മത്തായി 22 : 1 –14
ക്ഷണവും വിരുന്നും…
ദൈവജനമെന്ന പദവി നൽകാൻ ദൈവം അവിടുത്തെ രാജ്യത്തിലെ സ്വർഗ്ഗീയവിരുന്നിനായി നമ്മെ ക്ഷണിക്കുന്നു. എന്നാൽ, അത് സ്വീകരിക്കുകയോ, തിരസ്ക്കരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം അവിടുന്ന് നമുക്ക് നൽകിയിരിക്കുന്നു.
അവിടുന്ന് പലരിലൂടെയും നമ്മെ ക്ഷണിച്ചു. അത് ചെവിക്കൊണ്ടവർ രക്ഷപ്രാപിച്ചു. വിശ്വസിച്ചു സ്വീകരിച്ചവർ അവിടുത്തെ രാജ്യത്തെ വിരുന്നിൽ പങ്കുകാരായി. അവിടുന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും, വിജാതീയനെന്നോ സ്വജാതീയനെന്നോ നോക്കാതെ, ദൈവതിരുമുമ്പാകെ തുല്യനാണ്.
അവിടെ പാരമ്പര്യങ്ങളോ ജീവിതമേന്മയോ ഒന്നും ഗൗനിക്കപ്പെടുകയില്ല. വിശ്വാസപൂർവ്വം അവിടുത്തെ ക്ഷണം സ്വീകരിച്ചോ, എങ്കിൽ അവിടുത്തെ വിരുന്നിൽ പങ്കുചേരാം. ക്ഷണിക്കപ്പെട്ടവർ വിരുന്ന് നിരസിച്ചാൽ, സമൂഹം അയോഗ്യരെന്നു മുദ്രകുത്തിയവർ, യോഗ്യതയുടെ കുപ്പായമണിയും തീർച്ച. രക്ഷ ദാനമാണെന്നിരിക്കെ, അത് ആർക്കും സ്വീകരിക്കാനാകും.
മാനസാന്തരവും വിശ്വാസവുമാണ് പ്രധാനം. എന്നാൽ, മറ്റൊന്നുണ്ട്…ഇവ രണ്ടിനേയും ചേർത്ത് നിർത്തുന്ന ഇവയ്ക്കനുഗുണമായ ജീവിതം. ദൈവഹിതമനുസരിച്ചു ജീവിക്കാൻ കൂടി നാം സന്നദ്ധത കാണിച്ചാൽ, സ്വർഗ്ഗീയവിരുന്നു നമുക്ക് പ്രാപ്യമാകും…