മത്തായി 7 : 12 – 20
ഇടുങ്ങിയ വാതിലും, വ്യാജപ്രവാചന്മാരും.
യുഗാന്ത്യോന്മുഖ പശ്ചാത്തലമാണ് വചനഭാഗം. സ്വർഗ്ഗരാജ്യം നേടാൻ സ്വയം നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ സുവിശേഷകൻ ഇതിലൂടെ നമ്മെ ക്ഷണിക്കുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും മുന്നിൽ വച്ചിരിക്കുന്നു.
ഇതിൽ ഏത് തിരഞ്ഞെടുക്കണം എന്നത് നമ്മുടെ സ്വതന്ത്ര തീരുമാനം. ജീവനിലേക്കുള്ള യാത്ര നീതിയുടെ മാർഗ്ഗമാണ്. എന്നാൽ ആ വഴിയോ, ഏറെ ആയാസകരവുമാണ്. കുരിശുകളും, പീഡനങ്ങളും, പ്രലോഭനങ്ങളും നിറഞ്ഞ ഇടുങ്ങിയ വഴിയാണത്.
എന്നാൽ അത് രക്ഷയിലേക്കുള്ള വഴിയാണെന്നു നമുക്ക് തിരിച്ചറിയാനാകണം. എങ്കിലേ ആ വഴികളിലൂടെ പരാതിയില്ലാതെ നടന്നു നീങ്ങി, ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയൂ. വിനാശത്തിലേക്കുള്ള മാർഗ്ഗം, നമ്മുടെ കാഴ്ചയിൽ ഏറെ എളുപ്പമാണ്.
എന്നാൽ അത് അരാജകത്വത്തിന്റേയും നിയമനിഷേധത്തിന്റേയും മാർഗ്ഗമാണ്. അത് ഒടുവിൽ മരണത്തിലേക്കുള്ള ആദ്യ ചുവട് വെയ്പ്പായി മാറും. തിരിച്ചറിവോടെ നമുക്ക് ഉചിതമായ തീരുമാനങ്ങൾ എടുക്കാം.
പഴയനിയമചരിത്രത്തിൽ പ്രവാചകന്മാർ, ദൈവഹിതം വെളിപ്പെടുത്തുന്നവരും, രക്ഷകന്റെ വരവിനായി ദൈവജനത്തെ ഒരുക്കുന്നവരുമായിരുന്നു. എന്നാൽ സ്നാപകയോഹന്നാനോടെ അത് അവസാനിച്ചു. ഇന്ന് ആ ദൗത്യം, അവിടുത്തെ വചനങ്ങളെ വ്യാഖ്യാനിക്കാനും, അവിടുത്തെ സ്വർഗ്ഗരാജ്യത്തിലേക്ക് ആളുകളെ ആനയിക്കാനുമുള്ള ദൗത്യമായി മാറിയിരിക്കുന്നു.
എന്നാൽ അവിടെയും വ്യാജന്മാരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഒറിജിനലിനെപ്പോലെ അഭിനയിക്കാനെ അവർക്കാവൂ, ജീവിച്ചു കാണിക്കാനാവില്ല. അവരെയാണ് നാം തിരിച്ചറിയേണ്ടത്. സൂക്ഷിച്ചു വീക്ഷിക്കേണ്ടത്. ബാഹ്യമായത് എന്തുമാകട്ടെ, അവരുടെ ഉള്ളിലുള്ളത് ഒരിക്കൽ മറ നീക്കി പുറത്തുവരും. അവരുടെ പ്രവൃത്തികളുടെ ഫലം അത് വ്യക്തമാക്കും.
നല്ലതിനെ തിരിച്ചറിയാനും, മോശമായതിനെ തിരസ്ക്കരിക്കാനുമുള്ള വിവേചനാവരമാണ് നമുക്കാവശ്യം. നമ്മിലെ നന്മയുടേയും തിന്മയുടേയും ഉറവിടം ഒന്നുതന്നെ, ‘നമ്മുടെ ഹൃദയം’. എന്നാൽ നമ്മിലെ ദൈവഹിതം മനസ്സിലാക്കി ജീവിക്കുക എന്നതാണ് സുപ്രധാനം.