News Reader's Blog Social Media

നമ്മള്‍ മറിയത്തിന്റെ മാധ്യസ്ഥ്യം തേടുന്നവരാകണം : മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്

പാലാ: കുടുംബങ്ങളില്‍ സ്വര്‍ഗീയ അനുഭവം നിറഞ്ഞുനില്‍ക്കണമെങ്കില്‍ നാം മറിയത്തിന്റെ മാധ്യസ്ഥ്യം തേടുന്നവര്‍ ആകണമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. ളാലം പഴയപള്ളിയില്‍ എട്ടുനോമ്പ് തിരുനാളിന് ഒരുക്കമായുള്ള മരിയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ സ്വരത്തിന് കാതോര്‍ത്തവളാണ് മറിയം. അതിനാല്‍ മറിയത്തിന്റെ മാധ്യസ്ഥ്യം നാം തേടുമ്പോള്‍ അവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുവിന്‍ എന്ന മാതൃകയില്‍ ദൈവത്തിന്റെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് ശക്തി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബ പ്രാര്‍ഥന ഇല്ലാതാകുന്നതാണ് ക്രൈസ്തവ കുടുംബങ്ങളില്‍ വര്‍ധിച്ചു വരുന്ന അസ്വസ്ഥതകള്‍ക്ക് കാരണം. അഞ്ചു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കണ്‍വെന്‍ഷന് എഴുമുട്ടം താബോര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജി പള്ളിക്കുന്നേല്‍ നേതൃത്വം നല്‍കും. വൈകുന്നേരം 4.30 മുതല്‍ രാത്രി ഒന്‍പതു വരെയാണ് കണ്‍വെന്‍ഷന്‍.