Daily Saints Reader's Blog

വിശുദ്ധ ഏലിയുത്തേരിയസ് : സെപ്റ്റംബർ 6

സ്പോളിറ്റോക്ക് സമീപമുള്ള വിശുദ്ധ മാര്‍ക്ക് മഠത്തിലെ സർവ്വസമ്മതനായ ആശ്രമാധിപതിയായിരിന്നു വിശുദ്ധ ഏലിയുത്തേരിയസ്. അത്ഭുത പ്രവർത്തികൾ നിവർത്തിക്കാൻ പ്രത്യേക വരം സിദ്ധിച്ചയാളെന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു.

തന്റെ ആശ്രമത്തിലെ ശിക്ഷണത്തിന്റെ ഫലമായി, പിശാച് ബാധിതനായ ഒരു കുട്ടിയെ രക്ഷിക്കാൻ വിശുദ്ധന് സാധിച്ചു. ആയിടെ ഒരു ദിവസം അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഈ കുട്ടി ദൈവദാസന്മാരിൽ ഒരാളായതിനാൽ, പിശാചിന്‌ ഇവനെ തൊടാൻ പേടിയായിരിക്കും”.

ഈ വാക്കുകൾ പൊങ്ങച്ചം പറച്ചിലായി കണക്കാക്കിയിട്ടെന്നോണം, പിശാച് വീണ്ടും കുട്ടിയിൽ കയറി അവനെ ഉപദ്രവിക്കാൻ തുടങ്ങി. മനസാക്ഷിക്കുത്ത് കൃത്യമായി ശ്രദ്ധിക്കുന്ന സന്യാസവര്യൻ തന്റെ തെറ്റിന്‌ എളിമയോടെ കുറ്റസമ്മതം നടത്തി. സാത്താന്റെ സന്നിവേശത്തിൽ നിന്നും കുട്ടിക്ക് പൂർണ്ണ മോചനം കിട്ടുന്നത് വരെ, തന്റെ ജനത്തോടൊപ്പം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

വിശുദ്ധനെ പറ്റി ചരിത്രരേഖകളിലുള്ള മറ്റൊരു സംഭവം, ഒരിക്കൽ, മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പക്ക് അതികഠിനമായ ശാരീരിക അസ്വാസ്ഥ്യം നിമിത്തം ഉയിര്‍പ്പിനോടനുബന്ധിച്ച് നോമ്പ് അനുഷ്ഠിക്കാൻ സാധിച്ചില്ല.

ആ സമയം, പ്രായശ്ചിത്ത പ്രാർത്ഥനക്കായി ഈ വിശുദ്ധനും കൂട്ടരും വിശുദ്ധ ആന്‍ഡ്രൂസ് പള്ളിയിൽ പോകുന്ന കാലമായിരുന്നു. തന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ദൈവത്തോട് പ്രാർത്ഥിക്കാൻ തന്നേയും കൂടെ കൊണ്ട് പോകണമെന്ന് മാർപാപ്പ അദ്ദേഹത്തോട് അപേക്ഷിക്കുകയാണുണ്ടായത്.

കണ്ണീരോടെ എലുയിത്തേരിയസ് പ്രാർത്ഥിച്ചു. പള്ളിയിൽ നിന്നും പുറത്തിറങ്ങിയ പോപ്പ് ഉന്മേഷഭരിതനായിത്തീർന്നു. അദ്ദേഹം നോമ്പ് ആരംഭിക്കുകയും ചെയ്തു. ഒരു മരിച്ച മനുഷ്യനെ ഇദ്ദേഹം ഉയർത്തെഴുന്നേൽപ്പിച്ചിട്ടുണ്ടെന്നും വിശ്വസിച്ചു പോരുന്നു. ആശ്രമ ചുമതലകളിൽ നിന്നും വിരമിച്ച അദ്ദേഹം റോമിലെ വിശുദ്ധ ആന്‍ഡ്രൂസ് ആശ്രമത്തിൽ വച്ച് 585-ൽ ഇഹലോകവാസം വെടിഞ്ഞു.