Daily Saints Reader's Blog

വിശുദ്ധ ജോൺ ക്രിസോസ്റ്റം: സെപ്റ്റംബർ 13

പൗരസ്ത്യ സഭയിലെ നാലു മഹാപിതാക്കന്മാരില്‍ ഒരാളാണ് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം നിസ്തുലനായ ഈ വേദപാരംഗതന് ”ക്രിസോസ്റ്റം” എന്ന അപരനാമം ലഭിച്ചത് അദ്ദേഹത്തിന്റെ വാഗ്മിത്വത്തിന്റെ സൂചനയായിട്ടാണ്. ”സ്വര്‍ണ്ണ നാവുകാരന്‍” എന്നാണ് ഇതിനര്‍ത്ഥം.

എന്നാല്‍ അദ്ദേഹത്തിന്റെ വാഗ്‌വിലാസത്തെക്കാള്‍ എത്രയോ ഉപരിയായിരുന്നു അദ്ദേഹത്തിന്റെ ദൈവസ്‌നേഹവും വിശ്വാസതീക്ഷ്ണതയും ജീവിതവിശുദ്ധിയും ധീരതയും.

വിശുദ്ധ ജോണ്‍ 344-ല്‍ അന്ത്യോക്യായില്‍ ജനിച്ചു. സിറിയായിലെ സൈന്യാധിപനായിരുന്ന സെക്കുന്തൂസിന്റെ ഏകപുത്രനായിരുന്നു അദ്ദേഹം. അമ്മയായ അന്തൂസയ്ക്ക് 20 വയസ്സുള്ളപ്പോള്‍ സെക്കുന്തൂസ് മരിച്ചു.

എങ്കിലും ഭക്തയായ ആ സ്ത്രീ ഒരു പുനര്‍വിവാഹത്തെപ്പറ്റി ചിന്തിച്ചതേയില്ല. തന്റെ ഏകപുത്രനെ ദൈവഭക്തിയില്‍ വളര്‍ത്തുക മാത്രമായിരുന്നു ലക്ഷ്യം. തന്നെ ചൂഴുന്ന ലോകത്തിന്റെ ആര്‍ഭാടങ്ങളില്‍ നിന്നും ആകര്‍ഷണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ജീവിക്കാന്‍ ജോണ്‍ ആഗ്രഹിച്ചു. ഏകാന്തതയായിരുന്നു അവനു പ്രിയംകരം.

യൗവനത്തില്‍ പരുപരുത്ത ഒരു വസ്ത്രമാണ് അവന്‍ ധരിച്ചിരുന്നത്. തന്റെ സമയത്തിന്റെ മുഖ്യപങ്കും അവന്‍ പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ ഗ്രന്ഥ പാരായണത്തിനുമായി നീക്കിവച്ചു. അങ്ങനെ സദാ ദൈവൈക്യത്തിലും ജ്ഞാനത്തിലും വളര്‍ന്നു. അനുദിനം അവന്‍ ഉപവസിച്ചിരുന്നു. 26 വയസ്സായപ്പോഴേക്ക് അവന്‍ പൗരോഹിത്യത്തെപ്പറ്റി 6 നിസ്തുല ഗ്രന്ഥങ്ങള്‍ രചിച്ചു.

374-ല്‍, മുപ്പതാമത്തെ വയസ്സില്‍, അവന്‍ അടുത്തുള്ള ഒരു മലയിലേക്കു താമസം മാറ്റി. 6 വര്‍ഷം അങ്ങനെ ഏകാന്തതയുടെ മാധുര്യം നുകര്‍ന്ന് ജീവിച്ചു. ക്രിസ്തീയമായ നിശ്ശബ്ദതയുടെ കല അഭ്യസിച്ചതിനുശേഷം അന്ത്യോക്യായിലേക്കു തിരിച്ചുപോന്നു. 386-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായി ഫാദര്‍ ജോണ്‍ അഭിഷിക്തനായി. അതുവരെ നിരന്തരം അന്ത്യോക്യായില്‍ തീക്ഷ്ണമതിയായ ഒരു പുരോഹിതനായി അദ്ദേഹം അദ്ധ്വാനിച്ചു.

ബിഷപ്പ് ജോണിന്റെ പ്രഭാഷണങ്ങള്‍ അത്ഭുതകരമായ ഫലങ്ങള്‍ ഉളവാക്കി. ആ വാഗ്‌ധോരണി ശ്രോതാക്കളുടെ ഹൃദയങ്ങളെ ഇളക്കിമറിച്ചു. വിശുദ്ധ കുര്‍ബാനയായിരുന്നു അദ്ദേഹത്തിന്റെ ജീവിതകേന്ദ്രം.

