സഹനവും അസാധാരണമായിരുന്നു. ആഴ്ചയിൽ മൂന്നുപ്രാവശ്യം റൊട്ടിയും വെള്ളവുംമാത്രം കഴിച്ച് അവൾ ഉപവസിച്ചിരുന്നു. അരയിൽ ഒരു ഇരുമ്പു ചങ്ങലയും തലമുടിയുടെ ഇടയിൽ ഒരു മുൾകിരീടവും അവൾ ധരിച്ചിരുന്നു.
വളർന്നുവന്നപ്പോൾ തോട്ടത്തിൽ രുചിയില്ലാത്ത സസ്യങ്ങളാണ് അവൾ അധികവും വളർത്തിയിരുന്നത്. തന്റെ സൗന്ദര്യത്തെപ്പറ്റി പലരും സംസാരിക്കുന്നത് കേട്ടപ്പോൾ അവൾക്ക് ഭയംതോന്നിയിരുന്നു. തന്നിമിത്തം വല്ല യാത്രയും ചെയ്യേണ്ടിവരുമ്പോൾ തലേരാത്രി മുഖത്തും കൈകളിലും കുരുമുളക്പൊടി തേച്ച് മുഖം വിരൂപമാക്കിയിരുന്നു.
ഒരിക്കൽ ഒരു യുവാവ് അവളുടെ കരങ്ങളുടെ മൃതുലതയെപ്പറ്റി സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ ഓടിപ്പോയി രണ്ടു കരങ്ങളും ചൂടുള്ള കുമ്മായത്തിൽ താഴ്ത്തി. മറ്റുള്ളവർക്ക് താൻനിമിത്തം പരീക്ഷണങ്ങളുണ്ടാകാതിരിക്കാനാണ് അവൾ അങ്ങനെ ചെയ്തത്.
കന്യകയായി ദൈവത്തെ ശുശ്രൂഷിക്കാൻ നിശ്ചയിച്ചുകൊണ്ട് റോസ ഡൊമിനിക്കൻ മൂന്നാം സഭയിൽ ചേർന്നു. ഏകാന്തത്തിനുവേണ്ടി അവൾ ഉദ്യാനത്തിൽ ഒരു പർണ്ണശാല കെട്ടിയുണ്ടാക്കിയിരുന്നു. അമിതമായ രോഗത്താൽ 1617 ആഗസ്റ്റ് 24ന് 31-ാമത്തെ വയസ്സിൽ മരിച്ചു. 1671ൽ പത്താം ക്ലെമന്റ് മാർപ്പാപ്പ റോസിനെ പുണ്യവതിയെന്ന് നാമകരണം ചെയ്തു.