Reader's Blog Social Media

മംഗളവാർത്തകാലം

സീറോമലബാര്‍ സഭയുടെ ആരാധനക്രമവത്സരത്തിലെ ആദ്യകാലമാണ് മംഗളവാര്‍ത്തക്കാലം (സൂവാറ). സീറോമലബാര്‍ സഭയുടെ ആരാധനക്രമവത്സരം കാലികചക്രം ആയതുകൊണ്ടാണ് ഓരോ നിശ്ചിതസമയക്രമത്തെയും ”കാലം” എന്നു ചേര്‍ത്തുവിളിക്കുന്നത്.

മിശിഹായുടെ രക്ഷാകരസംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്‍പതു കാലങ്ങളായി ഇതു ക്രമപ്പെടുത്തിയിരിക്കുന്നു. കാലികചക്രത്തോട് വിശുദ്ധരുടെ തിരുനാളുകള്‍ ചേര്‍ത്ത് ആരാധനക്രമത്തെ സമ്പുഷ്ടമാക്കുന്ന രീതിയാണ് പൗരസ്ത്യസഭകള്‍ക്കുള്ളത്. സുറിയാനി ഭാഷയിൽ സുബാറ(ܕܣܘܼܒܵܪܵܐ) എന്നാണ് മംഗളവാർത്തക്കാലം അറിയപ്പെടുന്നത്.

‘അറിയിക്കുക’, ‘പ്രഖ്യാപിക്കുക’ എന്നൊക്കെയാണ് ഈ വാക്കിനർത്ഥം.മിശിഹായുടെ ജനനം ഗബ്രിയേൽ മാലാഖ മറിയത്തെ അറിയിക്കുന്ന ബൈബിൾ ഭാഗമാണ് മംഗളവാർത്തക്കാലത്തിന്റെ അടിസ്ഥാനം.

അതോടൊപ്പം തന്നെ സ്നാപക യോഹന്നാന്റെ ജനനത്തെ കുറിച്ചുള്ള മുന്നറിയിപ്പ്, സ്നാപകയോഹന്നാന്റെ ജനനം, മിശിഹായുടെ ജനനം, എന്നിവയും ഈ കാലഘട്ടത്തിൽ അനുസ്മരിക്കുന്നു. രക്ഷാകര ചരിത്രത്തിൽ യേശുവിന്റെ മാതാവായ മറിയത്തിനുള്ള പങ്കും ഈ കാലത്ത് അനുസ്മരിക്കുന്നു.

മംഗളവാർത്തക്കാലത്ത് സീറോമലബാർ ക്രിസ്ത്യാനികൾ അനുഷ്ഠിക്കുന്ന നോമ്പാണ്‌ ഇരുപത്തഞ്ച് നോമ്പ്. ഡിസംബർ 1 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന 25 ദിവസത്തെ നോമ്പ് ആയതിനാൽ ഇതിനെ ഇരുപത്തഞ്ച് നോമ്പ് എന്ന് വിളിക്കുന്നു.

മംഗളവാർത്തക്കാലത്തെ പ്രധാന ദിനങ്ങൾ താഴെ പറയുന്നവയാണ്:

മർത്ത് മറിയത്തിന്റെ അമലോൽഭവ തിരുനാൾ, പരിശുദ്ധ യൽദാ തിരുനാൾ (ക്രിസ്തുമസ്), ഈശോയുടെ നാമകരണം തിരുനാൾ, പരിശുദ്ധ മറിയത്തിന്റെ ദൈവ മാതൃത്വതിരുനാൾ.