എല്ലാവരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം അന്നുവരെ നിലവിലിരുന്ന ലിറ്റര്‍ജിയുടെ ദൈര്‍ഘ്യം കുറച്ചു. അങ്ങനെ ദിവ്യബലിയില്‍ സംബന്ധിക്കുന്നതിനു തടസ്സമായിരുന്ന മുടന്തന്‍ ന്യായങ്ങളുടെ മുനയൊടിക്കാന്‍ അദ്ദേഹം ശ്രമിച്ചു.

വിശുദ്ധന്‍ ബലി അര്‍പ്പിക്കുമ്പോള്‍ വിശുദ്ധര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന്, തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ്, ഇറങ്ങിവന്ന് കുര്‍ബാനയെ ആരാധിക്കുന്നതായി കണ്ടുവെന്ന് വിശുദ്ധ നീലൂസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

കോണ്‍സ്റ്റാന്റിനോപ്പിളില്‍ അദ്ദേഹം എല്ലാവര്‍ക്കും പ്രിയംകരനായിരുന്നു. എന്നാല്‍ തിന്മകളോട് നിരന്തരം പോരാടിയിരുന്ന അദ്ദേഹത്തിന്റെ ഭര്‍ത്സനങ്ങള്‍ നിരവധി ശത്രുക്കളെ സൃഷ്ടിച്ചു. അവര്‍ അദ്ദേഹത്തെ നാടുകടത്താന്‍ കുതന്ത്രങ്ങള്‍ സ്വീകരിച്ചു.

403-ല്‍ ബിഷപ്പ് ജോണ്‍ ആദ്യമായി നാടുകടത്തപ്പെട്ടുവെങ്കിലും താമസിയാതെ തിരിച്ചു വിളിക്കപ്പെട്ടു. എന്നാല്‍ അത് താല്‍ക്കാലികമായ ഒരാശ്വാസം മാത്രമായിരുന്നു. അലക്‌സാണ്ഡ്രിയായിലെ ആര്‍ച്ചുബിഷപ്പായിരുന്ന തെയോഫിലസ്റ്റിനും എവുജോക്‌സിയ ചക്രവര്‍ത്തിക്കും എതിരായ ബിഷപ്പ് ജോണ്‍ നടത്തിയ അഴിമതിയാരോപണങ്ങള്‍ അവരെ പ്രകോപിപ്പിച്ചു.

രണ്ടുപ്രാവശ്യം – 404-ലും 407-ലും – അവര്‍ അദ്ദേഹത്തെ നാടുകടത്തിച്ചു. വിപ്രവാസത്തില്‍ അദ്ദേഹം അര്‍ദ്ധപ്പട്ടിണിയും തണുപ്പും പലതരം കഷ്ടതകളും അനുഭവിച്ചു. ഇവയെല്ലാം അദ്ദേഹം സസന്തോഷം സഹിച്ചു. ഈ സാഹചര്യങ്ങളിലും അദ്ദേഹത്തിന്റെ പ്രസന്നതയ്‌ക്കോ മറ്റുള്ളവരോടുള്ള പരിഗണനയ്‌ക്കോ കുറവൊന്നുമുണ്ടായില്ല. വിപ്രവാസത്തില്‍ തന്നെ 407-ല്‍ അദ്ദേഹം അന്തരിച്ചു.

പ്രവാസത്തിലെ കഷ്ടതകള്‍ ബിഷപ്പ് ജോണിന്റെ രോഗവര്‍ദ്ധനവിനു കാരണമായി. ഇതിനിടയില്‍ ഒരുദിവസം അദ്ദേഹം മുഷിഞ്ഞ വസ്ത്രങ്ങല്‍ മാറ്റി വെള്ളവസ്ത്രം ധരിച്ച് തിരുപാഥേയം സ്വീകരിച്ചു.

”സകലത്തിനും ദൈവത്തിനു സ്തുതി, ആമ്മേന്‍” എന്ന് പതിവായി ചൊല്ലാറുള്ള വാക്കുകള്‍ ഉച്ചരിച്ചുകൊണ്ട് അദ്ദേഹം തന്റെ അത്മാവിനെ ഈശോയുടെ കരങ്ങളില്‍ സമര്‍പ്പിച്ചു. പ്രശാന്തതയോടെ, പ്രസന്നതയോടെ, അദ്ദേഹം മരിച്ചു.

ഒരു ദിവസം നാം എന്തെല്ലാം സല്‍കൃത്യങ്ങള്‍ ചെയ്താലും, അവയെക്കാളൊക്കെ ഉയരത്തിലാണ് വിശുദ്ധ കുര്‍ബാനയിലെ ഭാഗഭാഗിത്വം എന്ന് ബിഷപ്പ് ജോണ്‍ ഉറച്ചു വിശ്വസിച്ചിരുന്നു. വിശ്വാസികള്‍ക്ക് അത് എളുപ്പമാക്കാന്‍ വേണ്ടതെല്ലാം അദ്ദേഹം ചെയ്തു.