News Social Media

എൽഡിഎഫ്, യുഡിഎഫ് നിലപാട് അപലപനീയം: മാർ ജോസഫ് കല്ലറങ്ങാട്ട്

മുനമ്പം: റവന്യൂ ചട്ടങ്ങൾ ബാധകമല്ലാത്ത മത നിയമമൊന്നും ഭാരതത്തിൽ വേണ്ടെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. വഖഫ് അധിനിവേശത്തിനെതിരേ സമരം ചെന്ന മുനമ്പത്തെ സത്യഗ്രഹപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ അനുകൂലമല്ലാത്ത നിലപാടാണെടുത്തത്. കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും ചേർന്ന് പ്രമേയം പാസാക്കി. ഏറ്റവും വേദനാജനകമായത് ഇതാണ്. ഇത് അപലപനീയമാണ്. അപഹാസ്യമാണ്.

നമ്മൾ തെരഞ്ഞെടുത്തവർ നമ്മെ കളിയാക്കുന്നതുപോലെ. സർക്കാരും പാർട്ടികളും ഇവിടത്തുകാർക്കൊപ്പം നിൽക്കണം. ക്രൈസ്തവ സമൂഹം അധ്വാനിച്ചുണ്ടാക്കിയ സ്ഥലമാണ് ഇവിടത്തേത്, പാലാ ബിഷപ് പറഞ്ഞു.

ഫറൂഖ് കോളജധികൃതരിൽ നിന്ന് തീറാധാരം വാങ്ങി വീടുകൾ വച്ചു താമസിക്കുന്നവരോട് ഇതിനി നിങ്ങളുടെ സ്ഥലമല്ല. വഖഫ് ബോർഡിന്റേതാണെന്നു പറയുമ്പോഴുണ്ടാകുന്ന മനോവ്യഥ പറഞ്ഞറിയിക്കാനാകില്ല

ഭാരതത്തിലെ ലക്ഷക്കണക്കിന് ഏക്കർ സ്ഥലം വഖഫ് നിയമത്തിൽപ്പെട്ടു പോകുന്നു. ഇതു ഭാവിയിൽ വലിയ പ്രതിസന്ധിയുണ്ടാക്കും. ഇതിൽ സൂക്ഷ്മമായ പഠനവും ഗവേഷണവും ആവശ്യമാണ്. മുനമ്പത്തുകാർക്ക് സമാധാനപരമായി ജീവിക്കാൻ കഴിയണം. അവരുടെ വീടും പുരയിടവും പഴയപോലെ അവർക്കു മടക്കിക്കിട്ടണം.

അവരുടെ ഭൂമിവച്ച് വായ്പയെടുക്കാനോ ക്രയവികയം നടത്താനോ സാധിക്കാത്ത അവസ്ഥയാണിന്ന്. സർക്കാരിന്റെ കെടുകാര്യസ്ഥതയും നാം കാര്യക്ഷമതയോടെ സംഗതികൾ പഠിക്കാത്തതുമാണ് കാരണം. കാൽച്ചുവട്ടിൽ നി ന്നു മണ്ണൊലിച്ചുപോയപ്പോഴാണ് നാമെല്ലാം മനസിലാക്കിയത് എന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.