1920 മേയ് 18-ന് എമിലിയ, കാരോൾ വോയ്റ്റീല എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപ്പാപ്പയുടെ ജനനം. കാരോൾ ജോസഫ് വോയ്റ്റീല രണ്ടാമൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. എഡ്മണ്ട് എന്ന പേരിൽ ഒരു ജ്യേഷ്ഠനും ഓൾഗ എന്ന പേരിൽ ഒരു ജ്യേഷ്ഠത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ഒരു സൈനികനും അമ്മ ഒരു അദ്ധ്യാപികയുമായിരുന്നു.
വളരെയധികം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു കാരോളിന്റെ ബാല്യകാലം. ഒമ്പതാം വയസ്സിൽ അദ്ദേഹത്തിന് അമ്മയെ നഷ്ടപ്പെട്ടു. ഹൃദ്രോഗവും വൃക്കത്തകരാറുമായിരുന്നു 45കാരിയായിരുന്ന എമിലിയയുടെ മരണകാരണം. പിന്നീട് അദ്ദേഹത്തെ വളർത്തിയത് അച്ഛനായിരുന്നു.
1930-ൽ ജ്യേഷ്ഠൻ എഡ്മണ്ട് സർവ്വകലാശാലയിൽ പഠിക്കാൻ പോയതോടെ വീട്ടിൽ അച്ഛനും ഇളയ മകനായ കാരോളും മാത്രമായി. എഡ്മണ്ട് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി സർവ്വീസ് ആരംഭിച്ചെങ്കിലും 1932-ൽ പനി ബാധിച്ച് മരിച്ചു.
ഇതിനുശേഷം വോയ്റ്റീല സീനിയറും കാരോളും വാഡോവൈസ് വിട്ട് താമസം ക്രാക്കോവിലേക്ക് മാറ്റി. പതിമൂന്നാം വയസ്സിൽ മാതൃഭാഷയായ പോളിഷിനൊപ്പം ലാറ്റിൻ, ഗ്രീക്ക് എന്നീ ഭാഷകളും അദ്ദേഹം പഠിച്ചു. 1938 മേയ് മാസത്തിൽ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ക്രാക്കോവ് സർവ്വകലാശാലയിൽ ചേർന്നു.
1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള ജർമ്മൻ സൈന്യം പോളണ്ടിനെ ആക്രമിച്ചു. ധാരാളം ജൂതന്മാർ ഇതിനിടയിൽ കൊല്ലപ്പെട്ടു. ക്രാക്കോവിലും അതിന്റെ ആഘാതമുണ്ടായി. ക്രാക്കോവ് സർവ്വകലാശാല അടച്ചുപൂട്ടി.
പഠനം പാതിവഴിയിൽ നിർത്തിയ കാരോൾ തുടർന്ന് നിർബന്ധിത പട്ടാളസേവനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ കഴിച്ചുകൂട്ടി. ഇതിനിടയിൽ പാറമടയിലും വെടിമരുന്നുശാലയിലും അദ്ദേഹത്തിന് പണിയെടുക്കേണ്ടി വന്നു. ഇതിനിടയിലും അദ്ദേഹം യുദ്ധത്തിനെതിരെ കവിതകളും നാടകങ്ങളും എഴുതുകയും പ്രാർത്ഥന തുടരുകയും ചെയ്തു.
1941-ൽ കാരോൾ വോയ്റ്റീല സീനിയർ അന്തരിച്ചു. അച്ഛന്റെ മരണം കാരോൾ ജൂനിയറിനെ തളർത്തിക്കളഞ്ഞു. തുടർന്ന് അദ്ദേഹം വൈദികനാകാൻ തീരുമാനിയ്ക്കുകയായിരുന്നു. ക്രാക്കോവിലെ സെമിനാരിയിൽ ചേർന്ന് അവിടത്തെ ആർച്ച്ബിഷപ്പ് ആദം സ്റ്റെഫാൻ സപീഹയുടെ കീഴിൽ രഹസ്യപരിശീലനം നടത്തി.
1944 ഓഗസ്റ്റ് 6-ന് നിരവധി പോളണ്ടുകാരെ പട്ടാളക്കാർ അതിക്രൂരമായി കൊലപ്പെടുത്തി. ഈ ദിവസം ബ്ലാക്ക് സൺഡേ (കറുത്ത ഞായറാഴ്ച) എന്നറിയപ്പെടുന്നു. ക്രാക്കോവിലും പരിസരത്തുമായി ആയിരങ്ങളാണ് മരിച്ചുവീണത്. ക്രാക്കോവ് സെമിനാരിയിലും പട്ടാളക്കാരെത്തിയെങ്കിലും സെമിനാരിക്കാരെ ളോഹ ധരിപ്പിച്ച് ആർച്ച്ബിഷപ്പ് സംരക്ഷിച്ചു.
