Daily Saints Reader's Blog

ഇറ്റലിയിലെ വിശുദ്ധ അഡെലൈഡ്: ഡിസംബർ 16

ഫ്രാൻസിലെ ബർഗൻഡിയിലെ രാജാവായിരുന്ന റുഡോൾഫ് രണ്ടാമന്റെ മകളായി അഡെലൈഡ് ജനിച്ചു. അഡെലൈഡിന്റെ രണ്ടാം വയസ്സിൽ പ്രാവെൻസിലെ രാജാവായിരുന്ന യൂഗോയുമായി റുഡോൾഫ് ഒരു ഉടമ്പടി വെച്ചിരുന്നു.

അഡെലൈഡിനെ യൂഗോയുടെ മകന് വിവാഹം ചെയ്തു നൽകുമെന്നായിരുന്നു പ്രസ്തുത കരാർ. പ്രായമായപ്പോൾ പലരും വിവാഹ വാഗ്ദാനവുമായെത്തിയെങ്കിലും കരാർ പ്രകാരം പതിനാറാം വയസ്സിൽ അഡെലെഡിനെ യൂഗോയുടെ മകൻ ലോത്തെയറിന് വിവാഹം ചെയ്തു നൽകി. ലോത്തർ ആ കാലത്ത് പ്രാവെൻസിലെ രാജാവായിരുന്നു.

ഈ വിവാഹത്തിൽ അസൂയാലുവായ ഇവ്രയായിലെ ബെറെങ്കാരിയൂസ് വിഷം നൽകി ലോത്തെയറിനെ വധിക്കുകയും അധികാരം നേടിയെടുക്കുകയും ചെയ്തു. അതോടോപ്പം തന്റെ മകനെ വിവാഹം കഴിക്കാനും ആവശ്യമുന്നയിച്ചു.

വിവാഹാഭ്യർഥന നിരസിച്ച അഡെലൈഡിനെ തുറുങ്കിലടച്ചു. ജർമനിയുടെ രാജാവായിരുന്ന ഒട്ടോ ഒന്നാമൻ ഇറ്റലിയിലെ യുദ്ധത്തിൽ വിജയിക്കും വരെയും അഡെലൈഡ് തടവിൽ തുടർന്നു. പിന്നീട് അഡെലൈഡിനെ ഒട്ടോ ഒന്നാമൻ വിവാഹം ചെയ്തു. തുടർന്നുവന്ന വർഷം അദ്ദേഹം റോമിന്റെ ചക്രവർത്തിയായി സ്ഥാനമേറ്റു.

ഏകദേശം ഇരുപതു വർഷത്തോളം അഡെലൈഡ് രാജ്ഞിയായി വാണു. ഒട്ടോ ഒന്നാമന്റെ അന്ത്യത്തോടെ അദ്ദേഹത്തിനെ മറ്റൊരു ദാമ്പത്യത്തിലെ മകനായ ഒട്ടോ രണ്ടാമൻ അധികാരമേടെടുത്തു. അതോടെ ഒട്ടോ രണ്ടാമൻ അഡെലെഡിനെ കൊട്ടാരത്തിൽ നിന്നും പുറന്തള്ളി.

പത്തുവർഷത്തോളം ഭരണം നടത്തിയ രണ്ടാമൻ മരണമടഞ്ഞു. അമ്മ തെയോഫാന മകനെ ചക്രവർത്തിയായി വാഴിച്ച് ഭരണത്തിന് തുടക്കമിട്ടു. ഈ വേളയിലും അഡെലൈഡിന് കൊട്ടാരത്തിൽ യാതൊരു സ്ഥാനവും ലഭ്യമായില്ല. ഉപവാസവും പ്രാർഥനയുമായി ക്ലൂണിയിലെ ഒരു ആശ്രമത്തിൽ അപ്പോഴും അഡെലൈഡ് കഴിഞ്ഞു വന്നു.

ഈ അവസ്ഥയിൽ അഡെലൈഡിന്റെ ജീവിതത്തിൽ കാര്യമായി മാറ്റങ്ങൾ സംഭവിച്ചിരുന്നു. നിലവിൽ രാജ്ഞിയായിരുന്നെങ്കിലും ആവിധത്തിലുള്ള യാതൊരു സ്ഥാനങ്ങളും അവൾ ഉപയോഗിച്ചിരുന്നില്ല.

ഭരണം നടത്തിയിരുന്ന തെയോഫാനയുടെ മരണത്താലും ചക്രവർത്തിയായ ഒട്ടോ മൂന്നാമന് പ്രായപൂർത്തിയാകാത്തതിനാലും അഡെലെഡ് വീണ്ടും കൊട്ടാരത്തിൽ തിരികെയെത്തി. അധികാരം തന്റെ കൈയിൽ തിരികെയെത്തിയെങ്കിലും അവൾ തന്റെ ജീവിതരീതിയിലെ പാവനത നിലനിർത്തി.

അടിമകളെ മോചിപ്പിക്കുവാനും പാവങ്ങളെയും രോഗികളെ സഹായിക്കാനും അവൾ സന്നദ്ധയായി തന്നെ തുടർന്നു. ഈ കാലയളവിൽ ആശ്രമങ്ങളും ദേവാലയങ്ങളും സ്ഥാപിച്ചു. ഒട്ടോ മൂന്നാമന് പ്രായപൂർത്തിയായപ്പോൾ അഡെലൈഡ് തന്റെ മുൻ ആശ്രമത്തിലേക്ക് മടങ്ങി.

അറുപത്തിയെട്ടാം വയസിൽ ക്ലൂണിയിൽ വച്ച് അന്തരിച്ചു. 1097-ൽ അഡെലെഡിനെ ഉർബൻ രണ്ടാമൻ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. ഡിസംബർ 16-ന് വിശുദ്ധ അഡെലൈഡിന്റെ ഓർമ്മയാചരിക്കുന്നു.