ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ..

ലൂക്കാ 9 : 57 – 62
അവന്റെ വിളിയെന്നാൽ, വെല്ലുവിളിയാണ്
.

ഇവിടെ പരാമർശിക്കുന്ന ഒന്നാമനും മൂന്നാമനും, യേശുവിനെ അനുഗമിക്കാൻ സ്വമേധയാ ആഗ്രഹം പ്രകടിപ്പിച്ചു മുന്നോട്ട് വരുന്നു. എന്നാൽ, രണ്ടാമനെ യേശുതന്നെ വിളിക്കുകയാണ് ചെയ്യുന്നത്.

അവൻ പോകുന്നിടത്തെല്ലാം അവനെ അനുഗമിക്കുക എന്നതാണ് ഒന്നാമന്റെ ആഗ്രഹം. എന്നാൽ, തന്റെ വഴികൾ ഒട്ടും സുരക്ഷിതമല്ലെന്നും, അതറിഞ്ഞു വേണം തീരുമാനമെടുക്കാനെന്നും, അവൻ ഒന്നാമനെ ഉപദേശിക്കുന്നു.

രണ്ടാമനെ യേശു വിളിക്കുന്നു. എന്നാൽ, പിതാവിനെ സംസ്‌കരിക്കാൻ അവൻ അനുവാദം ചോദിക്കുന്നു. ഇവിടെ അപ്രതീക്ഷിത മറുപടിയാണ് യേശുവിൽനിന്നും വന്നത്. “മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്ക്കരിക്കട്ടെ”. സംസ്ക്കരിക്കൽ, ഒരു അവകാശവും സത്കർമ്മവുമാണ്.

ഏതൊരു മകനും ചെയ്യേണ്ട കടമയാണ്. എന്നിട്ടും എന്തേ അവൻ അങ്ങനെ പറഞ്ഞു? ദൈവരാജ്യം പ്രഘോഷിക്കുകയെന്നത്, അതിനേക്കാൾ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ് എന്നതിനാലാകണം അവൻ അപ്രകാരം പറഞ്ഞത്. കാരണം, കുടുംബബന്ധത്തേക്കാൾ ഏറെ പ്രാധാന്യം സുവിശേഷപ്രഘോഷണത്തിന് തന്നെ. അവൻ വിളിച്ച പന്ത്രണ്ടുപേരും, തങ്ങളുടെ വിളിയിൽ അത് വ്യക്തമാക്കിയതാണ്.

ശിഷ്യത്വവിളിയിലെ പ്രധാനദൗത്യം സുവിശേഷപ്രഘോഷണമാണ്. ബാക്കി എല്ലാം ഉപേക്ഷിച്ചെങ്കിലെ അതിന് കഴിയൂ എന്ന് വ്യക്തം. ശിഷ്യത്വവഴിയിൽ തങ്ങൾക്കുള്ളതെല്ലാം ഉപേക്ഷിക്കണം എന്ന് സാരം. എല്ലാവരോടും വിടപറഞ്ഞു അവനെ അനുഗമിക്കാം എന്നുപറഞ്ഞ മൂന്നാമനും, വ്യത്യസ്തമായ മറുപടിയാണ് കിട്ടിയത്.

അന്നത്തെ സാഹചര്യങ്ങളെ മുൻനിർത്തി, വളരെ ലളിതമായി, ആർക്കും മനസ്സിലാകുന്ന ഭാഷയിൽ, അവൻ പറഞ്ഞു, “കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും ദൈവരാജ്യത്തിനു യോഗ്യനല്ല. ഏറെ ശ്രദ്ധയും, ജാഗ്രതയും, സമർപ്പണവും വേണ്ട തൊഴിലാണ് നിലമുഴൽ. ഉഴുന്ന മൃഗത്തെ നിയന്ത്രിച്ചില്ലെങ്കിൽ അത് തോന്നുംവിധം പോകും. അപകടത്തിനും സാധ്യതകളേറെയുണ്ട്.

ശിഷ്യത്വത്തിലെ സമർപ്പണ മനോഭാവത്തെ, അവൻ ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നു. അവൻ നമ്മോട് ആവശ്യപ്പെടുന്നതും ഇതുതന്നെ. സുരക്ഷിതത്വത്തിന്റെ മേച്ചിൽപ്പുറങ്ങൾ പ്രതീക്ഷിക്കാതെ, മറ്റെല്ലാ അവകാശങ്ങളെക്കാളും ഉപരിയായി, എല്ലാം ഉപേക്ഷിച്ചു, അവന്റെ ശിഷ്യത്വമാകുന്ന കലപ്പമേൽ കൈകൾ വയ്ക്കാം.

പിന്തിരിഞ്ഞു നോക്കാൻ ഇടം നൽകാതെ, ദൈവരാജ്യസുവിശേഷ പ്രഘോഷണ ദൗത്യമാകുന്ന ലക്ഷ്യത്തിൽ കണ്ണുംനട്ട്, ഉറച്ച പാദങ്ങളോടെ മുമ്പോട്ട് നീങ്ങാം…. നിന്റെ കരം പിടിച്ചു മരപ്പണിക്കാരനീശോ എന്നും കൂടെ ഉണ്ടാകും…നിന്റെ കൈകൾ കലപ്പയിലും…

error: Content is protected !!