ഐക്യാരൂപിയോടെ തങ്ങളുടെ ശുശ്രൂഷ നിർവ്വഹിക്കാത്ത പക്ഷം ഇടയന്മാർക്ക് ദൈവഹിതാനുസാരമുള്ള ഐക്യത്തിൽ അജഗണം മുന്നോട്ടുപോകണമെന്ന് അഭിലഷിക്കാനാകില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ.
സീറൊ-കത്തോലിക്കാസഭയുടെ സാധാരണ സിനഡ് റോമിൽ നടത്തണമെന്ന കാലം ചെയ്ത ഫ്രാൻസീസ് പാപ്പായുടെ തീരുമാനമനുസരിച്ച് താൻ വിളിച്ചുകൂട്ടിയ പ്രസ്തുതസഭയുടെ സിനഡംഗങ്ങളെ ജൂലൈ 1-ന് (01/07/25) ചൊവ്വാഴ്ച വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു മാർപാപ്പാ.
ഉത്തരവാദിത്വങ്ങൾ പൂർണ്ണമായി ഏറ്റെടുക്കാനും, ആന്തരിക സംഘർഷങ്ങളെ മറികടന്ന്, ശരിയായ മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, സഭയുടെ സുവിശേഷ ദൗത്യത്തിൻറെ അടിയന്തിരപ്രാധാന്യം വീണ്ടും കണ്ടെത്താനും കഴിയുന്ന കൃപയുടെ സമയമാണ് ഈ സിനഡുസമ്മേളന വേളയെന്ന് പാപ്പാ പറഞ്ഞു.
മുറിവുകൾ വർദ്ധമാനമാക്കാരുതെന്നും പ്രത്യുത, കൂട്ടായ്മയിലും ദൗത്യത്തിലും വളരാൻ സഹായിക്കുന്ന ഉപരി ശക്തമായ ഐക്യം ലക്ഷ്യമിടണമെന്നും പാപ്പാ അവർക്ക് പ്രചോദനം പകർന്നു. ഐക്യം സംജാതമാക്കുന്നതിന്, സത്യത്തിൽ വർത്തിക്കേണ്ടതിൻറെ പ്രാധാന്യം എടുത്തുകാട്ടിയ പാപ്പാ “ഐക്യത്തെ സ്നേഹിക്കുക, വിഭാഗീയതയിൽ നിന്ന് ഓടിപ്പോകുക” എന്ന അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിൻറെ വാക്കുകൾ അനുസ്മരിച്ചു.
സിറിയ, ഇറാഖ്, ലെബനൻ, വിശുദ്ധനാട്, അങ്ങനെ മദ്ധ്യപൂർവ്വദേശം മുഴുവനിലും ഏറെ പരീക്ഷിക്കപ്പെട്ട ജനങ്ങളെക്കുറിച്ചു പറഞ്ഞ പാപ്പാ പരീക്ഷണങ്ങളുണ്ടായിട്ടും വിശ്വാസം നിഷേധിക്കാത്ത ആ ജനതയ്ക്ക് അവരുടെ ഇടയന്മാരിൽ കൂട്ടായ്മയുടെയും സാഹോദര്യത്തിൻറെയുമായ സാന്ത്വനം കണ്ടെത്താൻ കഴിയേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു.
കൂട്ടായ്മ കൈവരിക്കുകയും നിലനിർത്തുകയും ചെയ്യുകയെന്നത് എളുപ്പമല്ലയെന്നും കഠിനപരിശ്രമം ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. സാങ്കല്പികമല്ല, പ്രത്യുത, സമൂർത്തമായ ഒരു ഐക്യം കെട്ടിപ്പെടുക്കാനാണ് വിശുദ്ധ ഇഗ്നേഷ്യസ് നമ്മെ ക്ഷണിക്കുന്നതെന്നും “ഒരു വീണയുടെ തന്ത്രികൾ” പോലെ ഐക്യം പുലർത്താൻ അദ്ദേഹം പ്രചോദനം പകരുന്നുവെന്നും പാപ്പാ പറഞ്ഞു.