ഹിപ്പോളിറ്റസ് റോമിലെ പണ്ഡിതനായ ഒരു വൈദികനും ആ കാലഘട്ടത്തിലെ ശ്രദ്ധേയനായ ദൈവശാസ്ത്ര പണ്ഡിതനുമായിരുന്നു. വി. ഇറനേവൂസിന്റെ ശിഷ്യനെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. വി. ജറോം അദ്ദേഹത്തെപ്പറ്റി “വിശുദ്ധനും സമര്‍ത്ഥനായ വാഗ്മിയും” എന്നാണ് പറഞ്ഞിരിക്കുന്നത്.
ആദ്യകാലത്ത്, പോപ്പിനെപോലും വിമര്‍ശിക്കുന്ന ധീരനായ ഒരു വിമര്‍ശകനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടത്. പാഷണ്ഡതകളെ തിരിച്ചറിഞ്ഞ് സമയത്ത് പ്രതികരിക്കാത്തതിന് പോപ്പ് സെഫിറീന്തസിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പരസ്യമായി രംഗത്തെത്തി.
ത്രിത്വത്തെപറ്റി അന്നു പ്രചരിച്ചിരുന്ന തെറ്റായ വ്യാഖ്യാനങ്ങളെയെല്ലാം യുക്തിപൂര്‍വ്വം വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം മുന്നില്‍ത്തന്നെ നിന്നു. പോപ്പ് സെഫിറീനൂസിന്റെ പിന്‍ഗാമി കലിസ്റ്റസ് ഒന്നാമനെയും സബെല്ലിയാനിസം എന്ന പാഷണ്ഡതയുടെ പേരില്‍ പ്രതിക്കൂട്ടില്‍ നിറുത്തിയ ഹിപ്പോളിറ്റസിനെ, അനുയായികള്‍ ആന്റിപോപ്പായി തിരഞ്ഞെടുത്തു.
235-ല്‍ മാക്സിമസ് ചക്രവര്‍ത്തി ഹിപ്പോളിറ്റസിനെ സര് ദീനിയയിലേക്ക് നാടുകടത്തി. അവിടെ നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തില്‍ പോപ്പ് പൊന്തിയാനസും ഉണ്ടായിരുന്നു. എന്നും സത്യത്തിന്റെയും നന്മയുടെയും പക്ഷം ചേരുന്ന ഒരു യാഥാസ്ഥിതികനുമായിരുന്നു ഹിപ്പോളിറ്റസ്.
തീക്ഷ്ണനായ പുരോഗമന വാദിയും സത്യവാദിയുമായിരുന്നപ്പോള് തിരിച്ചറിയാതെ പോയ കാര്യങ്ങള്‍ അദ്ദേഹം പൊന്തിയാനൂസിനൊപ്പം തടവില്‍ കഴിഞ്ഞ കാലത്ത് കഷ്ടതകളുടെയും ഒറ്റപ്പെടലിന്റെയും വേദനകളുടെയിടയില് തിരിച്ചറിഞ്ഞു. അവരിരുവരും ആന്റി പോപ്പും പോപ്പുമെന്ന സ്ഥാനങ്ങള്‍ ത്യജിക്കാന്‍ സന്നദ്ധരാകുകയും അങ്ങനെ റോമില്‍ പുതിയ സംവിധാനങ്ങള്‍ക്ക് കളമൊരുക്കുകയും ചെയ്തു.
പ്രുഡൻഷ്യസിൻ്റെ വിവരണമനുസരിച്ച്, ഹിപ്പോളിറ്റസിനെ കാട്ടുകുതിരകൾ വലിച്ചിഴച്ചു. ഏഥൻസിൽ കാട്ടു കുതിരകളാൽ വലിച്ചിഴക്കപ്പെട്ട ഹിപ്പോളിറ്റസിൻ്റെ വധശിക്ഷയെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം താൻ അവിടെ കണ്ടതായി പ്രസ്താവിക്കുകയും ചെയ്തു
വി. അന്തേരൂസിന്റെ സ്ഥാനാരോഹണത്തോടെ പാഷണ്ഡതകള്‍ക്ക് അറുതി വന്നെങ്കിലും അദ്ദേഹം പെട്ടെന്ന് വധിക്കപ്പെട്ടു. പിന്നീട് പോപ്പായി സ്ഥാനമേറ്റ വി. ഫാബിയാന്‍ (236-250) ഹിപ്പോളിറ്റസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ റോമില്‍ കൊണ്ടുവന്ന് ആഘോഷമായ ശവസംസ്കാരം നടത്തി.