Pope's Message Social Media

കേരള സഭയ്ക്ക് അഭിമാന നിമിഷം! മോൺ: ജോർജ് കൂവക്കാടച്ചൻ കർദിനാൾ പദവിയിലേയ്ക്ക്…

സിറോ മലബാർ സഭാംഗവും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള മോൺസിഞ്ഞോറുമായ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് സ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി. വത്തിക്കാനിൽ നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പപ്പയുടെ പ്രഖ്യാപനം.

പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയ മോൺ. ജോർജ് ജേക്കബ് കൂവക്കാടിന് മാതൃരൂപതയായ ചങ്ങനാശേരി അതിരൂപതയുടെ ആശംസകളും പ്രാർത്ഥനകളും. അദ്ദേഹത്തിന്റെ നിയമനത്തിൽ ചങ്ങനാശേരി അതിരൂപത അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

നിയുക്ത മെത്രാഭപ്പാലീത്ത മാർ തോമസ് തറയിലും മോൺ ജോർജ് കൂവക്കാടിന് ആശസകൾ അർപ്പിച്ചു ചങ്ങനാശേരി അതിരൂപതാ വൈദികഗണത്തിൽ നിന്നുള്ള മൂന്നാമത്തെ കർദ്ദിനാളാണ് മോൺ ജോർജ് കൂവക്കാട്. മാർ ആൻ്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് മറ്റു രണ്ടു കർദ്ദിനാൾ മാർ.

മോൺ. ജോർജ് കൂവക്കാട് മമ്മൂട് ലൂർദ്‌മാതാ ഇടവക കൂവക്കാട്‌ ജേക്കബ-ത്രേസ്യാമ്മ മകനായി 1973 ആഗസ്റ്റ് 11 ന് ജനിച്ചു. കുറിച്ചി സെൻ്റ് തോമസ് മൈനർ സെമിനാരി, ആലുവ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരി, റോമിലെ മാത്തർ എക്ലേസിയ എന്നിവിടങ്ങളിൽ വൈദിക പഠനം പൂർത്തിയാക്കി.

2004 ജൂലൈ 24 ന് മാർ ജോസഫ് പവ്വത്തിൽ പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. എസിബി കോളേജിൽ നിന്ന് ബിഎസ് സി ബിരുദവും റോമിൽനിന്ന് കാനൻ ലോയിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പാറേൽ സെൻ്റ് മേരീസ് പള്ളിയിൽ അസി. വികാരിയായി ശുശ്രൂഷചെയ്‌തു.

തുടർന്ന് 2006 മുതൽ വത്തിക്കാൻ നയതന്ത്രകാര്യാലയത്തിൽ ജോലി ചെയ്‌തുവരുന്നു. അൾജീരിയ, സൗത്ത് കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളിലെ നയതന്ത്ര ശുശ്രൂഷകൾക്കുശേഷം 2020 മുതൽ ഫ്രാൻസിസ് പാപ്പായുടെ വിദേശയാത്രകളുടെ ചുമതലയുള്ള സ്‌റ്റേറ്റ് നയതന്ത്ര ഉദ്യോഗസ്ഥനായി ശുശ്രൂഷ നിർവഹിച്ചു വരവെയാണ് പുതിയ നിയമനം.

കഴിഞ്ഞ വിശുദ്ധവാരത്തിൽ അദ്ദേഹം മാതൃഇടവകയായ മമ്മൂട്ടിലും മറ്റ് ഇടവകളിലും തിരുകർമ്മങ്ങൾക്കു നേതൃത്വംനൽകുകയും അതിരൂപതാഭവനത്തിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. പുതിയതായി നിയമിക്കപ്പെട്ട 21 കർദിനാൾമാരുടെയും നിയമനം ഡിസംബർ 08 ന് വത്തിക്കാനിൽ നടക്കും.

മോൺ ജോർജ് കൂവക്കാടിൻ്റെ മെത്രാഭിഷേകം അതിന് മുമ്പായി നടത്തപ്പെടും. കർദ്ദിനാളായി ഉയർത്തപ്പെടുന്നതോ മാർപ്പായെ തെരഞ്ഞെടുക്കുന്ന കർദിനാൾ സംഘത്തിലെ ഒരംഗമായി മോൺ. ജോർജ് കൂവക്കാട് മാറുകയും ആഗോള കത്തോലിക്കാസഭയിൽ സുപ്രധാന ചുമതല വഹിക്കുന്ന വ്യക്തിയായി തീരുകയും ചെയ്യും.