കത്തോലിക്കാ ജീവകാരുണ്യ ശൃംഖലയിലെ അംഗങ്ങളുടെ റോമിലേക്കുള്ള തീർത്ഥാടന അവസരത്തിൽ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ അവരെ സ്വീകരിക്കുകയും, ആശംസകൾ അറിയിച്ചുകൊണ്ട് സന്ദേശം നൽകുകയും ചെയ്തു.
ഈ ദിവസങ്ങളിൽ, അപ്പസ്തോലന്മാരുടെയും, രക്തസാക്ഷികളുടെയും കബറിടങ്ങൾക്കരികിൽ ധ്യാനിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നതുവഴിയായി, സഭയോടുള്ള സ്നേഹം വർദ്ധിക്കുന്നതിനും, സുവിശേഷം അറിയിക്കുന്നതിനുള്ള സമർപ്പണമനോഭാവം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും, വിശുദ്ധിയുടെയും നീതിയുടെയും സമാധാനത്തിന്റെയും ക്രിസ്തുരാജ്യത്തിനായുള്ള സേവനതത്പ്പരത അടിയുറപ്പിക്കുന്നതിനും സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
സഭയുടെ സിനഡൽ സ്വഭാവത്തെപ്പറ്റിയുള്ള ചിന്തകൾ ഏറുന്ന ഒരു കാലഘട്ടത്തിൽ മാമ്മോദീസ സ്വീകരിച്ച എല്ലാ വ്യക്തികളും, പ്രേഷിത പ്രവർത്തനത്തിനുള്ള സഹ ഉത്തരവാദിത്വത്തെക്കുറിച്ചു കൂടുതൽ ബോധ്യമുള്ളവരാകണമെന്നും, മനുഷ്യകുടുംബം നേരിടുന്ന വെല്ലുവിളികളെ പറ്റി ബോധ്യമുള്ളവരായി, കാലത്തിന്റെ ആവശ്യങ്ങളോട് ജ്ഞാനത്തോടും, കാരുണ്യത്തോടും, ദീർഘവീക്ഷണത്തോടും കൂടെ പ്രതികരിക്കുവാൻ സാർവത്രീകസഭയോട് ചേർന്നുനിന്നുകൊണ്ട് ഈ ശൃംഖല നടത്തുന്ന സേവനങ്ങൾക്ക് താൻ നന്ദി പറയുന്നതായും പാപ്പാ അടിവരയിട്ടു.
നിരവധി ആളുകളുടെ പൊതു കാഴ്ചപ്പാട്, അർപ്പണബോധം, സഹകരണം എന്നിവയെ കോർത്തിണക്കിക്കൊണ്ടു പ്രവർത്തിക്കുന്ന ഒരു സംരംഭമെന്ന നിലയിൽ,കൂടുതൽ ഐക്യദാർഢ്യവും, കരുതലും, പരിപോഷിപ്പിക്കണമെന്നു അംഗങ്ങളോട് പറഞ്ഞ പാപ്പാ, എല്ലാ കാര്യങ്ങളെയും രൂപാന്തരപ്പെടുത്തുന്ന ശക്തി സ്നേഹത്തിന്റേതു മാത്രമാണെന്നും അടിവരയിട്ടു പറഞ്ഞു. ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരെ അറിയിക്കാൻ ഏറെ സന്തോഹത്തോടെ പ്രവർത്തിക്കുന്ന ശൃംഖലയിലെ എല്ലാ അംഗങ്ങൾക്കും പാപ്പാ തന്റെ പ്രാർത്ഥനകളും ആശംസിച്ചു.