നിയുക്ത കർദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേകച്ചടങ്ങുകൾ 24ന് ഉച്ചയ്ക്കു 2നു ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടക്കും. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും.
ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് പ്രതിനിധി ആർച്ച് ബിഷപ് ഡോ. എഡ്‌ഗർ പാർറ എന്നിവർ സഹകാർമികരാകും. വൈദികരുടെ നേതൃത്വത്തിൽ 12 കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. മുഖ്യ വികാരി ജനറൽ മോൺ. ആന്റണി എത്തക്കാടാണു ജനറൽ കൺവീനർ.
മോൺ. ജോർജ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഡിസംബർ 7നു വത്തിക്കാനിലാണ്. ഇന്ത്യൻ സമയം രാത്രി 9നു സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മറ്റ് 20 പേരോടൊപ്പം മോൺ. കൂവക്കാടിനെയും ഫ്രാൻസിസ് മാർപാപ്പ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തും.
മടങ്ങിയെത്തുന്ന മോൺ. കൂവക്കാടിനു ഡിസംബർ 21നു ചങ്ങനാശേരി അതിരൂപത സ്വീകരണം നൽകും. എസ്ബി കോളജിലെ കാവുകാട്ട് ഹാളിൽ വൈകിട്ട് 3 മണിക്കാണ് സ്വീകരണം.