Meditations Reader's Blog

ദൈവഹിതം നിറവേറ്റി, നിതാന്ത ജാഗ്രതയോടെ നമുക്ക് ജീവിക്കാം..

മത്തായി 25 : 1 – 13
ജാഗരൂകതയുടെ നാളുകൾ.

യുഗാന്ത്യോന്മുഖ കാഴ്ചപ്പാടാണ് വചനസാരം. മനുഷ്യരെന്ന നിലയിൽ ഒന്നിനെക്കുറിച്ചും നമുക്ക് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ, ജീവിതത്തിൽ ഉടനീളം നാം ജാഗ്രത പുലർത്തണമെന്ന് അവിടുന്ന് ഈ ഉപമയിലൂടെ നമ്മോടാവശ്യപ്പെടുന്നു.

പ്രതീക്ഷിക്കാത്ത മണിക്കൂറിൽ വരുന്ന യജമാനനും, വൈകി വരുന്ന മണവാളനും, അതിന് ഉദാഹരണങ്ങളാണ്. യേശുവിന്റെ രണ്ടാമത്തെ ആഗമനവും ഇതിന് സാദൃശ്യമാണ്. അവിടെ വിധിയും,വേർതിരിവും, ശിക്ഷയും അവന്റെ കൈകളിലാണ്. ഒരുങ്ങിയിരിക്കുന്നവരും ഒന്നിനേയും കുറിച്ച് ചിന്തയില്ലാതെ എല്ലാം മറന്ന് ജീവിക്കുന്നവരും, രക്ഷയും ശിക്ഷയും സ്വീകരിക്കുന്ന സമയം.

ഇവിടെ മണവാളനെ ക്കുറിച്ച് മാത്രമാണ് സൂചിപ്പിക്കുന്നത്. മണവാട്ടി, അവിടുന്ന് തിരഞ്ഞെടുക്കുന്ന സമൂഹം തന്നെയാണ്. പഴയനിയമചരിത്രത്തിൽ ഇസ്രായേൽ ആയിരുന്നല്ലോ ദൈവത്തിന്റെ മണവാട്ടി. പുതിയനിയമത്തിലേക്ക് വരുമ്പോൾ, ക്രിസ്തു മണവാളനും, ദൈവജനം മണവാട്ടിയുമാണ്.

സ്വർഗ്ഗരാജ്യത്തെ പലപ്പോഴും വിവാഹവിരുന്നിനോട് അവൻ ഉപമിക്കുന്നതിന് കാരണവും മറ്റൊന്നല്ല. അവന്റെ വിരുന്നിൽ, അയോഗ്യരാകാതെ, യോഗ്യതനേടാൻ, ഏറെ ജാഗ്രത പുലർത്തണം എന്നതാണ് പ്രധാനം.

‘കർത്താവേ’ എന്നുള്ള വിളികൊണ്ടുമാത്രം നാം യോഗ്യത നേടുകയില്ല. അവിടെ തിരസ്ക്കരണത്തിന്റെ, ‘ഞാൻ നിങ്ങളെ അറിയുകയില്ല’ എന്നുള്ള പ്രത്യുത്തരമേ ഉണ്ടാകൂ. എന്നാൽ ‘പിതാവിന്റെ ഇഷ്ടം നിറവേറ്റുക’ എന്നതാണ് സ്വർഗ്ഗരാജ്യം നേടാൻ അഭികാമ്യം. അതിനായി നമ്മിൽ വിവേകത്തിന്റെ പിൻ ബലം വേണം. അതിന് വിശ്വാസത്തിന്റെ അടിത്തറ വേണം.

ദൈവഹിതം നിറവേറ്റി, നീതി പ്രവർത്തിക്കുന്നവരായി, നിതാന്ത ജാഗ്രതയോടെ നമുക്ക് ജീവിക്കാം. കാരണം, ആ ദിവസമോ, മണിക്കൂറോ നമുക്ക് അറിയില്ലല്ലോ…