ഇതിനിടയിൽ കാരോളിനെ തിരഞ്ഞ് പട്ടാളക്കാർ അദ്ദേഹം പണിയെടുത്തിരുന്ന പാറമടയിലും വന്നെങ്കിലും അദ്ദേഹത്തെ കണ്ടുപിടിയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹത്തെ നാടുകടത്തിയവനാക്കി പ്രഖ്യാപിച്ചു.
1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ സർവ്വകലാശാലകൾ വീണ്ടും തുറന്നു. നിന്നുപോയ പഠനം പൂർത്തിയാക്കാൻ കാരോൾ സർവ്വകലാശാലയിലെത്തി. ഇക്കാലത്താണ് അദ്ദേഹം ഒരു നിഘണ്ടുവിന്റെ സഹായത്തോടെ സ്പാനിഷ് ഭാഷ പഠിച്ചത്.
കൂടാതെ ബൈബിളിലും ദൈവശാസ്ത്രത്തിലും കാനൻ നിയമങ്ങളിലും മറ്റും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു. 1946 ജൂലൈ മാസത്തിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹത്തെ അപ്പോഴേയ്ക്കും കർദ്ദിനാളാക്കി ഉയർത്തപ്പെട്ട ആർച്ച്ബിഷപ്പ് റോമിലേയ്ക്ക് ഉപരിപഠനത്തിന് അയയ്ക്കാൻ തീരുമാനിച്ചു.
തുടർന്ന് നാലുമാസം കഠിനപ്രാർത്ഥനകളും ധ്യാനവും കൂടിയ കാരോൾ വോയ്റ്റീല രണ്ടാമൻ സകല വിശുദ്ധരുടെയും ദിനമായ 1946 നവംബർ 1-ന് ആർച്ച്ബിഷപ്പിന്റെ സ്വകാര്യ കപ്പേളയിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു.
രണ്ടാഴ്ചയ്ക്കുശേഷം ഉപരിപഠനത്തിനായി വോയ്റ്റീലയച്ചൻ റോമിലെത്തി. കുറച്ചുദിവസങ്ങൾക്കുശേഷം അദ്ദേഹം അവിടെയുള്ള ബെൽജിയം കോളേജിൽ പഠനത്തിന് ചേർന്നു.അവിടെ പ്രശസ്തരായ ദൈവശാസ്ത്രജ്ഞരെ അച്ചൻ കണ്ടുമുട്ടി.
ബെൽജിയം കോളേജിലെ പഠനകാലത്തും വോറ്റീലയച്ചൻ ഭാഷാപഠനത്തിലും മറ്റും ശ്രദ്ധിച്ചിരുന്നു. ഇംഗ്ലീഷ്, ജർമ്മൻ, ഇറ്റാലിയൻ, റഷ്യൻ ഭാഷകൾ അദ്ദേഹം പഠിച്ചത് ഇക്കാലത്താണ്. 1947-ലെ ഈസ്റ്റർ കാലത്ത് പാദ്രേ പിയോയുടെ പക്കൽ അദ്ദേഹം കുമ്പസരിയ്ക്കാൻ പോയിരുന്നു.
പാദ്രേ പിയോയുടെ കുർബാനയിൽ പങ്കെടുത്തത് തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമായി അദ്ദേഹം മരണം വരെയും കണ്ടിരുന്നു. മാക്സ് മില്ല്യൺ കോൾബെയും ജോൺ വിയാനിയും പാദ്രേ പിയോയുമായിരുന്നു അദ്ദേഹത്തിന്റെ മാതൃകാപുരുഷന്മാർ.
1948-ൽ കുരിശിന്റെ യോഹന്നാന്റെ വിശ്വാസദർശനത്തെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ച വോയ്റ്റീലയച്ചൻ ജാഗല്ലോണിയൻ സർവ്വകലാശാലയ്ക്കുമുന്നിൽ അത് സമർപ്പിച്ച് ഡോക്ടറേറ്റ് നേടി.
തൊട്ടുപിന്നാലെ ക്രാക്കോവിൽ നിന്ന് 50 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന നിയോഗോവിച്ച് ഇടവകയിൽ സഹവൈദികനായി അദ്ദേഹം ചേർന്നു. അക്കാലത്ത് അവിടത്തെ വികാരിയച്ചനോടൊപ്പം സജീവജപമാലസഖ്യം തുടങ്ങിയ അദ്ദേഹം കലാപരിപാടികൾക്കും സമയം ചെലവഴിച്ചു.
