മത്തായി 21 : 12 – 17
ശുദ്ധതയുടെ ചാട്ടവാർ.
യേശുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയപ്രവേശനം ചെന്നവസാനിക്കുന്നത് ജെറുസലേം ദേവാലയത്തിലാണ്. ദേവാലയത്തിൽ അവൻ കണ്ട ക്രയവിക്രയങ്ങൾ അവനെ വല്ലാതെ അസ്വസ്ഥനാക്കി.
ബലിയർപ്പണത്തിനുള്ള ആടുകളേയും കാളകളേയും പ്രാവുകളേയും ചെങ്ങാലികളേയും ദേവാലയത്തിൽ വച്ചുതന്നെ വില്ക്കുകയും, വിദേശനാണയങ്ങൾ ഹെബ്രായ നാണയങ്ങളാക്കി മാറ്റി കൊടുക്കുകയും ചെയ്തിരുന്നു.
ദേവാലയം അശുദ്ധമാകാതിരിക്കാൻ എന്ന വ്യാജേനയാണ് അവർ ഇവയെല്ലാം ചെയ്തിരുന്നത്. ദൈവത്തിന്റെ ആലയം, ആത്മീയകച്ചവടസ്ഥലമായി മാറി. ശുദ്ധതയുടെ സ്വയം ആത്മബലിയേക്കാൾ, ബാഹ്യമായ ആവശ്യങ്ങൾക്കായി അവർ സ്ഥലവും സമയവും കണ്ടെത്തി. ഈ കപടതയുടെ മുഖംമൂടിയാണ്, ദേവാലയ ശുദ്ധീകരണത്തിലൂടെ യേശു അഴിച്ചു മാറ്റുന്നത്.
ഇതേ ദേവാലയത്തിൽ വച്ചാണ് അവൻ അനേകം രോഗികളെ സുഖമാക്കിയത് എന്നതും ഒരു വിരോധാഭാസമായി നമുക്ക് തോന്നാം. എന്നാൽ, അവൻ ചെയ്തത് അശുദ്ധതയുടെ ബന്ധനത്തിൽനിന്നും അവരെ മോചിപ്പിച്ചു, അവിടുത്തെ ദേവാലയം പോലെ ശുദ്ധിയുള്ളതാക്കി മാറ്റുകയായിരുന്നു. അതിലൂടെ രക്ഷകന്റെ സാന്നിധ്യം ആളുകൾ തിരിച്ചറിയുകയായിരുന്നു. യഹൂദനേതൃത്വം തിരിച്ചറിയാതെ പോയതും അതുതന്നെയാണ്.
തിരിച്ചറിവിന്റെ ആർപ്പുവിളികൾ ആളുകളിൽ ഉയർന്നപ്പോൾ, അജ്ഞതയുടേയും അധികാരത്തിന്റേയും മേലങ്കിയണിഞ്ഞു, യഹൂദർ പിന്നേയും നീരസപൂർവ്വം അവനെ സമീപിക്കുന്നു. ദൈവവചനത്താൽതന്നെ അവൻ അവരെ നിശബ്ദരാക്കി.
ചില അപ്രിയസത്യങ്ങൾ നാം കണ്ടിട്ടും മനസ്സിലാക്കിയിട്ടും, ഒന്നും അറിയാത്തപോലെ യഹൂദഭാവം നടിക്കാറുണ്ട്. ആത്മീയകച്ചവടങ്ങൾക്കായി മുൻകൈ എടുക്കാറുണ്ട്. ശുദ്ധീകരണം തുടങ്ങേണ്ടത് നമ്മിൽ നിന്നുമാണ്. മാറ്റങ്ങളുടെ ആരംഭം നമ്മുടെ ഹൃദയശുദ്ധീകരണത്തിലൂടെത്തന്നെയാകട്ടെ. ഹൃദയത്തിന്റെ നിറവിലാണല്ലോ അധരം സംസാരിക്കുന്നത്.