വിശുദ്ധ ജോൺ സ്പെയിനിൽ 1419 – ൽ ജനിച്ചു. ബെനഡിക്‌ടൈൻസിന്റെ ആശ്രമത്തിൽ ജോൺ വിദ്യാഭ്യാസം നടത്തി. ഇക്കാലയളവിൽ ജോൺ തന്റെ കയ്യിൽ ഉണ്ടായിരുന്ന വസ്തുക്കൾ മറ്റുള്ളവർക്ക് ദാനം ചെയ്തിരുന്നു. തന്മൂലം ജോൺ പൂർണ്ണദാരിദ്ര്യത്തിലായിരുന്നു കഴിഞ്ഞുകൂടിയത്.
ബിഷപ്പിന്റെ അനുവാദത്തോടെ സലമാൻസായിൽ ജോൺ തിയോളജി പഠനം പൂർത്തിയാക്കി. കോൺവെന്റിന്റെ പ്രിയോരായും നോവീസ് മാസ്റ്ററായും ജോൺ സേവനമനുഷ്‌ഠിച്ചു. വിശുദ്ധ കുർബാനയുടെ ആരാധകനായിരുന്ന ജോൺ ഏറെ മണിക്കൂർ ചെലവഴിച്ചാണ് ബലി അർപ്പണം നടത്തിയിരുന്നത്.
ഇത് പരാതിക്കിടയാക്കുകയും അധികാരികൾ അദ്ദേഹത്തെ ഇതിൽ നിന്ന് വിലക്കുകയും ചെയ്തു. വ്യക്തികളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുവാനും പ്രശ്‌നങ്ങൾക്ക് തീർപ്പുകല്‌പിക്കുവാനും ജോണിന് സവിശേഷമായ കഴിവുണ്ടായിരുന്നു. അതിനാൽ ഒരു പ്രഭുവിന് ജോണിനോട് വിരോധമുണ്ടാകുകയും അദ്ദേഹത്തെ വധിക്കുവാനായി കൊലയാളികളെ അയക്കുകയും ചെയ്തു.
ജോണിന്റെ വിശുദ്ധി മൂലം അവർക്ക് കൃത്യം നിർവഹിക്കുവാനായില്ല. തുടർന്ന് അവർ ജോണിനോട് മാപ്പപേക്ഷിച്ചു പിന്തിരിഞ്ഞു. പിന്നീട് ആ പ്രഭു രോഗബാധിതനായി. എന്നാൽ ജോണിന്റെ പ്രാർത്ഥന വഴി പ്രഭു സൗഖ്യം നേടി. വിശുദ്ധിക്ക് നിരക്കാത്ത തിന്മകളെ ജോൺ ശക്തമായി എതിർത്തിരുന്നു.
പാപകരമായ ജീവിതം നയിച്ച ഒരു സ്‌ത്രീയുടെ പങ്കാളിയെ ജോൺ മാനസാന്തരപ്പെടുത്തി നന്മയിലേക്ക് നയിച്ചു. തന്മൂലം ആ സ്ത്രീയിൽ വിരോധം സൃഷ്ടിക്കപ്പെടുകയും അവർ മരുന്നെന്ന വ്യാജേന വിഷം നല്‌കി ജോണിനെ കൊലപ്പെടുത്തുകയുമായിരുന്നു.
തിന്മയോടുള്ള എതിർപ്പാണ് ജോണിന്റെ മരണത്തിനു കാരണമായി ഭവിച്ചത്. ഈ അവസ്ഥയിലും സന്തോഷത്തോടെയാണ് ജോൺ എല്ലാം ഏറ്റുവാങ്ങിയത്. മാസങ്ങളോളം കഠിനമായ വേദന സഹിച്ച് 1479 ജൂൺ 11 – ന് ജോൺ അന്തരിച്ചു.
1601 – ൽ ക്ലമന്റ് എട്ടാമൻ മാർപ്പാപ്പ ജോണിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1690 ഒക്ടോബർ 16 – ന് റോമിൽ വച്ച് അലക്സാണ്ടർ എട്ടാമൻ മാർപ്പാപ്പ ജോണിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധന്റെ തിരുനാൾ ജൂൺ 12 – ന് ആചരിക്കുന്നു.