1958 ജൂലൈ ആദ്യവാരത്തിൽ പോളിഷ് സഭാധ്യക്ഷൻ കർദ്ദിനാൾ വിഷൻസ്കിയുടെ അടുത്തെത്താനായി ഒരു നിർദേശം വന്നു. അവിടെയെത്തിയപ്പോൾ തന്നെ ഓംബി രൂപതയുടെ സ്ഥാനികമെത്രാനും ക്രാക്കോവ് അതിരൂപതയുടെ സഹായമെത്രാനുമായി അന്നത്തെ മാർപ്പാപ്പയായിരുന്ന പിയൂസ് പന്ത്രണ്ടാമൻ നിയമിച്ച വാർത്തയറിഞ്ഞ വോയ്റ്റീവയച്ചൻ ഉടനെ അടുത്തുള്ള സിസ്റ്റർമാരുടെ ചാപ്പലിൽ കയറി ദിവ്യകാരുണ്യരൂപത്തിനുമുന്നിൽ മണിക്കൂറുകളോളം പ്രാർത്ഥിച്ചു.
തൊട്ടുപിന്നാലെ അദ്ദേഹം ക്രാക്കോവിലേയ്ക്ക് പുറപ്പെട്ടു. ഉടനെ മെത്രാസനമന്ദിരത്തിലെത്തി ആർച്ച്ബിഷപ്പ് കർദ്ദിനാൾ ബാസിയാക്കിനെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു.
തുടർന്ന് സെപ്റ്റംബർ 28-ന് ക്രാക്കോവ് കത്തീഡ്രലിൽ വച്ച് വോയ്റ്റീവയച്ചന്റെ മെത്രാഭിഷേകം നടന്നു. ‘തോത്തൂസ് തൂവ്വൂസ്’ (മുഴുവനും അങ്ങയുടേത്) എന്ന ആപ്തവാക്യമാണ് പുതിയ മെത്രാൻ സ്വീകരിച്ചത്. 1967 മേയ് 29-ന് പോൾ ആറാമൻ മാർപ്പാപ്പ വോയ്റ്റീലയെ കർദ്ദിനാളാക്കി ഉയർത്തി. കർദ്ദിനാൾ പദവിയിലെത്തിയ ശേഷവും അദ്ദേഹം ധാരാളം പ്രവർത്തനങ്ങൾ നടത്തിപ്പോന്നു. 1969 മുതൽ 1977 വരെയുള്ള എല്ലാ സിനഡുകളിലും അദ്ദേഹം അംഗമായിരുന്നു.
1978 സെപ്റ്റംബർ 28-ന് ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ കാലം ചെയ്തു. ശേഷം കത്തോലിക്കാസഭയുടെ 264-ആമത്തെ തലവനായി വോയ്റ്റീല തെരഞ്ഞെടുക്കപ്പെട്ടു. 33 ദിവസം മാത്രം അധികാരത്തിലിരുന്ന തന്റെ മുൻഗാമിയോടുള്ള ആദരസൂചകമായി അദ്ദേഹം ജോൺ പോൾ രണ്ടാമൻ എന്ന പേര് സ്വീകരിച്ചു. ഒക്ടോബർ 22-ന് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ വച്ച് അദ്ദേഹം സ്ഥാനമേറ്റു.
സുദീർഘമായ ഇരുപത്തിയാറര വർഷമാണ് ജോൺ പോൾ രണ്ടാമൻ കത്തോലിക്കാ സഭയെ നയിച്ചത്. രണ്ടുതവണയാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്കുനേരെ വധശ്രമം ഉണ്ടായത്. കൂടാതെ ഏതാനും തവണ അദ്ദേഹത്തെ വധിയ്ക്കാൻ ചില ഗൂഢാലോചനകൾ നടക്കുകയും ചെയ്തിരുന്നു. ഇവയിൽ ആദ്യത്തെ വധശ്രമം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിയ്ക്കുകയും ചെയ്തു. രണ്ടാമത്തെ വധശ്രമത്തിൽ നിസ്സാരപരുക്കുകളേ ഉണ്ടായുള്ളൂ.
2001-ൽ ഒരു അസ്ഥിരോഗവിദഗ്ദ്ധൻ മാർപ്പാപ്പയ്ക്ക് പാർക്കിൻസൺസ് രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ 2-ന് വൈകീട്ട് 3:30-ന് അദ്ദേഹം അവസാനവാക്കുകൾ ഉരുവിട്ടു: ‘ഞാൻ എന്റെ പിതാവിന്റെ സവിധത്തിലേയ്ക്ക് പോകുന്നു’ എന്നായിരുന്നു അവസാന വാക്കുകൾ. തുടർന്ന് അബോധാവസ്ഥയിലായ അദ്ദേഹം ആറു മണിക്കൂറുകൾക്കുശേഷം 2005 ഏപ്രിൽ 2 ന് കാലം ചെയ്തു. 84 വയസ്സായിരുന്നു അദ്ദേഹത്തിന്.
വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2009 ഡിസംബർ 19 – ന് ധന്യപദവിയിലേക്ക് ഉയർത്തി. 2011 മേയ് 1 നു വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 ഏപ്രിൽ 27ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചു.