Daily Saints Reader's Blog

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് : ഒക്ടോബർ 3

1181 ൽ ഇറ്റലിയിലെ അസീസിയിൽ പ്രമുഖ പട്ടുവസ്ത്ര വ്യാപാരിയായ പീറ്റർ ബെർണാർഡിന്റെയും പിക്കാപ്രദ്വിയുടെയും മൂത്തമകനായി വിശുദ്ധ ഫ്രാൻസിസ് ജനിച്ചു. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്.

1202-ൽ, പെറുഗിയക്കെതിരായ സൈനിക പര്യവേഷണത്തിൽ ചേരുകയും കൊളസ്ട്രാഡയിൽ തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. ഒരു വർഷം തടവുകാരനായി അദ്ദേഹം ചെലവഴിച്ചു, ആ സമയത്ത് ഒരു അസുഖം അയാളുടെ ജീവിതത്തെ പുനർവിചിന്തനം ചെയ്യാൻ കാരണമായി. എന്നിരുന്നാലും, 1203-ൽ അസ്സീസിയിൽ തിരിച്ചെത്തിയ ഫ്രാൻസിസ് തൻ്റെ അശ്രദ്ധമായ ജീവിതത്തിലേക്ക് മടങ്ങി.

സ്വതേ സാഹസപ്രിയനായിരുന്ന ഫ്രാൻസിസ്, രോഗവിമുക്തനായതോടെ 1205-ൽ, ഫ്രാൻസിസ് അപുലിയയിലേക്ക് പോയി, ബ്രിയെൻ്റെ കൗണ്ട് വാൾട്ടർ മൂന്നാമൻ്റെ സൈന്യത്തിൽ ചേരാൻ. ഈ സമയത്ത് അദ്ദേഹത്തിലുണർന്ന ആത്മീയചിന്ത അദ്ദേഹദി വിലക്കി.

അസീസിയിലേക്ക് മടങ്ങുകയും ലൗകിക ജീവിതത്തിൽ താൽപ്പര്യം നഷ്ടപ്പെടുകയും ചെയ്തു. ആഡംബരപ്രേമിയും ഉല്ലാസിയുമായിരുന്ന സുഹൃത്തിൽ കണ്ട മാറ്റം ഫ്രാൻസിസിന്റെ ചങ്ങാതിമാരെ അത്ഭുതപ്പെടുത്തി. പ്രണയപാരവശ്യം ഉളവാക്കിയ മാറ്റമാണോ ഇതെന്ന് അവർ അത്ഭുതപ്പെട്ടു. ഫ്രാൻസിസിന്റെ മറുപടി താൻ സുന്ദരിയായ ദാരിദ്ര്യം എന്ന വധുവിനെ ഉടൻ സ്വന്തമാക്കുന്നുണ്ടെന്നായിരുന്നു.

ദാരിദ്ര്യവുമായുള്ള ആ പ്രണയം അദ്ദേഹം ശിഷ്ടജീവിതം മുഴുവൻ തുടർന്നു. വിരക്തിയുടേയും ഏകാന്ത ധ്യാനത്തിന്റേയും വഴി പിന്തുടർന്ന ഫ്രാൻസിസ് തനിക്കുണ്ടായിരുന്നതെല്ലാം ത്യജിച്ചു. ഒരു കുഷ്ഠരോഗിയെ വഴിയിൽ കണ്ടപ്പോൾ അവനെ ആശ്ലേഷിച്ച് കയ്യിലുണ്ടായിരുന്ന പണമെല്ലാം അവനു കൊടുത്തു. ഒരു ഭിക്ഷക്കാരനുമായി വസ്ത്രങ്ങൾ വച്ചു മാറി.

ഒരിക്കൽ അസ്സീസിയിലെ വിശുദ്ധ ദാമിയന്റെ ജീർണ്ണവശ്ശായിരുന്ന ദേവാലയത്തിനു സമീപം നിൽക്കവേ, “ഫ്രാൻസിസേ, എന്റെ വീട് അറ്റകുറ്റപ്പണികൾ ചെയ്തു നന്നാക്കുക” എന്ന് ആരോ തന്നോടു പറയുന്നതായി അദ്ദേഹത്തിനു തോന്നി. ഈ ആഹ്വാനം അക്ഷരാർത്ഥത്തിലെടുത്ത ഫ്രാൻസിസ് പിതാവിന്റെ കടയിലെ കുറെ വസ്ത്രങ്ങളെടുത്ത് വിറ്റ് ആ ദേവാലയം പുനരുദ്ധരിക്കാനൊരുങ്ങി.

ഇതറിഞ്ഞ ബെർണാർഡൺ രോഷാകുലനായി. പിതാവിന്റെ രോഷത്തിൽ നിന്നു രക്ഷപെടാനായി ഒരു മാസം മുഴുവൻ അസ്സീസിക്കടുത്തുള്ള ഒരു ഗുഹയിൽ താമസിച്ചിട്ട് അതിൽ നിന്ന് മൃതപ്രായനായി ഇറങ്ങിവന്ന ഫ്രാൻസിസിനെ കണ്ടവർ ഭ്രാന്തനെയെന്നോണം പിന്തുടർന്ന് കല്ലെറിഞ്ഞു. മകനെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ഒരു മുറിയിൽ പൂട്ടിയിട്ടു. എന്നാൽ അമ്മ ഫ്രൻസിസിനെ മോചിപ്പിച്ചു.

മോചിതനായ ഫ്രാൻസിസ് ഏറെ സ്നേഹിച്ച് ദാരിദ്ര്യത്തെ പരിഗ്രഹിക്കാനായി ലൗകിക ബന്ധങ്ങളെല്ലാം എന്നെന്നേക്കുമായി പരിത്യജിച്ചു. തുടർന്ന് അസ്സീസിയിലും പരിസരങ്ങളിലും ചുറ്റിനടന്ന് അദ്ദേഹം ക്രിസ്തുവിന്റെ സ്നേഹത്തിന്റേയും സമാധനത്തിന്റേയും സന്ദേശം പ്രസംഗിക്കാൻ തുടങ്ങി.

നേരത്തേ കല്ലെറിയാൻ ഒരുങ്ങിയ ജനങ്ങൾ തന്നെ അദ്ദേഹത്തിൽ ആകൃഷ്ടരായി. ഒന്നൊന്നായി ഫ്രാൻസിസിന് അനുയായികൾ ഉണ്ടാകാൻ തുടങ്ങി. അദ്ദേഹം അവരെ ചെറിയ സന്യാസികൾ എന്നു വിളിച്ചു. അവരുടെ എണ്ണം പതിനൊന്നായപ്പോൾ ഫ്രാൻസിസ് അവർക്കുവേണ്ടി ഒരു നിയമാവലി എഴുതിയുണ്ടാക്കി.

ഈ പുതിയ സന്യാസസമൂഹത്തിനും നിയമാവലിക്കും ക്രൈസ്തവസഭാധികാരികളുടെ അംഗീകാരം വാങ്ങാനായി ഫ്രാൻസിസ് റോമിലേക്കു പോയി. ഈ പുതിയ പ്രതിഭാസം റോമിലുള്ളവരെ അത്ഭുതപ്പെടുത്തിയെങ്കിലും ചെറിയ സന്യാസികളുടെ സമൂഹത്തിന് അംഗീകാരം കിട്ടി.

അന്ന് മാർപ്പാപ്പമാരുടെ വസതിയായിരുന്ന റോമിലെ ലാറ്ററൻ കൊട്ടാരം നിലം‌പതിക്കാൻ പോകുന്നതായും ഒരു ചെറിയ മനുഷ്യൻ അതിനെ താങ്ങി നിർത്തുന്നതായും ഇന്നസന്റ് മൂന്നാമൻ മാർപ്പാപ്പ സ്വപ്നം കണ്ടതാണ് അംഗീകാരം ത്വരിതപ്പെടാൻ കാരണമായതെന്ന് പറയപ്പെടുന്നു.

ഫ്രാൻസിസിന്റേയും ചെറിയസന്യാസിമാരുടേയും പ്രശസ്തി ക്രമേണ പരന്നു. ആനന്ദഭരിതരായി ദൈവത്തിനു സ്തുതിഗീതങ്ങളാലപിച്ച് അവർ ഗ്രാമങ്ങൾ ചുറ്റി നടന്നു. കർഷകരോടൊപ്പം വയലുകളിൽ വേല ചെയ്തു.

ജോലിയൊന്നും കിട്ടാതെ വന്നപ്പോൾ ഭിക്ഷ യാചിച്ചു. ആർജവത്തോടെ ദൈവത്തിൽ അഹ്ലാദിച്ച് ലളിതജീവിതം നയിക്കാനാണ് ഫ്രാൻസിസ് തന്നെ പിന്തുടർന്നവരെ ഉപദേശിച്ചത്. “ഒരു വ്യക്തി ദൈവത്തിന്റെ മുൻപിൽ എന്താണോ അതു മാത്രമാണ് അയാളെന്നും, അതിലപ്പുറം ഒന്നുമല്ല”എന്നും അദ്ദേഹം അവരെ പഠിപ്പിച്ചു.

മറ്റു ക്രൈസ്തവവിശുദ്ധന്മാരിൽ നിന്നു ഫ്രാൻസിസിനെ ഭിന്നനാക്കുന്ന പ്രധാന കാര്യം, ചരാചരങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ്. ഈ സ്വഭാവവിശേഷം അദ്ദേഹത്തിനു ക്രൈസ്തവേതരർക്കിടയിൽ പോലും ഒട്ടനേകം ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. പക്ഷികൾ അദ്ദേഹത്തിന് സഹോദരിമാരും ചെന്നായ് സഹോദരനുമായിരുന്നു.

ഒരു വനപ്രദേശത്ത് കലപിലകൂട്ടിക്കൊണ്ടിരുന്ന പക്ഷികളോട് അദ്ദേഹം സുവിശേഷം പ്രസംഗിച്ച കഥ പ്രസിദ്ധമാണ്. തുടക്കം ഇങ്ങനെയായിരുന്നു: “കൊച്ചു സഹോദരിമാരേ, നിങ്ങൾക്കു പറയാനുള്ളത് നിങ്ങൾ പറഞ്ഞു കഴിഞ്ഞല്ലോ. ഇനി ഞാൻ പറയുന്നത് നിങ്ങളും ഒന്നു കേട്ടാലും”.

കർഷകരുടെ ആട്ടിൻപ്പറ്റങ്ങളെ നിരന്തരം ആക്രമിച്ച് പ്രശ്നമുണ്ടാക്കിക്കൊണ്ടിരുന്ന ഒരു ചെന്നായുടെ ഭാഗം അദ്ദേഹം വാദിച്ചത് “സഹോദരൻ ചെന്നായ്ക്ക് വിശന്നിട്ടാണ്” എന്നായിരുന്നു. ആ ചെന്നായ്ക്കു ഭക്ഷണം കൊടുക്കാൻ അദ്ദേഹം ഗ്രാമവാസികളോടാവശ്യപ്പെട്ടു.

1224-ൽ വിശുദ്ധകുരിശിന്റെ ഉദ്ധാരണദിവസം, അൽ‌വർണിയ എന്ന മലയിൽ പ്രാർത്ഥനാനിരതനായിരിക്കേ, വിചിത്രമായ ഒരു ദൈവദർശനം ഉണ്ടായതായി പറയപ്പെടുന്നു. ആ ദർശനത്തെതുടർന്നു അദ്ദേഹത്തിന്റെ ശരീരത്തിൽ ക്രൂശിതനായ ക്രിസ്തുവിന്റേതിനു സമാനമായ അഞ്ചു മുറിവുകൾ ഉണ്ടായത്രെ.

കഠിനാദ്ധ്വാനവും തപസ്ചര്യകളും കൊണ്ട് ദുർബലമായിരുന്ന ഫ്രാൻസിസിന്റെ ശരീരത്തെ, പഞ്ചക്ഷതങ്ങൾ പിന്നെയും തളർത്തി. അദ്ദേഹത്തിന്റെ കാഴ്ചശക്തി മിക്കവാറും നശിച്ചിരുന്നു. അത് തിരികെ കിട്ടാൻ നടത്തിയ വേദനാജനകമായ ശസ്ത്രക്രിയ വിജയിച്ചില്ല.

ചികിൽസക്കായി ചെറിയ സന്യാസികൾ ഫ്രാൻസിസിനെ ഇറ്റലിയിലെ പല നഗരങ്ങളിലും കൊണ്ടുപോയി. അതൊക്കെ വിഫലമാണെന്നു ബോദ്ധ്യമായപ്പോൾ അസ്സീസി വഴി പോർസിയങ്കോളയിൽ തിരികെ കൊണ്ടുവന്നു. വഴിക്ക് ഫ്രാൻസിസ്, അസ്സീസി നഗരത്തെ ആശീർ‌വദിച്ചതായി പറയപ്പെടുന്നു.

പോർസിയങ്കോളയിൽ ഒരു ചെറിയ പർണശാലയിൽ 1226 ഒക്ടോബർ മൂന്നാം തിയതി അദ്ദേഹം മരിച്ചു. ദൈവകാരുണ്യം യാചിക്കുന്ന ബൈബിളിലെ നൂറ്റിനാല്പത്തിയൊന്നാം സങ്കീർത്തനമാണത്രെ ഫ്രാൻസിസ് അവസാനമായി ചൊല്ലിയ പ്രാർഥന.

ജീവിച്ചിരിക്കെത്തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാൻസിസ് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. ഗ്രിഗറി ഒൻപതാമൻ മാർപ്പാപ്പ 1228-ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ന് കത്തോലിക്കാ സഭ അദ്ദേഹത്തെ മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും മദ്ധ്യസ്ഥനായും വണങ്ങുന്നു.