ക്രിസ്തുവർഷം 590 സെപ്തംബർ 3 മുതൽ മരണം വരെ റോം ആസ്ഥാനമായുള്ള കത്തോലിക്കാ സഭയുടെ തലവനായിരുന്നു മഹാനായ ഗ്രിഗോറിയോസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗ്രിഗറി ഒന്നാമൻ മാർപ്പാപ്പ.
റോമാ നഗരം കേന്ദ്രമാക്കിയിരുന്ന പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ പതനത്തെ തുടർന്നുള്ള അരാജകത്വത്തിന്റെ കാലഘട്ടത്തിൽ (എ.ഡി 540-ൽ) റോമിലെ സമ്പന്ന പ്രഭുകുടുംബങ്ങളിൽ ഒന്നിലാണ് ഗ്രിഗോറിയോസ് ജനിച്ചത്. ഗോർഡിയാനോസും സിൽവിയായും ആയിരുന്നു മാതാപിതാക്കൾ.
ഗ്രിഗോറിയോസ് ബാല്യയൗവനങ്ങൾ ചെലവഴിച്ചത് റോമിൽ സീലിയൻ മലകളിലെ ഒരു കൊട്ടാരത്തിലാണ്. പിതാവിന്റെ മരണത്തെ തുടർന്ന് ഗ്രിഗോറിയോസ് വലിയ സ്വത്തിന് അവകാശിയായി.
രാഷ്ട്രീയാധികാരത്തിൽ ഉയർന്ന അദ്ദേഹം റോമിലെ നഗരപിതാവിന്റെ പദവിയോളമെത്തി. എന്നാൽ, ഇറ്റലിയിൽ നിലനിന്നിരുന്ന അരാജകത്വം കണ്ട് ലോകത്തിന്റെ അവസാനം അടുക്കാറായെന്നു കരുതിയ അദ്ദേഹത്തിന് ഭൗതികമായ അധികാരത്തിലും പദവികളിലും താത്പര്യമില്ലാതായി.
നഗരപിതാവിന്റെ പദവിയിലെത്തി ഒരു വർഷം കഴിഞ്ഞ് ഗ്രിഗോറിയോസ് തന്റെ സമ്പത്തിൽ ഗണ്യമായ ഭാഗം ഏഴു സന്യാസാശ്രമങ്ങൾ സ്ഥാപിക്കാൻ ഉപയോഗിക്കുകയും അവശേഷിച്ചത് ദരിദ്രർക്ക് ദാനം ചെയ്യുകയും ചെയ്തു.
സീലിയൻ കുന്നുകളിലെ തന്റെ കൊട്ടാരം വിശുദ്ധ അന്ത്രയോസിന്റെ പേരിൽ ഒരു ബെനഡിക്ടൻ സന്യാസാശ്രമമാക്കി മാറ്റി അദ്ദേഹം അവിടത്തെ ആദ്യസന്യാസിയായി. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും മാത്രം കഴിച്ചായിരുന്നു ജീവിതം.
കഠിനമായ തപശ്ചര്യകൾ അദ്ദേഹത്തിന്റെ ആരോഗ്യം തകർത്തു. എങ്കിലും സന്യാസിയായി കഴിഞ്ഞ ഈ കാലത്തെ അദ്ദേഹം പിന്നീട് അനുസ്മരിച്ചത്, തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലമായാണ്.
സന്യാസാവസ്ഥയിൽ മൂന്നു വർഷം കഴിഞ്ഞപ്പോൾ, അന്ന് മാർപ്പാപ്പയായിരുന്ന ഒന്നാം ബെനഡിക്ട്, ഗ്രിഗൊറിയോസിനെ തന്റെ സഹായികളിൽ ഒരാളായി നിയമിച്ചു. ബെനഡിക്ടിന്റെ പിൻഗാമിയായി വന്ന പെലാജിയസ് രാണ്ടാമൻ ക്രി.വ. 579-ൽ അദ്ദേഹത്തെ തന്റെ പ്രതിനിധിയായി ബൈസാന്തിയസാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിലേക്കയച്ചു.
ആ തലസ്ഥാനനഗരിയിലെ ആഡംബരങ്ങൾക്കു നടുവിലും അദ്ദേഹം സന്യാസിയുടെ ലാളിത്യത്തിൽ ജീവിച്ചു. ഗ്രിഗോറിയോസിനെ ഏല്പിച്ചിരുന്ന ദൗത്യങ്ങളിലൊന്ന് റോമിനെ ആക്രമിച്ചുകൊണ്ടിരുന്ന ലൊംബാർഡുകൾക്കെതിരെ ബൈസാന്തിയ സാമ്രാജ്യത്തിന്റെ സൈനിക സഹായം നേടുക എന്നതായിരുന്നു. ആ ദൗത്യത്തിൽ അദ്ദേഹം വിജയിച്ചില്ല.
എന്നാൽ, കോൺസ്റ്റാന്റിനോപ്പിളിൽ, പൗരസ്ത്യസാമ്രാജ്യത്തിലെ രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരുമായി അദ്ദേഹം അടുത്ത ബന്ധം സ്ഥാപിച്ചു. നയതന്ത്രജ്ഞനെന്ന നിലയിൽ നേടിയ പരിചയം മാർപ്പാപ്പയായിരിക്കെ രാഷ്ട്രനീതിയും നയതന്ത്രവുമായി ബന്ധപ്പെട്ട സങ്കീർണ്ണസമസ്യകൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തെ സഹായിച്ചു.
കോൺസ്റ്റാന്റിനോപ്പിളിൽ ആറുവർഷത്തെ നയതന്ത്രദൗത്യം പൂർത്തിയാക്കി ക്രി.വ. 585-ൽ ഗ്രിഗോറിയോസ് റോമിൽ മടങ്ങി വന്നു. ഒരിക്കൽ കൂടി അദ്ദേഹം താൻ സ്ഥാപിച്ച സന്യാസാശ്രമത്തിന്റെ അധിപനായി.
589-ൽ ടൈബർ നദി കവിഞ്ഞൊഴുകിയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് റോമിൽ പഞ്ഞവും പ്ലേഗ് രോഗവും പടർന്നു. 590 ഫെബ്രുവരിയിൽ പെലാജിയസ് രണ്ടാമൻ മാർപ്പാപ്പ പ്ലേഗു ബാധിച്ചു മരിച്ചതിനെ തുടർന്ന് ഗ്രിഗോറിയോസ്, മാർപ്പാപ്പ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അൻപതാമത്തെ വയസ്സിൽ മാർപ്പാപ്പായാകുമ്പോൾ ഗ്രിഗോറിയോസ് പലതരം രോഗങ്ങൾ കൊണ്ട് വലഞ്ഞിരുന്നു. ഉദരരോഗവും, സന്ധിവാതവും അദ്ദേഹത്തെ വിട്ടുമാറിയില്ല. കഠിനമായ തപശ്ചര്യകൾ ഗ്രിഗോറിയോസ് അകാലത്തിൽ വൃദ്ധനാക്കിയിരുന്നു.
എന്നാൽ അടുത്ത പതിനാലു വർഷക്കാലം അദ്ദേഹം പുതിയ സ്ഥാനത്തിന്റെ നിർവഹണത്തിൽ കഠിനാദ്ധ്വാനം ചെയ്തു. വ്യാധികളും ദാരിദ്ര്യവും കൊണ്ടു വലഞ്ഞിരുന്ന റോമിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഗ്രിഗോറിയോസ് മുൻകൈയ്യെടുത്തു.
ദരിദ്രകുടുംബങ്ങൾക്ക് മാസം തോറും ഒരളവ് ധാന്യവും, വീഞ്ഞും, പച്ചക്കറികളും, എണ്ണയും, മത്സ്യവും വസ്ത്രങ്ങളും രോഗികൾക്കും അംഗവിഹീനർക്കും ദിവസേന പാകം ചെയ്ത ഭക്ഷണവും വിതരണം ചെയ്യാൻ ഏർപ്പാടു ചെയ്തു.
അലസരും അഴിമതിക്കാരുമായ വൈദികമേലദ്ധ്യക്ഷന്മാരോടും സിവിൽ അധികാരികളോടും നിർദ്ദയം പെരുമാറിയ അദ്ദേഹം കഷ്ടപ്പടുകളുമായി തന്നെ സമീപിച്ചവരോട് ദയാവാത്സല്യങ്ങളോടെ പെരുമാറി.
എ.ഡി 604-ൽ വിശുദ്ധൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. റോമിലെ സെന്റ് പീറ്റേഴ്‌സ് ദൈവാലയത്തിലാണ് കബറിടം സ്ഥിതി ചെയ്യുന്നത്. സംഗീതജ്ഞന്മാരുടേയും, ഗായകരുടേയും, വിദ്യാർത്ഥികളുടേയും, അദ്ധ്യാപകരുടേയും മദ്ധ്യസ്ഥനായ വിശുദ്ധനാണ് ഗ്രിഗോറിയോസ്.