Meditations Reader's Blog

വിവാഹജീവിതത്തിന്റെ പരിശുദ്ധി…

മത്തായി 5 : 27 – 32
കുടുംബബന്ധങ്ങളിലെ പവിത്രത.

ദൈവകല്പനയുടെ ധാർമ്മികവശം അവൻ ഈ കല്പനയുടെ വിവരണത്തിലൂടെ വിശദീകരിക്കുന്നു. മാനുഷീക നിയമങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി, അവയുടെ ആന്തരീകവശം അവൻ അവർക്ക് വ്യക്തമാക്കിക്കൊടുക്കുന്നു.

നമ്മിലെ ആന്തരീകമനോഭാവം ധാർമ്മികതയുടെ ഭാഗം തന്നെയാണ്. ഉള്ളിലെ പാപചിന്തകളും തെറ്റ് തന്നെ. ഭാര്യ, ഭർത്താവിന്റെ ഉടമസ്ഥതയിലായിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

അവിടെ ഒരുവൻ മറ്റൊരുവന്റെ ഭാര്യയെ മോഹിക്കുമ്പോൾ, അവന്റെ സമ്പത്ത് മോഷ്ടിക്കുന്നതിന് തുല്യമായി അതിനെ കരുതിയിരുന്നു. ഇവിടെ മോഹം പോലും പാപമായി കണ്ടിരുന്നു എന്ന് വ്യക്തം.

എന്നാൽ യേശുവാകട്ടെ, ആളുകൾ വസ്തു എന്നപോലെ കണ്ടിരുന്നവയെ, അതിലുപരിയായി അവരുടെ വ്യക്തിത്വത്തിന് വില നൽകി ഉയർത്തുന്നു. ബാഹ്യമായതിനേക്കാൾ ഉപരിയായി, ഒരുവന്റെ ആന്തരീകഭാവത്തിന് അവിടുന്ന് വില കല്പിക്കുന്നു.

ഇവിടെയാണ് പ്രലോഭനകാരണമായതിനെ ചൂഴ്ന്നെടുത്തു കളയാൻ, അവൻ കല്പിച്ചതിന്റെ പ്രാധാന്യം നമുക്ക് വ്യക്തമാകുന്നത്. നമ്മിലെ ആന്തരീകമനുഷ്യൻ, തെറ്റായ ബാഹ്യപ്രവൃത്തികൾക്ക് കാരണമാകുന്നെങ്കിൽ, അത് എത്രയോ ഗൗരവമായി നാം കാണേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ, ദുഷ്പ്രേരണകൾ നാം ജീവിതത്തിൽനിന്നും ഒഴിവാക്കിയെ മതിയാകൂ.

തുടർന്ന് ഭാര്യാ-ഭർതൃ ബന്ധത്തിലെ പവിത്രതയും തുല്യതയും അവൻ വിവരിക്കുന്നു. ഏകപക്ഷീയമായ ഭർതൃനിയമത്തെ(ഭാര്യയെ ഉപേക്ഷാപത്രം നൽകി ഉപേക്ഷിക്കാം) അവൻ തിരുത്തിക്കുറിക്കുന്നു. ഈയൊരു നിയമം നടപ്പാക്കുമ്പോൾ, മറ്റൊരു ഗൗരവമേറിയ തെറ്റിലേക്ക് അത് ഇടനല്കുന്നു.

വിവാഹമോചനം വ്യഭിചാരത്തിലേക്ക് വഴി തെളിക്കുന്നു. കാരണം ഉപേക്ഷപത്രം മൂലം വിവാഹബന്ധം ഇല്ലാതെയാകുന്നില്ല. അത് വിശുദ്ധിയോടെ ദൈവതിരുമുമ്പാകെ നൽകുന്ന ഒരു വ്യവസ്ഥയാണ്. ആയതിനാൽ വ്യഭിചാരം ഒരു വിവാഹമോചനകാരണമല്ല.

അവിടെ തെറ്റുചെയ്യുന്നു എന്ന് കരുതപ്പെടുന്ന വ്യക്തി, യഥാർത്ഥത്തിൽ തെറ്റുകാരല്ല, അയാളുടെ ജീവിതപങ്കാളി തന്റെ കുടുംബജീവിതത്തിനടുത്ത കടമകൾ ശരിയായി നിർവ്വഹിക്കാത്തതിനാലാകണം, മറ്റേയാൾ ഒരുപരിധിവരെ തെറ്റിലേക്ക് വീഴുന്നത് എന്നുവേണം കണക്കാക്കാൻ. അവിടെ ഇരു കൂട്ടരും ഒരേപോലെ തെറ്റുകാരാണ് എന്നതാണ് സത്യം.

ആയതിനാൽ, വ്യഭിചാരമെന്നത് തിരുസഭയും വിവാഹമോചനകാരണമായി കാണുന്നുമില്ല, അംഗീകരിക്കുന്നുമില്ല. മറിച്ച്, ഇരുകൂട്ടരും തങ്ങൾ ദൈവതിരുമുമ്പാകെ എടുക്കുന്ന വാഗ്ദാനം നിറവേറ്റാൻ ഒരേപോലെ കടപ്പെട്ടവരാണ് എന്നതാണ് ചിന്തനീയം. ജീവിതകുടുംബവിശുദ്ധിയുടെ കാര്യത്തിൽ രണ്ടാൾക്കും തുല്യ ഉത്തരവാദിത്വമാണ് ഉള്ളത്.

ആർക്കും ആരേയും പരസ്പരം പഴിചാരി രക്ഷപെടാൻ ആവില്ല. തങ്ങൾ പരസ്പരം പാലിക്കേണ്ട ഉത്തരവാദിത്വം, കൃത്യതയോടെ നിർവ്വഹിക്കുകയെ തരമുള്ളൂ. അതിൽ ഒരുവന് ഉണ്ടാകുന്ന വീഴ്ചയാണ് അപരന്റെ പാപത്തിനു കാരണം.

വിവാഹജീവിതത്തിന്റെ പരിശുദ്ധി അഭംഗുരം കാത്തുസൂക്ഷിക്കാൻ ഓരോ ദമ്പതിമാർക്കും കഴിയട്ടെ. പഴിചാരലല്ല, മറിച്ച്, സ്നേഹത്തിൽ ബന്ധിതമായ ഇഴചേരലാണ് കുടുംബജീവിതം.