Pope's Message Reader's Blog

സമാധാനമാണ് ലോകത്തെ മനോഹരമാക്കുന്നത്: ഫ്രാൻസിസ് മാർപ്പാപ്പ

മാനുഷിക യത്നത്തിന്റെ മൂല്യം ഏറ്റവും മഹത്തരമായി എടുത്തുകാണിക്കുന്ന കരകൗശല പ്രവൃത്തികൾ തനിക്കു ഏറ്റവും പ്രിയപ്പെട്ടതാണെന്നു അടിവരയിട്ടുകൊണ്ട്, നവംബർ മാസം പതിനഞ്ചാം തീയതി, ഇറ്റലിയിലെ കരകൗശല വിദഗ്ധരുടെയും, ചെറുകിട-ഇടത്തരം സംരംഭകരുടെയും സഖ്യം വത്തിക്കാനിൽ സമ്മേളിച്ചപ്പോൾ, ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി.

കരകൗശലവിദ്യകൾ എപ്പോഴും സഹോദരോന്മുഖമാണെന്നും, അവിടെ സർഗാത്മകതയുടെ മൂർത്തീമത്ഭാവം, വിദഗ്ധരെ ദൈവത്തിന്റെ സൃഷ്ടിപരമായ വേലയിൽ സഹകാരികളാക്കുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു. പൊതുവായ നന്മ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സേവനങ്ങളിൽ ഇത്തരം വിദഗ്ധരുടെ പങ്കാളിത്തം ഏറെ പ്രയോജനപ്രദമാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

തുടർന്നു സുവിശേഷത്തിലെ താലന്തുകളുടെ ഉപമ എടുത്തു പറഞ്ഞ പരിശുദ്ധ പിതാവ്, ലഭിച്ച താലന്തുകളെ പ്രതിബദ്ധതയോടെ ഉപയോഗിക്കണമെന്നും, ഇത് മറ്റുള്ളവരുമായുള്ള വിശ്വാസത്തിന്റെ ബന്ധത്തിൽ നിന്നുമാണ് ഉടലെടുക്കുന്നതെന്നും ചൂണ്ടിക്കാണിച്ചു.

ഈ ഉപമ നമുക്ക് നൽകുന്ന വലിയ ഒരു തിരിച്ചറിവ് ഏതൊരു കാര്യത്തിലും ദൈവത്തിൽ ആശ്രയം വയ്ക്കണമെന്നും, ഭയം ഉപേക്ഷിച്ചുകൊണ്ട്, ജീവിതത്തിന്റെ ചുമതല ഏറ്റെടുക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ദൈവത്തിൽ വിശ്വസിക്കണം എന്നതുമാണെന്നും പാപ്പാ പറഞ്ഞു.

മാതാപിതാക്കളിൽ തുടങ്ങി വിവിധ ആളുകൾ വഴിയായി ചരിത്രം നമുക്ക് സമ്മാനിക്കുന്ന അനുഭവ പാഠങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഏറെ മുതൽക്കൂട്ടാണെന്നും, അതിനാൽ, ദൈവം നമ്മുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ച് നാം ബോധവാന്മാരാകണമെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

“നമ്മുടെ സമ്പത്തിനു പിന്നിൽ വൈദഗ്ധ്യം മാത്രമല്ല, നമ്മെ കൈപിടിച്ച് നയിക്കുന്ന ഒരു ദൈവവുമുണ്ട്. ദൈവം നമ്മെ ഒരിക്കലും കൈവിടുകയില്ലെന്നും നാം അവന്റെ കൈകളുടെ ഉൽകൃഷ്ടകർമ്മഫലമാണെന്നും, അതിനാൽ യഥാർത്ഥ കൃതികൾ സൃഷ്ടിക്കാൻ നമുക്ക് കഴിവുണ്ടെന്നുമുള്ള അവബോധം അനുദിനം ഉണ്ടെങ്കിൽ കരകൗശലവിദ്യയിൽ ഏറെ മുന്നേറുവാൻ നമുക്ക് സാധിക്കും”, പാപ്പാ പറഞ്ഞു.

യുദ്ധത്തിന്റെയും അക്രമത്തിന്റെയും കാലത്താണ് നാം ജീവിക്കുന്നതെന്നും, അവിടെ മനുഷ്യരുടെ കഴിവുകളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുവെന്ന് തോന്നുന്ന അവസരത്തിൽ ഇത്തരം വിദഗ്ധരുടെ പ്രവർത്തനങ്ങളിലേക്കുള്ള നോട്ടം എല്ലാവരെയും ആശ്വസിപ്പിക്കുകയും, ജീവിതത്തിൽ പ്രതീക്ഷ നൽകുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

തുടർന്ന് ആയുധനിർമ്മാണശാലകളുടെ വർധനവിൽ തനിക്കുള്ള ആശങ്കകളും പാപ്പാ പങ്കുവച്ചു. ആയുധ നിർമ്മാണം ലോകത്തെ വികൃതമാക്കുന്നുവെന്നും, എന്നാൽ സമാധാനം കെട്ടിപ്പടുക്കുന്നതിലാണ് ലോകത്തിന്റെ മനോഹാരിത കൈവരിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

ദൈവത്തിന്റെ ശത്രുവിനാൽ വളർത്തപ്പെടുന്ന യുദ്ധങ്ങൾ ചെയ്യുന്നതുപോലെ മരണത്തിന്റെയും നാശത്തിന്റെയും വന്ധ്യതയിൽ കുഴിച്ചുമൂടപ്പെടാതെ, ജീവന്റെ വർത്തകരാകുവാൻ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.