യോഹന്നാൻ 1 : 43 – 51
ദൈവാനുഭവവും, ശിഷ്യത്വവും.
നഥാനയേലിന്റെ മിശിഹാനുഭവം, നമ്മിൽ വിസ്മയം ജനിപ്പിക്കുന്നതാണ്. ഓരോ വ്യക്തിയേയും മുൻകൂട്ടി അറിയുന്നവനാണ് ദൈവം. ഒരുവനെ, ദൈവം “അറിഞ്ഞു” എന്നു പറഞ്ഞാൽ, അതിനർത്ഥം, അവൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടുവെന്നാണ്.
എന്നാൽ, എല്ലാവരേയും അവൻ അറിയുന്നില്ല, അറിഞ്ഞവരെ അവൻ വിളിച്ചു, വിളിച്ചവരെ നീതീകരിച്ചു, നീതീകരിച്ചവരെ മഹത്വപ്പെടുത്തി. അവരെല്ലാം, പിതാവായ ദൈവത്തിന്റെ ഏകപുത്രനോട് സദൃശ്യമായി അനുരൂപപ്പെട്ടു.
അവൻ അറിഞ്ഞു, അവനാൽ വിളിക്കപ്പെട്ടവരെല്ലാം, അവനെ ദൈവപുത്രനും, ഇസ്രായേലിന്റെ രാജാവുമായി ഏറ്റുപറയുന്നു. എന്നാൽ, അതിനേക്കാൾ ആഴമായ ദൈവാനുഭവത്തിന് അവർ സാക്ഷികളാകും എന്നവൻ വാഗ്‌ദാനം നൽകുന്നു,
‘സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, സ്വർഗ്ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാർ കയറിപ്പോകുന്നതും, മനുഷ്യപുത്രന്റെമേൽ ഇറങ്ങിവരുന്നതും നിങ്ങൾ കാണും’. മനുഷ്യപുത്രനെ ദൈവത്തിന്റെ ആലയവും, വാസസ്ഥലവും, കൂടാരവും, ദൈവസാന്നിധ്യവുമായി ആളുകൾ തിരിച്ചറിയുന്ന സമയമാണിത്.
ദൈവാനുഭവം വിവിധ വ്യക്തികളിലൂടേയും, വ്യത്യസ്തസാഹചര്യങ്ങളിലൂടെയും, നമ്മുടെ ജീവിതത്തിൽ കടന്നുവരും. എന്നാൽ, അവയ്ക്ക് പിന്നിലുള്ള ദൈവകരങ്ങളെ നാം മനസ്സിലാക്കുകയാണ് വേണ്ടത്. അതിനായി നമ്മുടെ കണ്ണുകളും കാതുകളും തുറക്കാം.
വിശ്വാസപൂർവ്വമായ പ്രത്യുത്തരങ്ങൾ നൽകാം. വിശ്വാസാനുഭവം നമ്മെ ശിഷ്യത്വത്തിലേക്കും, അതിൽനിന്നും പ്രേഷിതത്വത്തിലേക്കും നയിക്കും. ഇതാണ് യഥാർത്ഥ പങ്കുവെക്കലിന്റെ അനുഭവം.
നഥാനിയേലിനെപ്പോലെ ദൈവാനുഭവത്തിൽനിന്നും, അവിടുത്തേക്കായി തീക്ഷ്ണമതിയാകാനും, ജീവിതപരിവർത്തനത്തിലൂടെ, യഥാർത്ഥ ക്രിസ്തുസാക്ഷിയായി മാറാനും നമുക്ക് പ്രാർത്ഥിക്കാം….