Pope's Message Reader's Blog

അന്താരാഷ്ട്ര മാനവികനിയമങ്ങൾ മാനിക്കപ്പെടണം : മാർ ലിയോ പതിനാലാമൻ മാർപാപ്പ

പാലസ്തീൻറെ പ്രസിഡൻറ് മഹ്മുദ് അബ്ബാസ്, ലിയൊ പതിനാലാമൻ പാപ്പായെ ഫോണിൽ വിളിക്കുകയും സംഘർഷവേദികളായ ഗാസ മുനമ്പിലെയും വെസ്റ്റ് ബാങ്കിലെയും സ്ഥിതിഗതികൾ ധരിപ്പിക്കുകയും ചെയ്തു.

ജൂലൈ 21-ന്, തിങ്കളാഴ്ച രാവിലെ നടന്ന ഈ ടെലെഫോൺ സംഭാഷണത്തെ അധികരിച്ച് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഈ വിവരം ഉള്ളത്.

അന്താരാഷ്ട്ര മാനവികനിയമം പൂർണ്ണമായി ആദരിക്കണം എന്ന തൻറെ അഭ്യർത്ഥന പാപ്പാ ഈ സംഭാഷണവേളയിൽ നവീകരിച്ചു. പൗരജനത്തിൻറെയും പുണ്യസ്ഥലങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാനുള്ള കടമ, ശക്തിയുടെ വിവേചനരഹിതമായ ഉപയോഗവും ജനങ്ങളെ നിർബന്ധമായി മാറ്റിപ്പാർപ്പിക്കുന്നതും തടയേണ്ടതിൻറെ ആവശ്യകത എന്നിവ മാർപാപ്പാ ഊന്നിപ്പറഞ്ഞു.

നാടകീയമായ മാനവിക സാഹചര്യം കണക്കിലെടുത്ത്, സംഘർഷത്തിൻറെ അനന്തരഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നവർക്ക് സഹായം നൽകേണ്ടതിൻറെയും മതിയായ മാനവിക സഹായം എത്തിക്കാൻ അനുവദിക്കേണ്ടതിൻറെയും അടിയന്തിരാവശ്യകത മാർപാപ്പാ എടുത്തുകാട്ടുകയും ചെയ്തു.

പരിശുദ്ധ സിംഹാസനവും പലസ്തീനും 2015 ജൂൺ 26 ന് ഒപ്പുവച്ചതും 2016 ജനുവരി 2 ന് പ്രാബല്യത്തിൽ വന്നതുമായ സമഗ്ര ഉടമ്പടിയുടെ ശുഭോദർക്കമായ പത്താം വാർഷികത്തെക്കുറിച്ചും ലിയോ പതിനാലാമൻ മാർപാപ്പാ പലസ്തീൻറെ പ്രസിഡൻറ് മഹ്മുദ് അബ്ബാസുമായുള്ള ടെലെഫോൺ സംഭാഷണവേളയിൽ അനുസ്മരിച്ചു.

ജൂലൈ 17-ന് വ്യാഴാഴ്ച ഇസ്രായേൽ സേന ഗാസയിലെ തിരുക്കുടുംബ ഇടവകദേവാലയം ആക്രമിച്ചതിനെ തുടർന്ന് അതിൻറെ അടുത്തദിവസം തന്നെ, പതിനെട്ടാം തീയതി വെള്ളിയാഴ്ച രാവിലെ, ഇസ്രായേലിൻറെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പാപ്പായെ ഫോണിൽ വിളിച്ചിരുന്നു. വെടിനിറുത്തലിലെത്തിച്ചേരാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള തൻെ അഭ്യർത്ഥന മാർപാപ്പാ ഇരുവരും തമ്മിലുള്ള ടെലെഫോൺ സംഭാഷണവേളയിൽ നവീകരിച്ചിരുന്നു.