കൊഴുവനാല്‍: കൊഴുവനാല്‍ നിവാസികളായ എ.ജെ. തോമസ് അമ്പഴത്തിനാലിന്റെയും എം.എ. എബ്രാഹം മുണ്ടുപാലയ്ക്കലിന്റെയും മനുഷ്യസ്‌നേഹത്താല്‍ മേവടയില്‍ പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി 95 സെന്റ് സ്ഥലം പാലാ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്കുന്ന പാലാ രൂപത ഹോം പ്രോജക്ടിലേക്ക് സൗജന്യമായി നല്കുന്നു.
എ.ജെ. തോമസ് അമ്പഴത്തിനാലിന് പിതൃസ്വത്തായി ലഭിച്ച 65 സെന്റ് സ്ഥലവും സഹോദരീ ഭര്‍ത്താവായ എം.എ. എബ്രാഹം മുണ്ടുപാലയ്ക്കല്‍ 30 സെന്റ് സ്ഥലവുമാണ് ഭൂരഹിത ഭവനരഹിതര്‍ക്കായി സൗജന്യമായി നല്‍കിയത്.
ഏറ്റവും അര്‍ഹരായ പന്ത്രണ്ട് ഗുണഭോക്താക്കളെ ഇതിനോടകം കണ്ടെത്തുകയും അവരുടെ പേരിലേക്ക് 5 സെന്റ് സ്ഥലം വീതം ആധാരം ചെയ്ത് നല്‍കുകയും ചെയ്തു. കൂടാതെ പൊതു സ്ഥലമായും 12 കുടുംബങ്ങള്‍ക്കും എല്ലാ വീടുകളിലേക്കും ആവശ്യമായ പൊതുവഴിക്കാവശ്യമായ സ്ഥലവും മാറ്റിവച്ചിട്ടുണ്ട്.
പന്ത്രണ്ട് വീടുകളില്‍ ഏഴ് എണ്ണം പാലാ ഹോം പ്രോജക്ട് മുഖേനയും അഞ്ച് എണ്ണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതിയിലൂടെയും നിര്‍മ്മിക്കുന്നതാണ്. 2024 ല്‍ എല്ലാ വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതാണ്.
ആകെയുള്ള 3.5 ഏക്കര്‍ സ്ഥലത്തുനിന്നാണ് 65 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ എ.ജെ. തോമസ് മുഴുവന്‍ സമയ കര്‍ഷകനും കൂടാതെ അമ്പതുവര്‍ഷത്തിലധികമായി കൊഴുവനാലില്‍ പ്രവര്‍ത്തിച്ചുവരുന്ന സെന്റ് മേരീസ് അഗതിമന്ദിരത്തിന്റെ മുഖ്യനടത്തിപ്പുകാരനുമാണ്.
വിവാഹജീവിതത്തിന്റെ അമ്പത്തിയഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ച എ.ജെ. തോമസിന്റെ ഭൂമിദാനം ചെയ്യാനുള്ള ആഗ്രഹത്തിന് പത്‌നി ത്രേസ്യാമ്മ തോമസും തങ്ങൾക്ക് ദൈവം ദാനമായി നൽകിയ മക്കളും പൂര്‍ണ്ണപിന്തുണ നല്‍കി.
ഈ ദമ്പതികൾക്ക് 7 പെൺ മകളാണുള്ളത്. പത്‌നി സഹോദരന്റെ ഈ വലിയ മനുഷ്യസ്‌നേഹ പ്രവര്‍ത്തനത്തിന് പിന്തുണയായി എം.എ. എബ്രാഹം മുണ്ടുപാലയ്ക്കല്‍ 30 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി സൗജന്യമായി നല്കുവാന്‍ തയ്യാറായി.
എം.എ. എബ്രാഹം ഇതിനുമുമ്പും കൊഴുവനാല്‍ നിവാസികളായ മൂന്നുപേര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി സൗജന്യമായി സ്ഥലം നല്‍കിയിട്ടുണ്ട്. സാധാരണ കര്‍ഷക കുടുംബക്കാരായ ഈ രണ്ട് മനുഷ്യസ്‌നേഹികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്ന് ഹോം പാലാ പ്രോജക്ട് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലിലും കൊഴുവനാല്‍ പള്ളി വികാരി ഫാ. ജോര്‍ജ് വെട്ടുകല്ലേലും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലും പറഞ്ഞു.