News Social Media

വന്യമൃഗങ്ങള്‍ക്കൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഭയപ്പെടേണ്ട സ്ഥിതി: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

കോതമംഗലം: നേരത്തെ വന്യമൃഗങ്ങളെ മാത്രം ഭയന്നാല്‍ മതിയായിരുന്നെന്നും ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഭയക്കേണ്ട സ്ഥിതിയായെന്നും കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍.

കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവു മരിച്ചതിനെ തുടര്‍ന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇങ്ങനെ അധികനാള്‍ മുന്നോട്ടുപോകില്ലെന്നും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

വനത്തെയും വന്യമൃഗങ്ങളെയും പരിപാലിക്കാന്‍ ആളുകള്‍ ഏറെയുള്ളപ്പോള്‍ നാട്ടില്‍ ജനങ്ങളെ പരിപാലിക്കാന്‍ ആരുമില്ല. എല്‍ദോസിന്റെ മരണം യാദൃശ്ചികമല്ല. പലരുടെയും അനാസ്ഥമൂലം സംഭവിച്ചതാണ്. ആറുമാസം മുമ്പും ഇവിടെ പ്രതിഷേധവുമായി എത്തിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കിട്ടണം.

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തണം. ഇത്തരം ദുരന്തം ആവര്‍ത്തിക്കപ്പെട്ടാല്‍ ഇതായിരിക്കില്ല പ്രതികരണം. കാടിന്റെ വിസ്തൃതി വര്‍ധിപ്പിക്കാനാണ് നീക്കം. ജനങ്ങളുടെ ജീവിതം പ്രശ്‌നമല്ല, മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.

സന്യസ്തരും സ്ത്രീകളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഏലിയാസ് മാര്‍ യൂലിയോസ്, എംഎല്‍എമാരായ ആന്റണി ജോണ്‍, മാത്യു കുഴല്‍നാടന്‍, മോണ്‍. പയസ് മലേക്കണ്ടത്തില്‍, ഫാ. സിബി ഇടപ്പുളവന്‍, ഫാ. അരുണ്‍ വലിയതാഴത്ത്, ഫാ. മാനുവല്‍ പിച്ചളക്കാട്ട്, ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, ഫാ. കെ.വൈ നിധിന്‍ എന്നിവര്‍ പ്രസംഗിച്ചു.